വനിതാ മന്ത്രിമാരെ വിരലില്‍ എണ്ണാം, 200 കവിഞ്ഞ് പുരുഷ മന്ത്രിമാര്‍!

By Web TeamFirst Published Mar 8, 2021, 9:37 AM IST
Highlights

ആറരപ്പതിറ്റാണ്ടിനിടെ മന്ത്രിക്കസേരയില്‍ എത്തിയത് 201 പുരുഷന്മാര്‍. എന്നാല്‍ ഈ കാലയളവില്‍ മന്ത്രിമാരായത് വെറും എട്ടു സ്‍ത്രീകള്‍ മാത്രം

ആറരപ്പതിറ്റാണ്ട് പഴക്കമുള്ള കേരള നിയമസഭയില്‍ ഇതുവരെ മന്ത്രിമാരായത് കേവലം എട്ടുവനിതകള്‍. കൊച്ചുകുട്ടികള്‍ക്കു പോലും അനായാസേന വിരലില്‍ എണ്ണിയെടുക്കാവുന്ന ഈ 'നേട്ടം' പലകാല വനിതാദിനങ്ങളിലും ചര്‍ച്ചയാകുന്നു, മറക്കുന്നു. എന്നാല്‍ ഈ വനിതാദിനത്തില്‍ ഈ ചര്‍ച്ചയുടെ ചൂടിത്തിരി കൂടിയേക്കും. കാരണം തെരെഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തൊട്ടുമുന്നിലുണ്ട് എന്നതുതന്നെ. 

ചട്ടക്കൂടുകളെ കാറ്റില്‍പ്പറത്തി പ്രതിബന്ധങ്ങള്‍ തരണം ചെയ്‍ത് എല്ലാ മേഖലകളിലേക്കും സ്ത്രീകള്‍ പ്രവേശിക്കണമെന്ന് ഘോരഘോരം പ്രസംഗിക്കുന്ന പുരോഗമനവാദികളായ ഇടതുവലത് രാഷ്ട്രീയ പാര്‍ട്ടികള്‍പ്പോലും ഇന്നും ഇക്കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതാണ് ഏറെ കൌതുകകരം. 1957 ലെ ഇം.എം.എസ് മന്ത്രിസഭ മുതല്‍ 2016 ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ വരെ കേരളം കണ്ടത് ആകെ എട്ട് വനിതാ മന്ത്രിമാരെ മാത്രമാണ് എന്നതുതന്നെ അതിനുള്ള തെളിവ്. 

1957 ല്‍ അധികാരമേറ്റ ഇഎംഎസ് മന്ത്രിസഭയിലൂടെ ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി കെ ആര്‍ ഗൗരിയമ്മ ചരിത്രത്തില്‍ ഇടം നേടി. റവന്യൂ എക്‌സൈസ് വകുപ്പായിരുന്നു ഗൗരിയമ്മയ്ക്ക് ലഭിച്ചത്. ഗൗരിയമ്മ റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് ചരിത്ര പ്രധാനമായ 1957ലെ ഭൂപരിഷ്‌കരണ നിയമം, ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവയുടെ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും നടപ്പില്‍ വരുത്തിയതും. പിന്നീട് 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളിലും ഗൌരിയമ്മ മന്ത്രിയായി. 1987 ല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായി ആ കസേരയിലെത്തിയ ഇ കെ നായനാര്‍ ചരിത്രമാകുമായിരുന്ന ആ വനിതാ സാനിധ്യസാധ്യതയെ തല്ലിക്കെടുത്തി. ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും’ എന്ന മുദ്രാവാക്യം മാത്രം ചരിത്രത്തിന്‍റെ അവശേഷിപ്പായി. 

കോണ്‍ഗ്രസിലെ എം കമലമാണ് ഗൗരിയമ്മയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ സ്‍ത്രീ. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച എം കമലം 1980 ലും 1982 ലും കേരള നിയമസഭയിസല്‍ എത്തി. 1982 മുതല്‍ 1987 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയുടെതായിരുന്നു ചുമതല. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു കമലത്തിന്‍റെ വരവ്. 

എം ടി പത്മയാണ് കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിത. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പത്മ രണ്ട് തവണയാണ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായത്. 1991 ലും 1995 ലും എം ടി പത്മ മന്ത്രിസ്ഥാനത്തെത്തി.

സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ നാലാമത്തെ വനിതാ മന്ത്രിയെന്ന ഭാഗ്യം സിദ്ദിച്ചത് സുശീല ഗോപാലനാണ്.  1996 ലെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു സുശീല ഗോപാലന്‍. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീല ഗോപാലന്റെ പേരും ഉയര്‍ന്നിരുന്നു. പക്ഷേ ഒടുവില്‍ വീണ്ടും 1987ലെ അതേ ട്വിസ്റ്റ് ആവര്‍ത്തിച്ചു. ഇ കെ നായനാര്‍ ഇത്തവണയും ആ കസേരയില്‍ എത്തി. 

2006 ലെ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലും 2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ഓരോ വനിതാ മന്ത്രിമാര്‍ ഉണ്ടായിരുന്നു. 2001 ലും 2006 ലും പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ പി കെ ശ്രീമതി ആയിരുന്നു 2006 ല്‍ വി എസ് മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രി. അങ്ങനെ കേരള മന്ത്രിസഭയില്‍ അംഗമായ അഞ്ചാമത്തെ വനിതാ മന്ത്രിയായി മാറി പി കെ ശ്രീമതി. 

2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പി കെ ജയലക്ഷ്മിയാണ് കേരള മന്ത്രിസഭയില്‍ അംഗമായ ആറാമത്തെ വനിതാ മന്ത്രി. കേരളത്തിന്റെ ചരിത്രത്തില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ മന്ത്രി കൂടിയായ ജയലക്ഷ്‍മിക്ക് പിന്നോക്കവിഭാഗ ക്ഷേമ വകുപ്പാണ് ലഭിച്ചത്. മാനന്തവാടിയില്‍ നിന്ന് നിയമസഭയിലെത്തിയ ജയലക്ഷ്‍മി.

പടിയിറങ്ങുന്ന പിണറായി വിജയന്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ അല്‍പ്പം ഭേദമാണ്. വനിതകളുടെ എണ്ണം രണ്ടക്കംതൊട്ടു എന്ന അദ്ഭുതം സംഭവിച്ചു പതിനാലാം നിയമസഭയിലെ ഈ മന്ത്രിസഭയില്‍. അങ്ങനെ സംസ്ഥാനത്ത് ആദ്യമായി രണ്ടു വനിതകള്‍ ഒരുിച്ച് മന്ത്രിസഭയിലെത്തി. കൂത്തുപറമ്പില്‍ നിന്നും സിപിഎം പ്രതിനിധിയായി നിയമസഭയിലെത്തിയ കെ.കെ ശൈലജ , കുണ്ടറയില്‍ നിന്നും ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍. ശൈലജ ആരോഗ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയുമാണ്. 

എന്നാല്‍ കേരളത്തിന്റെ 14-ാം നിയമസഭയിലുള്ള വനിതകളുടെ പ്രാതിനിധ്യവും വളരെ കുറവാണെന്നത് മറ്റൊരു കൌതുകം. 140 അംഗ കേരള നിയമസഭയില്‍  ആകെയുള്ളത് ഒമ്പത് സ്‍ത്രീകള്‍. ആദ്യമെത്തിയ എട്ടുപേരും ഇടതുമുന്നണിയില്‍ നിന്നാണ്. അരൂരിലെ ഉപതെരെഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്‍മാന്‍ കൂടി എത്തിയതോടെ കോമ്‍ഗ്രസിനു ഒരു വനിതയായി. 

ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ആകെ രണ്ടായിരത്തില്‍ അധികം എംഎല്‍എമാരാണ്. ഇതില്‍ സ്ത്രീകളുടെ എണ്ണമാകട്ടെ വെറും 91 മാത്രം! ഇനി ഈ ആറരപ്പതിറ്റാണ്ടിനിടെ മന്ത്രിക്കസേരയിലെത്തിയ ആകെ പുരുഷന്മാരുടെ എണ്ണം എത്രയെന്നറിയുമോ? വിരലില്‍ എണ്ണിയാല്‍ കൂടില്ല. 201 ആണ് ആ മാന്ത്രിക സംഖ്യ ! ആകെ 14 നിയമസഭകളിലും കൂടി 22 മന്ത്രിസഭകളാണ് കേരളത്തില്‍ ഇതുവരെ അധികാരത്തില്‍ എത്തിയത്. ഇതില്‍ ഒന്‍പത് മന്ത്രിസഭകളില്‍ വനിതകള്‍ 'സംപൂജ്യരായിരുന്നു' എന്നുകൂടി അറിയുക!

എല്ലാ വനിതാദിനങ്ങളിലെയും പോലെ ഈ വനിതാ ദിനത്തിലും കേരളത്തിലെ വനിതകള്‍ പരസ്‍പം ചോദിക്കുന്ന ഒരു സുപ്രധാന ചോദ്യമുണ്ട്. പുരുഷന്മാരേക്കാള്‍ എട്ടുലക്ഷത്തോളം വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ള, അനവധി നിരവധി സ്‍ത്രീ പോരാട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ വേദിയായ ഈ മണ്ണ് എന്നാണ് ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുക?
 

click me!