ബിജെപിയെ തകര്‍ത്ത് ദീദിയും സ്റ്റാലിനും പിണറായിയും; ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി സൂചനയോ!

By Web TeamFirst Published May 2, 2021, 11:40 PM IST
Highlights

കേരളവും തമിഴ്നാടും ബംഗാളും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഒരേയൊരു സീറ്റ് പോലും തിരിച്ചെടുത്തുകൊണ്ട് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച് കേരളം ശക്തമായ ബിജെപി വിരുദ്ധ വികാരമാണ് പ്രകടമാക്കിയത്. പരസ്യമായി ബിജെപി രാഷ്ട്രീയത്തെ വെല്ലുവിളിച്ച് പ്രചാരണം നടത്തിയ ഡിഎംകെ മുന്നണിയുടെ വമ്പിച്ച വിജയമാണ് തമിഴ്നാട്ടില്‍ കാണാനായത്. ഇക്കൂട്ടത്തില്‍ രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് ബംഗാളിലെ തൃണമൂല്‍ വിജയമാണ്
 

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന് കേള്‍ക്കുന്നതിനിടയിലാണ് കേരളം, തമിഴ്നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടുള്ളത്. ഇതില്‍ കേരളവും തമിഴ്നാടും ബംഗാളും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഒരേയൊരു സീറ്റ് പോലും തിരിച്ചെടുത്തുകൊണ്ട് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച് കേരളം ശക്തമായ ബിജെപി വിരുദ്ധ വികാരമാണ് പ്രകടമാക്കിയത്. പരസ്യമായി ബിജെപി രാഷ്ട്രീയത്തെ വെല്ലുവിളിച്ച് പ്രചാരണം നടത്തിയ ഡിഎംകെ മുന്നണിയുടെ വമ്പിച്ച വിജയമാണ് തമിഴ്നാട്ടില്‍ കാണാനായത്.

ഇക്കൂട്ടത്തില്‍ രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് ബംഗാളിലെ തൃണമൂല്‍ വിജയമാണ്. നരേന്ദ്ര മോദിയും അമിത്ഷായുമടക്കമുള്ള ദേശീയനേതാക്കളെല്ലാം ബിജെപിക്ക് വേണ്ടി അരയും തലയും മുറുക്കി ബംഗാളില്‍ പ്രചാരണത്തിനിറങ്ങിയിട്ടും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ മഹാവിജയം കരസ്ഥമാക്കിയത് ദേശീയരാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള സൂചനയായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

കേരളത്തില്‍ പിണറായി വിജയനും, തമിഴ് നാട്ടില്‍ സ്റ്റാലിനും, ബംഗാളില്‍ മമതയും ബിജെപിയെ അതിശക്തമായി പരസ്യമായി എതിര്‍ത്തുനിന്ന നേതാക്കളാണ്. നിരവധി ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചതായി നമുക്ക് കാണാനാകും. ഇതില്‍ ഏറ്റവും ഒടുവിലത്തേത് മാത്രമാണ് കൊവിഡ് പ്രതിസന്ധി. വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇന്നത്തെ സാഹചര്യമല്ലായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതിന് ശേഷം മാത്രമാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയും കേന്ദ്രം വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തത്.

 

 

അതിന് മുമ്പേ തന്നെ രാജ്യം കണ്ട ചരിത്രപരമായ പ്രതിഷേധങ്ങള്‍ ബിജെപിക്കെതിരായി നടന്നിരുന്നു. കര്‍ഷകസമരവും പൗരത്വ ഭേദഗതി നിയമവുമായിരുന്നു ഇതില്‍ എടുത്തുപറയേണ്ട രണ്ട് പ്രതിഷേധങ്ങള്‍. ലക്ഷക്കണക്കിന് മനുഷ്യരാണ് ഈ രണ്ട് സമരങ്ങളിലും ബിജെപി സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. ബിജെപി ഒഴികെ മറ്റെല്ലാം രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടായി ഈ സമരങ്ങള്‍ക്കൊപ്പം നിന്നു എന്നതും ശ്രദ്ധേയമാണ്. പിണറായിയും, സ്റ്റാലിനും, മമതയും ഒരേ സ്വരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ്. കര്‍ഷകസമരത്തിന്റെ കാര്യത്തിലും സമാനമായ നിലപാട് തന്നെയായിരുന്നു ഇവര്‍ കൈക്കൊണ്ടത്.  

കേരളത്തിലേക്ക് വന്നാല്‍ ബിജെപിക്കെതിരെ ഇത്രമാത്രം വിദ്വേഷം ബലപ്പെടാന്‍ സ്വതന്ത്രമായ കാരണങ്ങള്‍ വേറെയുമുണ്ട്. പ്രളയകാലത്തും, കൊവിഡ് മഹാമാരി ദുരിതം വിതച്ചപ്പോഴും സംസ്ഥാനത്തോട് കേന്ദ്രം കാണിച്ച അവഗണനയാണ് ഇതിലെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍. രാഷ്ട്രീയത്തെക്കാളുപരി, ഭരണപക്ഷം കാണിക്കേണ്ട നീതിയും മര്യാദയും കേന്ദ്രം കേരളത്തോട് കാണിച്ചില്ലെന്ന വാദം അന്നേ ഉയര്‍ന്നിരുന്നു.  

പ്രളയത്തെ തുടര്‍ന്ന് കേരളം എണ്ണമറ്റ പ്രതിസന്ധികള്‍ നേരിടുമ്പോഴും നല്‍കിയ സഹായത്തിന് പോലും കേന്ദ്രം തിരിച്ച് പ്രതിഫലം ചോദിക്കുകയാണുണ്ടായത്. ഇതിന് പുറമേയാണ് പ്രാദേശിക നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍. ശബരിമലയായിരുന്നു കേരളത്തില്‍ പ്രധാന പ്രചാരണവിഷയമായി ബിജെപി കൊണ്ടുനടന്നിരുന്നത്.  കൊവിഡ് അടക്കമുള്ള വിഷയങ്ങളില്‍ തീര്‍ത്തും അശാസ്ത്രീയമായ പരാമര്‍ശങ്ങള്‍ നടത്തി ദേശീയനേതാക്കളും കേരളത്തില്‍ ബിജെപിയോടുള്ള പരിഹാസമനോഭാവത്തെ വളര്‍ത്തിയിരുന്നു. ഇതിനിടെ പെട്രോള്‍ വില വര്‍ധനവും സാധാരണക്കാരെ മറിച്ചുചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.

 

 

തമിഴ്നാട്ടില്‍ ബിജെപി അനുകൂല നിലപാടുകളെടുത്ത് തുടരെത്തുടരെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന എഐഎഡിഎംകെ സര്‍ക്കാരിനോടുള്ള ചുട്ട മറുപടി എന്ന നിലയ്ക്കാണ് എതിര്‍ചേരിയായ ഡിഎംകെ മുന്നണിയുടെ വിജയം. തമിഴ് രാഷ്ട്രീയത്തിലെ പ്രബല സാന്നിധ്യങ്ങളായിരുന്ന കരുണാനിധിയുടെയും ജയലളിതയുടെയും അഭാവത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന വസ്തുതയും ശ്രദ്ധേയമാണ്.

ദ്രാവിഡ രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തുന്ന ഒന്നും തന്നെ ബിജെപിയുടെ പ്രത്യയശാസ്ത്രത്തിലില്ലെന്ന തരത്തിലായിരുന്നു പ്രധാനമായും തമിഴ് മണ്ണില്‍ നിന്ന് ബിജെപിക്കെതിരായി വന്ന ജനകീയ പ്രതിഷേധങ്ങളുടെ സത്ത. ഇതേ മുദ്രാവാക്യത്തെ ആവര്‍ത്തിക്കുകയാണ് ഡിഎംകെ ചെയ്തത്. മുന്നും പിന്നും നോക്കാതെ ബിജെപി രാഷ്ട്രീയത്തെ ചോദ്യം ചെയ്ത സിനിമാതാരങ്ങളും തമിഴരുടെ മാനവികരാഷ്ട്രീയത്തെ ദേശീയതലത്തില്‍ പലവട്ടം ചര്‍ച്ചയിലാക്കിയിരുന്നു. എന്തായാലും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിക്കൊണ്ട് മാന്യമായ മറുപടി ഡിഎംകെ ചോദിച്ചിരിക്കുന്നു എന്ന് വിലയിരുത്താം.

ബംഗാളിലേക്ക് വന്നാല്‍, ബംഗാളിന്റെ ഫലത്തിന് വേണ്ടി ആകാംക്ഷയോടെയാണ് രാജ്യം കാത്തിരുന്നതെന്ന് പറയാം. ബിജെപിയെ തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ ദീദി സ്വന്തം പരാജയത്തെ കുറിച്ച് പോലും ആശങ്കപ്പെടാതെയാണ് തന്റേടത്തോടെ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിക്കെതിരെ മത്സരിച്ചത്. കഴിഞ്ഞ തവണ 81,000 വോട്ടുകള്‍ക്ക് വിജയിച്ച സുവേന്ദു അധികാരിയെ വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ ശക്തികേന്ദ്രത്തില്‍ ചെന്ന് മത്സരിച്ചതോടെ തന്നെ മമത ദേശീയ രാഷ്ട്രീയ ചരിത്രത്തിലെ അതിശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു.

 

 

മോദിയും അമിത് ഷായും നദ്ദയും അടക്കമുള്ള നേതാക്കള്‍ ദിവസങ്ങളും ആഴ്ചകളും നീണ്ട പ്രചാരണപരിപാടികളാണ് ബംഗാളില്‍ നടത്തിയത്. വോട്ടെടുപ്പ് ദിവസങ്ങളില്‍ പോലും സംസ്ഥാനത്ത് സംഘര്‍ഷങ്ങളുണ്ടായി.
81,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പകരം 1622 വോട്ടുകള്‍ക്കാണ് ഇക്കുറി സുവേന്ദു അധികാരി മമതയെ തോല്‍പിച്ചിരിക്കുന്നത്. ആ തോല്‍വി താന്‍ അംഗീകരിക്കുന്നുവെന്ന് തുറന്നുസമ്മതിച്ച മമത ഒറ്റക്ക് നിന്ന് ഒരു സംസ്ഥാനത്തിന് വേണ്ടി ആകെയും പടനടയിച്ച 'ധീരവനിത'യെന്ന പട്ടമാണ് നേടിയിരിക്കുന്നത്. ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കെല്ലാം കൃത്യമായ പ്രാതിനിധ്യം നല്‍കിയ മമതയുടെ മാനവികതയും ധാര്‍മ്മികതയും വേറെത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ദീദിയുടെ വിജയമാണ് ബംഗാളിന്റെ വിജയമെന്ന് ലക്ഷങ്ങളെക്കൊണ്ട് പറയിക്കാനായി എന്നത് തന്നെ മമതയ്ക്ക് ഏറ്റവും വലിയ നേട്ടമാകുന്നു.

Also Read:- ഇഎംഎസിനും നായനാര്‍ക്കും വിഎസിനും സാധിക്കാത്തത്; ഇത് പിണറായി വിജയം!...

click me!