ലോക്ക്ഡൗൺ സമയത്ത് വരച്ച് തുടങ്ങി, പതിനാലുകാരിയുടെ ചിത്രങ്ങൾ സ്വന്തമാക്കാൻ നൽകുന്നത് ലക്ഷങ്ങൾ

By Web TeamFirst Published Oct 17, 2021, 10:13 AM IST
Highlights

മാക്കൻസിയുടെ ഏറ്റവും പുതിയ ചിത്രം അവളുടെ മുത്തച്ഛനായ ബെർണാഡ് ഡേവിസിന്റെതാണ്. നിലവിൽ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആറ് വര്‍ക്കുകളില്‍ ഒന്നാണിത്, ഉടൻ തന്നെ ശേഖരത്തിലേക്ക് കുറച്ച് ഭാഗങ്ങൾ കൂടി ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

സ്വാന്‍സിയയില്‍(Swansea) നിന്നുമുള്ളൊരു പതിനാലുകാരി ലോക്ക്ഡൗണ്‍ സമയത്ത് വരക്കാന്‍ തുടങ്ങിയതാണ്. എന്നാൽ, ലക്ഷക്കണക്കിന് രൂപയാണ് ഇന്ന് അവളുടെ ചിത്രങ്ങള്‍ക്ക് വാഗ്ദ്ധാനം ചെയ്യപ്പെടുന്നത്. 14 വയസ്സുള്ള മാക്കൻസി ബിയേർഡിന്‍റെ(Makenzy Beard) പോര്‍ട്രെയ്റ്റ് പെയിന്‍റിംഗുകള്‍ കാർഡിഫിലെ ഒരു ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ അത് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. 

അവളുടെ അയല്‍ക്കാരനും കൃഷിക്കാരനുമായ ജോണ്‍ ടുക്കര്‍ എന്നയാളുടെ ചിത്രം അവള്‍ വരച്ചത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലായി മാറി. തൽക്കാലം ചിത്രരചന ഒരു ഹോബിയായി മാത്രമേ തുടരാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് മാക്കൻസി പറഞ്ഞു. 

മിഡിൽ ഈസ്റ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ എന്നിവിടങ്ങളിലെ കലാപ്രേമികൾ അവളുടെ ചിത്രങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാർഡിഫ് ബേയിലെ ബ്ലാക്ക്‌വാട്ടർ ഗാലറി പറഞ്ഞു, മക്കെൻസിയുടെ മൂന്ന് ചിത്രങ്ങള്‍ ഇതിനകം വിറ്റുപോയി. ഒരാൾ 10,000 പൗണ്ടാണ് അതിന് (10,31,355.32) വാഗ്ദാനം ചെയ്തത്. 

ഇതുപോലെ അവള്‍ വര തുടരുകയാണ് എങ്കില്‍ വരും കാലത്ത് അവളുടെ ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ കിട്ടുമെന്ന് ഗാലറി വിശ്വസിക്കുന്നു. ബ്ലാക്ക്‌വാട്ടർ ഗാലറി ഡയറക്ടർ കിംബർലി ലൂയിസ് പറഞ്ഞു: "ആർക്കും ഒരു നല്ല ഛായാചിത്ര കലാകാരനാകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എന്നാൽ, ഒരു വ്യക്തിയുടെ യഥാർത്ഥ വ്യക്തിത്വവും ആത്മാവും അവരുടെ ചിത്രങ്ങളിലൂടെ കാണിക്കാൻ വളരെയധികം സമയമെടുക്കുമെന്ന് ഞാൻ കരുതുന്നു, മകെൻസി ഇത് മിഴിവോടെ ചെയ്യുന്നു."

മാക്കൻസിയുടെ ഏറ്റവും പുതിയ ചിത്രം അവളുടെ മുത്തച്ഛനായ ബെർണാഡ് ഡേവിസിന്റെതാണ്. നിലവിൽ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആറ് വര്‍ക്കുകളില്‍ ഒന്നാണിത്, ഉടൻ തന്നെ ശേഖരത്തിലേക്ക് കുറച്ച് ഭാഗങ്ങൾ കൂടി ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുത്തച്ഛന്റെ ഛായാചിത്രം അതിന്റെ വൈകാരിക മൂല്യം കാരണം താന്‍ സൂക്ഷിക്കുകയാണെന്ന് അവള്‍ പറഞ്ഞു.

ഇതിന് മുമ്പ് താനിങ്ങനെ വരയ്ക്കുകയോ ഏതെങ്കിലും ഗാലറികളില്‍ ചിത്രപ്രദര്‍ശനം ശ്രദ്ധിച്ചു കാണുകയോ ഒന്നും ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഇതൊരു വലിയ ചുവടുവയ്പ്പാണ് എന്നും അവള്‍ പറയുന്നു. അപ്പോഴും കലയെ ഒരു പ്രധാന വഴിയായി അവള്‍ കാണുന്നില്ല. വരയ്ക്കാന്‍ ഇഷ്ടമുള്ളത് കൊണ്ട് വരയ്ക്കുന്നു. എന്നും ഒരു ഭാഗത്ത് കൂടി അത് തുടരാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ അക്കാദമിക് കാര്യങ്ങളും കൊണ്ടുപോകുമെന്നും അവള്‍ പറയുന്നു. 

click me!