Latest Videos

താലിബാൻ പിടിമുറുക്കുമ്പോൾ തെരുവിലെ ചുവരുകളിൽ അവസാനത്തെ ചിത്രം വരയ്ക്കുന്നു ഈ ആർട്ടിസ്റ്റ്

By Web TeamFirst Published Aug 17, 2021, 5:35 PM IST
Highlights

"ഞങ്ങളുടെ പ്രാണവേദനയോടെ ദൃശ്യങ്ങൾ നിങ്ങളെയൊക്കെ ആനന്ദിപ്പിക്കുന്നുണ്ട് എന്ന് കരുതുന്നു" എന്നായിരുന്നു ഷെരീഫിയുടെ ട്വീറ്റ്. 

ഓഗസ്റ്റ് പതിനഞ്ചിന് കാബൂളിന്റെ തെരുവുകളിലൂടെ വിജയാഘോഷം മുഴക്കി താലിബാൻ പട ജൈത്രയാത്ര നടത്തുമ്പോൾ  തന്റെ സഹകലാകാരന്മാരോടൊപ്പം ഒരു മ്യൂറൽ വരച്ചു പൂർത്തിയാക്കുന്നതിന് തിരക്കിലായിരുന്നു അഫ്ഗാനിസ്ഥാനിലെ അറിയപ്പെടുന്ന ഒരു കലാകാരനായ ഒമൈഡ് ഷെരീഫി. ഈ വിവരം സൂചിപ്പിച്ചുകൊണ്ട് ഷെരീഫി ചെയ്ത ട്വീറ്റ് അതിൽ അടങ്ങിയ വേദനയുടെ അംശം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. 

 

Good morning 🫂🍀🕊 - we are painting a mural today-now. It reminded me of the famous scene from , where the musicians play until the ship sinks. I hope you are enjoying as you see our miseries - world 🌎 pic.twitter.com/5JXsVhxQkJ

— Omaid H. Sharifi-امید حفیظه شریفی (@OmaidSharifi)

"ഗുഡ് മോർണിംഗ് കാബൂൾ. ഞങ്ങൾ ഇന്നൊരു മ്യൂറൽ വരയ്ക്കുകയാണ്. ഇപ്പോൾ ഈ നിമിഷം. ടൈറ്റാനിക് എന്ന ഒരു ചിത്രത്തിലെ ഒരു രംഗത്തെ അത് അനുസ്മരിപ്പിച്ചേക്കും. ഓർമയില്ലേ ആ രംഗം. കപ്പൽ മുങ്ങുമ്പോഴും വയലിൻ വായന തുടരുന്ന ആ കലാകാരന്മാരെ ആർക്കാണ് മറക്കാൻ സാധിക്കുക ? നിങ്ങളിത് കാണുക..! ഞങ്ങളുടെ പ്രാണവേദനയോടെ ദൃശ്യങ്ങൾ നിങ്ങളെയൊക്കെ ആനന്ദിപ്പിക്കുന്നുണ്ട് എന്ന് കരുതുന്നു." എന്നായിരുന്നു ഷെരീഫിയുടെ ട്വീറ്റ്. 

തന്റെ മ്യൂറൽ ശൂന്യതയുടെയും ദയാവായ്‌പിന്റെയും പ്രതീകമാണ് എന്നാണ് 'ആർട്ട് ലോർഡ്‌സ്' എന്ന ഒരു എൻജിഒ നടത്തുന്ന ഷെരീഫി പറയുന്നത്. "എന്റെ രാജ്യം, എന്റെ മുറിവേറ്റ രാജ്യം. അതിനിത്തിരി ആശ്വാസലേപനം ആവശ്യമുണ്ടെന്നു തന്നെ ഞാൻ കരുതുന്നു. എന്റെ ചിത്രംവരയിലൂടെ ഞാൻ ശ്രമിക്കുന്നതും മുറിവുണക്കാൻ തന്നെയാണ്" ഷെരീഫി കൂട്ടിച്ചേർത്തു. 

"എന്നെ ഇനിയും ചിത്രം വര തുടരാൻ താലിബാൻ അനുവദിക്കുമോ എന്നറിയില്ല. എന്റെ എൻജിഒയ്ക്ക് ഇനിയും പ്രവർത്തനം തുടരാൻ സാധിക്കുമോ എന്നും അറിയില്ല. ഈ മുറിയിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള പെയ്ന്റിങ്ങുകളുടെ ഭാവിയെപ്പറ്റിയും എനിക്ക് ഒരു ശുഭപ്രതീക്ഷകളുമില്ല. എന്നാലും, എല്ലാം ശരിയാവാൻ ഞാൻ കാത്തിരിക്കുന്നു" ഷെരീഫി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!