
കേരളത്തില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഒരു ഉപതെരഞ്ഞെടുപ്പും നടന്നിരുന്നു. വാര്‍ത്തകളിലും ബഹളങ്ങളിലും ഒന്നും അധികം ഇടംപിടിക്കാതെ നടന്ന ആ ഉപതിരഞ്ഞെടുപ്പില്‍ വാഗ്മിയായ ഒരു മനുഷ്യന്‍ നിശബ്‍ദമായി ജയിച്ചു കയറിയിട്ടുണ്ട്. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് എം പി അബ്ദുസമദ് സമദാനി.
പി കെ കുഞ്ഞാലിക്കുട്ടി രാജി വച്ച ഒഴിവിലേക്കാണ് സമദാനി ലീഗിനു വേണ്ടി പോരിനിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ലീഗിനൊപ്പം മല പോലെ ഉറച്ചതാണ് മലപ്പുറം ലോക്സഭാ മണ്ഡലം എന്ന് സമദാനിയും തെളിയിച്ചിരിക്കുന്നു. 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സമദാനി ലീഗിന്റെ വിജയ ചരിത്രം ആവര്‍ത്തിച്ചത്. സമദാനിക്ക് 5,38,248 വോട്ടുകളും മുഖ്യ എതിരാളിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എസ്എഫ്ഐ ദേശീയ പ്രസിഡണ്ട് വി പി സാനുവിന് 4,23,633 വോട്ടുകളും ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എപി അബ്ദുള്ളക്കുട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 58,935 വോട്ടുകളാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത്.
മുന്‍കാലങ്ങളില്‍ യുഡിഎഫിനു വേണ്ടി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയിരുന്ന മണ്ഡലമാണ് മലപ്പുറം. ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലപ്പുറം ലോകസഭാ മണ്ഡലം 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിലാണ് രൂപീകൃതമാകുന്നത്. അന്നുമുതല്‍ ഇ അഹമ്മദ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എംഎല്‍എ സ്ഥാനം രാജി വച്ച് പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതും 171038 വോട്ടുകള്‍ക്ക് വിജയിക്കുന്നതും. 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പിനായി കുഞ്ഞാലിക്കുട്ടി വീണ്ടും രാജി വച്ചതോടെയാണ് സമദാനിക്ക് നറുക്ക് വീഴുന്നത്.
ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ തുടങ്ങിയ മേഖലകളിലൊക്കെ ശ്രദ്ധേയ സാനിധ്യമാണ് അബ്ദുസമദ് സമാദനി. ബഹുഭാഷാപണ്ഡിതന്‍ എം പി അബ്ദുല്‍ ഹമീദ് ഹൈദരിയുടെയും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ കുടുംബ പരമ്പരയിലെ ഒറ്റകത്ത് സൈനബയുടെയും മകനായി 1959-ല്‍ ജനനം. കുട്ടിക്കാലം മുതല്‍ പ്രസംഗവേദികളില്‍ തിളങ്ങുന്ന പ്രകടനങ്ങള്‍.
1994- 2000, 2000-2006 എന്നീ കാലത്ത് രണ്ടു തവണ രാജ്യസഭാംഗം ആയിരുന്നു സമദാനി. 2011- 2016 കാലത്ത് കോട്ടയ്ക്കല്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനറായും കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും സമദാനി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. സൗദി അറേബിയയിലേക്കും ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങളില്‍ അംഗമായിരുന്നു. എം ടി വാസുദേവന്‍ നായര്‍ 'വശ്യവചസ്' എന്നു വിളിച്ച സമദാനിയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.