വരയ്ക്കുന്നത് മോപ്പ് ഉപയോ​ഗിച്ച്, ഇതാണോ കലയെന്ന് സോഷ്യൽമീഡിയ, വായടപ്പിച്ച് കലാകാരി

By Web TeamFirst Published Mar 25, 2022, 10:15 AM IST
Highlights

കൗമാരത്തിന്റെ തുടക്കത്തിൽ അമ്മയിൽ നിന്ന് അവൾക്ക് ആദ്യമായി ഒരു ക്യാമറ സമ്മാനമായി ലഭിച്ചു. അതോടെ ഫോട്ടോ എടുക്കൽ അവൾക്ക് വല്ലാത്തൊരു പാഷനായി മാറി. പിന്നീട് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ന്യൂയോർക്കിലേക്ക് മാറുകയും അവിടെ ഒരു ഗാലറിയിൽ ജോലി ചെയ്യുകയും ചെയ്തു. 

ടിക് ടോക്കിലെ ആളുകൾക്ക് സുപരിചിതയാണ് കരോലിൻ മാര(Carolyn Mara). മിയാമി(Miami)യിൽ നിന്നുള്ള കലാകാരിയാണ് കരോലിൻ. അവളുടെ ചിത്രങ്ങൾ അതിന്റെ ഭംഗി കൊണ്ട് മാത്രമല്ല ശ്രദ്ധിക്കപ്പെട്ടത്, മറിച്ച് അത് വരയ്ക്കുന്ന രീതി കൊണ്ട് കൂടിയാണ്. കരോലിൻ സാധാരണ കലാകാരന്മാരെ പോലെ പെയിന്റിംഗ് ബ്രഷ് ഉപയോഗിച്ചല്ല ചിത്രങ്ങൾ വരക്കുന്നത് മറിച്ച് നമ്മളൊക്കെ സാധാരണയായി വീട് തുടക്കാൻ ഉപയോഗിക്കുന്ന മോപ്പ്(Mop) ഉപയോഗിച്ചാണ്. ആദ്യമായി അവളുടെ ചിത്രം ടിക്ടോക്കിൽ വന്നപ്പോൾ അത് വലിയ കോളിളക്കം സൃഷ്ടിച്ചു. ആളുകൾ അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതാണോ കലയെന്ന് ആളുകൾ ദേഷ്യത്തോടെ ചോദിച്ചു. ഒരുപാട് വിമർശനങ്ങളും, അപമാനങ്ങളും അവൾ നേരിട്ടു. എന്നിട്ടും അവൾ അതിൽ നിന്ന് പിന്മാറിയില്ല. അവൾ മോപ് ഉപയോഗിച്ച് പുതിയ കലാസൃഷ്ടികൾ നടത്തി കൊണ്ടിരുന്നു.

പതിയെ കൂടുതൽ ആളുകൾ അത് ശ്രദ്ധിക്കാനും, ഇഷ്ടപ്പെടാനും ആരംഭിച്ചു. ഇപ്പോൾ അവളുടെ ചിത്രങ്ങൾ ലോകം മുഴുവൻ ഉറ്റു നോക്കുന്ന, ചർച്ച ചെയ്യുന്ന ഒന്നാണ്. കരോലിന് കുട്ടിക്കാലം മുതൽ തന്നെ കലയോട് വല്ലാത്ത താല്പര്യമുണ്ടായിരുന്നു. കലാകാരിയാകുന്നതിന് മുൻപ് തന്നെ അവൾ ഒരു ഫോട്ടോഗ്രാഫറായിരുന്നു. കൗമാരത്തിന്റെ തുടക്കത്തിൽ അമ്മയിൽ നിന്ന് അവൾക്ക് ആദ്യമായി ഒരു ക്യാമറ സമ്മാനമായി ലഭിച്ചു. അതോടെ ഫോട്ടോ എടുക്കൽ അവൾക്ക് വല്ലാത്തൊരു പാഷനായി മാറി. പിന്നീട് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ന്യൂയോർക്കിലേക്ക് മാറുകയും അവിടെ ഒരു ഗാലറിയിൽ ജോലി ചെയ്യുകയും ചെയ്തു. ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്‌സിൽ നിന്ന് ഫോട്ടോ, വീഡിയോ, അനുബന്ധ മാധ്യമങ്ങൾ എന്നിവയിൽ അവൾ ബിരുദാനന്തര ബിരുദം നേടുകയും പിന്നീട് വിവാഹം കഴിക്കുകയും ഒരു വർഷത്തിനുശേഷം സൗത്ത് ഫ്ലോറിഡയിലേക്ക് മാറുകയും ചെയ്തു.    

ഇതിനിടയിൽ അവളുടെ ജീവിതം കൂടുതൽ സങ്കീർണമായി. ഭർത്താവിന്റെ വിഷാദരോഗവും, കുട്ടികളുണ്ടാവാത്തതും അവളുടെ ജീവിതത്തെ തളർത്തി. അങ്ങനെ സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായി ഫോട്ടോഗ്രാഫിയിലേക്ക് അവൾ വീണ്ടും തിരിഞ്ഞു. എന്നാൽ, പിന്നീട് അവൾ അതിനെയെല്ലാം തരണം ചെയ്തു. ഇപ്പോൾ അവൾക്ക് കുട്ടികളുണ്ട്, നല്ലൊരു കുടുംബമുണ്ട്. അവളും അവളുടെ പെൺമക്കളും ഒരുമിച്ച് നിർമ്മിക്കുന്ന രസകരമായ എല്ലാ പ്രോജക്റ്റുകളും ഇൻസ്റ്റാഗ്രാമിൽ അവൾ പോസ്റ്റ് ചെയ്യുന്നു. അവിടെ അവൾക്ക് ഒരു ലക്ഷത്തിൽ പരം ഫോളോവേഴ്‌സുണ്ട്. ഇരുപത് വർഷത്തെ പരിചയ സമ്പന്നതയോടെയാണ് ഫോട്ടോഗ്രാഫിയിൽ നിന്ന് കരോലിൻ പ്രകടന കലയിലേക്കും ചിത്രകലയിലേക്കും മാറിയത്. ചലനത്തിലൂടെ സ്വയം പ്രകടിപ്പിക്കാൻ അവൾ ആഗ്രഹിച്ചു. അവളുടെ എല്ലാ പ്രശസ്ത പെയിന്റിംഗുകളും ഒരു മോപ്പ് ഉപയോഗിച്ച് നിർമ്മിച്ചവയാണ്.    

അവളുടെ സൃഷ്ടികൾ ഇപ്പോൾ ഫ്ലോറിഡയിലെ പാൻ അമേരിക്കൻ ആർട്ട് പ്രോജക്ട്സ് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഷോർട്ടി അവാർഡുകളും സിയീന ഇന്റർനാഷണൽ ഫോട്ടോ അവാർഡുകളും അവളുടെ സൃഷ്ടികളെ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ 2016 -ലെ ഐപിപിഎ അവാർഡ് ജേതാവ് കൂടിയാണ് അവൾ. 
 

click me!