'വർക്ക് ഫ്രം ഹോമി'ന്റെ വിരസതയെ ചുവരിലെ സ്‌കെച്ചുകൾ കൊണ്ട് മറികടന്ന് രാജീവ്...

By Babu RamachandranFirst Published Jul 15, 2020, 1:10 PM IST
Highlights

ആ ചുവരുകൾക്കുള്ളിൽ അലയടിച്ചിരുന്ന ജാസ് സംഗീതം രാജീവിന്റെ ഹൃദയത്തിലും നിറഞ്ഞു നിന്നിരുന്നതിനാൽ, അറിയാതെ ആ കൈകൾ ചുവരിലേക്ക് പകർത്തിയതും ഒരു ജാസ് കൺസേർട്ടിന്റെ ചിത്രം തന്നെയായിരുന്നു. 

മാർച്ച് 25 മുതൽ, ഒരുപക്ഷേ അതിനും മുമ്പുതൊട്ടേ, രാജ്യത്തെ സോഫ്റ്റ് വെയർ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകളിൽ പലരും സ്വന്തം വീടുകളിൽ തളച്ചിടപ്പെട്ടിരിക്കയാണല്ലോ. പലർക്കും ലോക്ക് ഡൗൺ എന്നത് വീട്ടിൽ തന്നെ ചടഞ്ഞുകൂടി ഇരിക്കുന്നതിന്റെ മടുപ്പിക്കുന്ന ഓർമ്മകളാണ് എങ്കിൽ, അങ്ങനെയല്ലാത്ത ചുരുക്കം ചിലരും ഉണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് രാജീവ് ബാലകൃഷ്ണൻ എന്ന ഒറ്റപ്പാലത്തുകാരൻ.

തിരുവനന്തപുരത്ത് 'ഏൺസ്റ്റ് ആൻഡ് യങ്ങ്' എന്ന സോഫ്റ്റ് വെയർ കമ്പനിയിലെ അസോസിയേറ്റ് ഡയറക്ടർ ആയ രാജീവ് ചെറുപ്പം തൊട്ടേ ചിത്രകലയിൽ തത്പരനായിരുന്നു. ലോക്ക് ഡൗണിന്റെ വിരസതയെ അദ്ദേഹം മറികടന്നത്, തന്റെ വീടിന്റെ ചുവരുകളിലേക്ക് അപൂർവ്വസുന്ദരങ്ങളായ സ്‌കെച്ചുകൾ പകർത്തിക്കൊണ്ടാണ്.

 

 

ലോക്ക് ഡൗൺ രണ്ടാം ആഴ്ചയിലേക്ക് കടന്ന മെയ് മാസത്തിലെ ഒരു പകൽ. തന്റെ ജോലിയിൽ മുഴുകി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു രാജീവ്. 'വർക്ക് ഫ്രം ഹോം' എന്ന പുതിയ ചിട്ടയുമായി പൊരുത്തപ്പെടാൻ മനസ്സിനെ പരിശീലിപ്പിച്ചുകൊണ്ടിരുന്ന സമയം. അന്ന് തന്റെ ലാപ്‌ടോപ്പിന് മുന്നിൽ ഇരുന്ന് ക്ലയന്റ്സിന്റെ അന്വേഷണങ്ങൾക്ക് പിന്നാലെ പോവുകയായിരുന്ന രാജീവിന്റെ ശ്രദ്ധയിലേക്ക് നിമിഷാർദ്ധനേരത്തേക്ക് ഒരു കാര്യം കടന്നുവന്നു. തന്റെ മുന്നിൽ കാണുന്ന ചുവർ ശുദ്ധശൂന്യമാണല്ലോ എന്ന സത്യം. എന്നാൽ പിന്നെ ആ ചുവരിന്റെ ശൂന്യത ഒരു ചിത്രം കൊണ്ട് പരിഹരിച്ചിട്ടുതന്നെ കാര്യമെന്നായി അടുത്ത ചിന്ത.

 

 

ആ നിമിഷം രാജീവിന്റെ മുന്നിലെ കപ്പിൽ രണ്ടു നിറത്തിലുള്ള മാർക്കറുകൾ ഉണ്ടായിരുന്നു. ജോലിയുടെ വിരസത അകറ്റാൻ വേണ്ടി പശ്ചാത്തലത്തിൽ ജാസ് സംഗീതവും ശ്രവിച്ചുകൊണ്ടായിരുന്നു രാജീവ് അപ്പോൾ ഇരുന്നത്.  അപ്പോൾ കേട്ടുകൊണ്ടിരുന്നത് ഓസ്ട്രിയയിൽ നിന്നുള്ള ഹോട്ട് ക്ലബ് ദു നാക്സ് എന്ന ബാൻഡിന്റെ ഒരു 'ജിപ്‌സി ജാസ്' കമ്പോസിഷൻ ആയിരുന്നു.  ആ ചുവരുകൾക്കുള്ളിൽഅലയടിച്ചിരുന്ന ബാൻഡിന്റെ ജാസ് സംഗീതം രാജീവിന്റെ മസ്തിഷ്കത്തിലും ഹൃദയത്തിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്നതിനാൽ, അറിയാതെ ആ കൈകൾ ചുവരിലേക്ക് പകർത്തിയതും ഒരു ജാസ് കൺസേർട്ടിന്റെ ചിത്രം തന്നെയായിരുന്നു.  

 

 

ജാസ് സംഗീതം ആലപിക്കുന്ന ഒരു ജിപ്സി ബാൻഡ് ആയിരുന്നു രാജീവിന്റെ മനസ്സിൽ. നിന്നുകൊണ്ട് വയലിൻ വായിക്കുന്ന ഒരാൾ, കസേരയിലിരുന്ന് ഗിറ്റാർ വായിക്കുന്ന മറ്റൊരാൾ, നിന്നുകൊണ്ട് ഡബിൾ ബാസ്സ്  വായിക്കുന്ന മൂന്നാമതൊരാൾ, വോക്കൽ പാടുന്ന ഒരു വോക്കൽ  ആർട്ടിസ്റ്റ് എന്നിവർ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ആ ഒഴിഞ്ഞ ചുവരിൽ സംഗീതം നിറച്ചുകൊണ്ട് വിരിഞ്ഞുവന്നു. ആ വോക്കൽ ആർട്ടിസ്റ്റിന്  രാജീവിന്റെ ഭാര്യയുടെ ഛായയുണ്ടോ എന്ന് അദ്ദേഹത്തെ പരിചയമുള്ളവർക്ക് ഒറ്റനോട്ടത്തിൽ ചിലപ്പോൾ തോന്നിയേക്കാം. 

 

 

ആദ്യത്തെ വര കഴിഞ്ഞതോടെ രാജീവിന് ആത്മവിശ്വാസം കൈവന്നു. വരയ്ക്കാനുള്ള ത്വര ഉള്ളിൽ ശക്തമായതോടെ രാജീവ് വീണ്ടും സ്കെച്ച് പേനകൾ കയ്യിലെടുത്തു. അങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി ഒഴിഞ്ഞ ചുവരുകൾ കണ്ടെത്തി, അവിടെയെല്ലാം സുന്ദരമായ സ്‌കെച്ചുകൾ തീർത്തു രാജീവ്. ആ ചിത്രങ്ങളിൽ ഹോളിവുഡ് അഭിനേത്രി  ഓഡ്രി ഹെപ്ബേർൺ, ഗിന്നസ് ബിയറിന്റെ കുപ്പിയും നുരഞ്ഞു പൊങ്ങുന്ന ഒരു ബിയർ മഗ്ഗും, വൈൻ ഗ്ലാസ്, തീക്ഷ്ണമായ ഒരു പെൺനോട്ടം എന്നിങ്ങനെ അപൂർവ്വസുന്ദരമായ നിരവധി ചിത്രീകരണങ്ങളുണ്ട്.

 

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ പത്നി ശുഭയ്ക്കും മക്കൾ നിശാന്തിനും വിശാഖിനുമൊപ്പം തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഫ്ലാറ്റിലാണ് രാജീവ് താമസിക്കുന്നത്. അസാമാന്യമായ സിദ്ധി ചിത്രംവരയിൽ ഉണ്ടെങ്കിലും അതേക്കുറിച്ചൊന്നും വീമ്പടിക്കാനോ, പുറത്തു പറയാൻ പോലുമോ ശ്രമിക്കുന്ന പ്രകൃതക്കാരനല്ല രാജീവ്.

ഒരിക്കൽ ഒരു ഓണാഘോഷത്തിന് സുന്ദരിക്ക് പൊട്ടുകുത്താൻ വേണ്ടി അത്യാവശ്യമായി ഒരു ചിത്രത്തെ വരച്ചുകൊടുക്കാമോ എന്ന ഫ്ളാറ്റിലെ ഓണാഘോഷക്കമ്മിറ്റിയുടെ സ്നേഹമസൃണമായ നിർബന്ധത്തിനു വഴങ്ങി ഒരുഗ്രൻ ചിത്രം വരച്ചു നൽകിയപ്പോഴാണ് തങ്ങളുടെ ഫ്ലാറ്റിൽ ഇങ്ങനെ ഒരു അനുഗൃഹീത കലാകാരൻ താമസമുണ്ട് എന്ന് ഫ്ളാറ്റിലെ പലരും അറിയുന്നത് പോലും. ചിത്രകലക്ക് പുറമെ സംഗീതത്തിലും കാര്യമായ താത്പര്യങ്ങളുള്ള രാജീവിന് പാട്ടുകേൾക്കലാണ് മറ്റൊരു വിനോദം.

ചിത്രം വരയ്ക്കാൻ ഇനി ചുവരുകൾ ഒന്നും ബാക്കിയില്ലാത്തതിനാൽ ഇനിയുള്ള ലോക്ക് ഡൗൺ ദിനങ്ങളിൽ വര കടലാസിലേക്ക് മാറ്റിയിരിക്കുകയാണ് ഈ ചിത്രകാരൻ. 


 
 

click me!