ചരിത്രം കുറിക്കാൻ രാഹുൽ; വികസനം കാത്ത് വയനാട്, ചുരം കയറി ദേശീയ രാഷ്ട്രീയം

By Web TeamFirst Published Mar 31, 2019, 4:03 PM IST
Highlights

ഭാവി പ്രധാനമന്ത്രിയെ ജയിപ്പിക്കുന്നത് വയനാടാകുമോ ?ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാടിന്‍റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാഹുലുണ്ടാകുമോ ?

രാഹുൽ വരുമോ ? വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകുമോ? കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ചര്‍ച്ച ചെയ്ത ചോദ്യമായിരന്നു. ഉത്തരം ആര്‍ക്കുമുണ്ടായിരുന്നില്ല, ചിരിച്ച് തള്ളി രാഹുൽ സമയമായിട്ടില്ലെന്ന് ഹൈക്കമാന്‍റ് , ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ഒടുവിൽ ആ ഉത്തരം കിട്ടിയിരിക്കുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. 

കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലേക്ക് മത്സരിക്കാനെത്തിയതോടെ ഇന്ത്യയിലെ തന്നെ വിവിഐപി മണ്ഡലമായി മാറി വയനാട്. ആവേശത്തോടെയാണ് കോൺഗ്രസ് അണികളും നേതാക്കളും യുഡിഎഫ് പ്രവര്‍ത്തകരുമെല്ലാം വാര്‍ത്തയെ വരവേൽക്കുന്നത്. തമിഴ്നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തുന്പോൾ ദക്ഷിണേന്ത്യയിലാകെ രാഹുൽ തരംഗം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ കോൺഗ്രസ് നേതൃത്വം. 

സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അനിശ്ചതമായി നീണ്ടതോടെ ആകെ അങ്കലാപ്പിലായ യുഡിഎഫ് നേതൃത്വം വയനാട്ടിലെ പ്രചാരണം പോലും നിര്‍ത്തി വച്ചിരുന്നു. പ്രഖാപനം വന്നതോടെ ആ അവസ്ഥയും മാറി. തെരഞ്ഞെടുപ്പ് കമ്മിറ്റികൾ യുധകാലാടിസ്ഥാനത്തിൽ പ്രവര്‍ത്തന സജ്ജമായി. 

എങ്ങനെയാണ് രാഹുൽ വയനാട്ടിലേക്കെത്തിയത് ?

ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടണമെന്ന്  നേരത്തെ ധാരണയുണ്ടായിരുന്നു. കര്‍ണാടകയും തമിഴ്നാടും ആവശ്യപ്പെട്ട സ്ഥിതിക്ക് കേരളം ആവശ്യം ഉന്നയിക്കണമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന് കേന്ദ്രത്തിൽ നിന്നെത്തിയ സന്ദേശം. കേട്ടപാതി കേൾക്കാത്ത പാതി കേരള നേതാക്കൾ ഏറ്റുപിടിച്ചു. 
രാഹുൽ ഗന്ധി കേരളത്തിൽ മത്സരിക്കാൻ വരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടിയാണ്. ഒരു പടികൂടി കടന്ന് സ്ഥാനാര്‍ത്ഥിത്വം രാഹുൽ ഗാന്ധി അംഗീകരിച്ചെന്നും ഇന്ന് തന്നെ തീരുമാനിക്കുമെന്നും പറഞ്ഞുകളഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്നാലെ ഇടുക്കിയിലെ പാര്‍ട്ടിയോഗത്തിൽ ഉമ്മൻചാണ്ടി അതിന് അടിവരയിടുകയും അന്തിമ പ്രഖ്യാപനം തന്‍റെ വാര്‍ത്താസമ്മേളനത്തിൽ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി സ്ഥിരീകരിക്കുകയും ചെയ്തതോടെ രാഹുലിന്‍റെ വരവ് ഉൾക്കെള്ളാൻ രാഷ്ട്രീയ കേരളം സജ്ജമായി. 

അണികളാകെ ആവേശത്തിൽ. ഒന്നിന് പിന്നാലെ ഒന്നായി പ്രതികരണങ്ങളെത്തി. വയനാട്ടിലെ പ്രചാരണ ചൂടിലേക്ക് എടുത്തു ചാടിയ ടി സിദ്ദിഖ് പെട്ടെന്ന് കരയ്ക്ക് കയറി കോൺഗ്രസ് അധ്യക്ഷനെ വരേറ്റു. വയനാട്ടിലെ യുഡിഎഫ്  കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുക്കത്തേക്ക് പുറപ്പെട്ട പാണക്കാട് തങ്ങൾ എന്നാലിനി രാഹുൽ വന്നിട്ട് മതിയെന്ന മട്ടിൽ പകുതി വഴി പോയി തിരിച്ച് പോന്നു. 

വയനാട്ടിൽ രാഹുലെങ്കിൽ കേരളത്തിൽ ഇരുപതിൽ ഇരുപതു സീറ്റുമെന്ന് കോൺഗ്രസ് അവകാശവാദം. ഒപ്പം കര്‍ണാടകയിലും തമിഴ്നാട്ടിലും  അടക്കം നേടാവുന്ന അധിക സീറ്റുകളും. ദക്ഷിണേന്ത്യയിൽ നിന്ന് ഇത്തവണ രാഹുൽ തരംഗം ആഞ്ഞടിക്കുമെന്ന് വിശ്വസിച്ച അണികളുടെ ആവേശത്തിന്  നിമിഷങ്ങളും മണിക്കൂറുളും ദിവസങ്ങളും പിന്നിട്ടിട്ടും പക്ഷെ ദില്ലിയിൽ നിന്ന് മറുപടി ഉണ്ടായില്ല. 

ആവേശം അനിശ്ചിതത്വത്തിന് വഴിമാറിയതും ആത്മവിശ്വാസം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമായി ചുരുങ്ങിയതുമൊക്കെ വളരെ പെട്ടെന്നാണ്.  സ്ഥാനാര്‍ത്ഥിയാരെന്ന് അറിയാത്ത വയനാട്ടിൽ യുഡിഎഫ് പ്രചാരണം നിര്‍ത്തി.  വയനാട്ടിൽ മാത്രമല്ല സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കാത്ത വടകരയിലേക്കും അവിടവും പിന്നിട്ട്  കേരളത്തിലെ യുഡിഎഫ് ക്യാന്പിലൊന്നാകെയും ആ മൂകത പ്രതിഫലിക്കുകയും ചെയ്തു. 

രാഹുൽ വരുന്നതിൽ വലിയ നീരസം സിപിഎമ്മിനുണ്ടായിരുന്നു. രാഹുൽ ആര്‍ക്കെതിരെയാണ് മത്സരിക്കേണ്ടതെന്ന് ചോദിച്ച പിണറായി വിജയനാണ് കോൺഗ്രസ് അധ്യക്ഷന്റെ കേരള സ്ഥാനാര്‍ത്ഥിത്വം ദേശീയരാഷ്ട്രീയ ചര്‍ച്ചയാക്കിയത്.  മോദി വിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ വികാരത്തിന് വിരുദ്ധമായി ഇടത്പക്ഷത്തോട് അങ്കത്തിനിറങ്ങുന്നതിൽ സിപിഎം രാഹുലിനെതിരെ സ്വരം കടുപ്പിച്ചു ഒപ്പം സീതാറാം യച്ചൂരി രാഹുലിനെ  അതൃപ്തി അറിയിക്കുകയും ചെയ്തു. പി സി ചാക്കോയെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇതേ ആശങ്ക രാഹുലിനെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് ദേശീയ രാഷ്ട്രീയതാൽപര്യവും, സുരക്ഷിതമായ ദക്ഷിണേന്ത്യൻ മണ്ഡലവുമെന്ന ചിന്ത ഒരേസമയം വിലയിരുത്തി തീരുമാനമെടുക്കാൻ താമസം നേരിട്ടതും.

അമേഠിയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രചാരണം ശക്തമാക്കിയാണ് രാഹുൽ ഗാന്ധിയുടെ വയനാടൻ സ്ഥാനാര്‍ത്ഥിത്വ തീരുമാനത്തെ ബിജെപി നേരിട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉറപ്പായ സീറ്റ് പോലും ലഭിക്കില്ലെന്ന കളിയാക്കലിനുള്ള മറുപടി കൂടിയായാണ് എഐസിസി നേതൃത്വം രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് സ്ഥാനാര്‍ത്ഥിയാക്കുന്നത്. 

രാഹുൽ വന്നു, യുഡിഎഫ് ഉണര്‍ന്നു

രാഹുൽ ഗാന്ധിയുടെ വരവിൽ തീരുമാനം ആയതോടെ വലിയ ആവേശത്തിലാണ് യുഡിഎഫ് ക്യാന്പ്. വടക്കൻ കേരളത്തിൽ രാഹുലിന്‍റെ വരവ് ഇടത് ശക്തികേന്ദ്രങ്ങളെ പോലും പിടിച്ച് കുലുക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ.  ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കര്‍ണാടകയിലും തമിഴ്നാട്ടിലും അടക്കം ചുരുങ്ങിയത് 125 സീറ്റിലെങ്കിലും രാഹുൽ തരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയും കോൺഗ്രസ് പങ്കുവക്കുന്നുണ്ട്. 

വയനാടിന്‍റെ ചരിത്രം

വയനാട് മലപ്പുറം കോഴിക്കോട് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലം. വയനാട്ടിലെ കൽപ്പറ്റയും മാനന്തവാടിയും ബത്തേരിയും , മലപ്പുറത്തെ നിലന്പൂരും ഏറനാടും വണ്ടൂരും , കോഴിക്കോട്ടെ തിരുവന്പാടിയുമാണ് നിയമസഭാ മണ്ഡലങ്ങൾ. നാളിത് വരെ കണ്ടത് രണ്ട് തെരഞ്ഞെടുപ്പ് മാത്രം. 2009 ൽ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസ് നേടിയത് 1,53,439 വോട്ടിന്റെ ഭൂരിപക്ഷം,2014 ൽ അത് 20,870 ആയി ചുരുങ്ങി. 

13,25,788 വോട്ടര്‍മാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. 6,55,786 പുരുഷൻമാരും 6,70,002 സ്ത്രീകളും പട്ടികയിൽ. മലയും വയലും അതിരിടുന്ന വയനാടിന്റെ വികസനം തന്നെയാണ് പ്രധാന ചര്‍ച്ച. അമേഠിയൊപ്പം വയനാട്ടിൽ കൂടി മത്സരിക്കുന്നു എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. ഭാവി പ്രധാനമന്ത്രിയെ ജയിപ്പിക്കുന്നത് വയനാടാകുമോ ?ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാഹുലുണ്ടാകുമോ ? സ്വാഭാവികമായും ചോദ്യങ്ങൾ അനവധിയാണ്. 

click me!