നാട്ടുകാര്‍ ചോദിക്കുന്ന അസഹ്യമായ ചില ചോദ്യങ്ങള്‍; അഞ്ച് ചിത്രകാരന്മാര്‍ പറയുന്നു...

By Rini RaveendranFirst Published Aug 5, 2019, 6:37 PM IST
Highlights

വരവഴിയില്‍ കേള്‍ക്കേണ്ടി വരുന്ന ചില അസഹ്യമായ ചോദ്യങ്ങളെ കുറിച്ച് അഞ്ച് ആര്‍ട്ടിസ്റ്റുമാര്‍ സംസാരിക്കുന്നു 

നിങ്ങളുടെ ഒരു സുഹൃത്ത് കലാകാരനാണോ? അതിമനോഹരമായി വരക്കുന്നൊരാള്‍... അവളുടെ/അവന്‍റെ പെയിന്‍റിങ്ങുകള്‍ നോക്കി മനോഹരം എന്നു പറയുന്നതിനൊപ്പം വേറെ എന്തൊക്കെ അഭിപ്രായങ്ങള്‍ പറയാറുണ്ട്. എന്നാല്‍, അറിഞ്ഞോ അറിയാതെയോ പറയുന്ന പലതും അത്ര സുഖകരമായ കാര്യങ്ങളല്ല. കല, വളരെ എളുപ്പത്തില്‍ സംഭവിക്കുന്ന എന്തോ ഒന്നാണെന്നാണ് പലരുടേയും ചിന്ത... വര എന്നാല്‍ ഹോബിയല്ലേ? അതുകൊണ്ട്, അതിനെ അങ്ങനെ കാണാമെന്നൊരു തെറ്റായ ചിന്താഗതിയുമുണ്ട് പലരുടേയും ഉള്ളില്‍. അതിനാലാണ്, കൃത്യമായ വില നല്‍കി പെയിന്‍റിങ്ങുകള്‍ വാങ്ങാന്‍ പലരും ഇഷ്ടപ്പെടാത്തതും. ഒരു രൂപ പോലും നല്‍കാതെ ഈ ചിത്രം തരുമോ? എന്നെയൊന്ന് വരച്ചു തരുമോ? എന്നൊക്കെ വളരെ നിഷ്‍കളങ്കമായി, വരയ്ക്കുന്നവരോട് ചോദിക്കാറുമുണ്ട്. 

എന്നാല്‍, ശരിക്കും അതത്ര നിഷ്‍കളങ്കമല്ല എന്നാണ് ഈ ആര്‍ട്ടിസ്റ്റുമാര്‍ പറയുന്നത്. ഒപ്പം തന്നെ, ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ കേള്‍ക്കേണ്ടി വന്നവയില്‍ വളരെ അസഹ്യമായ ചില ചോദ്യങ്ങളെ കുറിച്ച് കൂടി ഇവര്‍ പറയുന്നു. 

ലൈംഗികത വരയ്ക്കുമ്പോള്‍ -വിഷ്ണു റാം

ആർട്ടിസ്റ്റ് വരയ്ക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ്, കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കൾ ഒക്കെ ഉപയോഗിക്കുന്ന ആളുകളാണ് വരയ്ക്കുന്നവര്‍ തുടങ്ങി ഒട്ടേറെ തെറ്റിദ്ധാരണകൾ ആളുകളിൽ ഉണ്ട്. ലൈംഗികത വരക്കുമ്പോഴും പല ചോദ്യങ്ങളും കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാൻ കുട്ടിക്കാലം മുതലേ കൂടുതലും വരയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്നത് മനുഷ്യരെ ആണ്. ഒരു പ്രായത്തിന് ശേഷം നഗ്നത, സെക്സ് ഒക്കെ വരച്ചിട്ടുണ്ട്. മറ്റ് എന്തും വരയ്ക്കുന്ന മനോഭാവത്തോടെ തന്നെയാണ് അതും ചെയ്യുന്നത്. 

എല്ലാ കലകളും മനുഷ്യജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. തീർച്ചയായും ലൈംഗികത അതിൽ കടന്നു വരും. അത് ആവിഷ്കരിക്കുന്നവരെ മോശക്കാർ എന്ന് കരുതുന്നത് നമ്മുടെ കപടസദാചാര സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നം ആണ്. സ്വാഭാവികമായ ഒന്ന് എന്ന ലാഘവത്തോടെ നോക്കി കണ്ടാൽ തീരാവുന്ന പ്രശ്നമേ അതിൽ ഉള്ളൂ. ഞാൻ അങ്ങനെ കരുതുന്നത് കൊണ്ടാണ് എനിക്ക് അങ്ങനെ വരയ്ക്കാൻ കഴിയുന്നത്. നിന്നെ കുറിച്ച് ആളുകൾ എന്ത് കരുതും എന്ന തരത്തിൽ ആശങ്ക പങ്കു വെക്കുന്നവരോട് ഞാനിതൊക്കെ ഇഷ്ടപ്പെടുന്ന ആളാണെന്ന് അവർ കരുതിക്കോട്ടെ എന്ന് പറയും. 

അതിനും മാത്രമൊക്കെ ഉണ്ടോ ഇത്? -അനു അശ്വിന്‍

അനുവിന് പറയാനുള്ളത് വരയ്ക്കുന്ന ഒരാള്‍ മിക്കപ്പോഴും കേള്‍ക്കുന്ന, കേള്‍ക്കേണ്ടി വരുന്ന ആ ചോദ്യത്തെ കുറിച്ച് തന്നെയാണ്. അതായത്, പെയിന്‍റിങ്ങിന്‍റെ വില പറയുമ്പോള്‍ നെറ്റി ചുളിയാറില്ലേ? അതിനെ കുറിച്ച്. അതത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാവുന്ന ഒരു ചോദ്യമല്ലെന്ന് തന്നെയാണ് എല്ലാ ആര്‍ട്ടിസ്റ്റുമാരേയും പോലെ അനുവിന്‍റേയും അഭിപ്രായം. അനു പറയുന്നു:

 

കുറേ കഷ്ടപ്പെട്ട് നമ്മള്‍ വരച്ച ചിത്രത്തിന് വില പറയുമ്പോൾ ചില ആളുകൾ നെറ്റി ചുളിക്കും. അതുവരെ നല്ലത് എന്ന് പറഞ്ഞവർ തന്നെ "അതിനും മാത്രം ഒക്കെ ഉണ്ടോ ഇത്?" എന്ന് ചോദിക്കും. അത് കേൾക്കുമ്പോൾ സങ്കടോം ദേഷ്യവും ഒക്കെ ആകും. പിന്നെ, കൂട്ടത്തിൽ ഇരുന്നു സംസാരിക്കുമ്പോൾ, "ഓൾക്ക് ഇപ്പൊ രണ്ടു വര തലങ്ങും വിലങ്ങും വരച്ചാൽ പോക്കറ്റ് നിറക്കലോ..." എന്ന് പറയുന്നത് കേൾക്കാം. ദേഷ്യം വരും അപ്പൊ. ഇതൊക്കെ ഭയങ്കര എളുപ്പാന്നാ എല്ലാവരും കരുതുന്നത്... പെയിന്‍റിങ്ങിന് നല്‍കുന്ന വില എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റിന്‍റെ അധ്വാനത്തിന്‍റെ വിലയാണ്. അത് ബഹുമാനിക്കപ്പെടേണ്ടതുണ്ട്.

കല ദൈവം തരുന്നതാ, കാശിന് വില്‍ക്കരുത് -രശ്മി രാഘവന്‍

കല ദൈവം തരുന്നതാ മോളേ, കാശിന് വില്‍ക്കരുത്. ഇങ്ങനെ അഹങ്കരിക്കരുത്... ഇങ്ങനെ പറയുന്നതാണ് ഏറ്റവും അസഹ്യമായി തോന്നിയിട്ടുള്ളത്. അതായത്, നമ്മള്‍ വരയ്ക്കുന്നത് അവര്‍ക്ക് വെറുതേ കിട്ടണം. പ്രൈസ് ഓണ്‍ ഡിമാന്‍ഡ് എന്ന ഓഫര്‍ കൊടുത്താലും വെറുതെ അതുമിതും പറയുന്നവരുണ്ട്. ഒരു പെന്‍സിലിന്‍റെയും പേപ്പറിന്‍റെയും ചെലവല്ലേ ഉള്ളൂ. അതിനാണോ ഇത്രയും പൈസ എന്നാണ് കേള്‍ക്കേണ്ടി വരുന്ന ചോദ്യം. ഒരു ദിവസം ഇരുന്ന് വരക്കണം ചിലപ്പോള്‍ ഒരു സൃഷ്ടിയുണ്ടാകാന്‍. ചിലത് അരമണിക്കൂര്‍ കൊണ്ട് വരക്കുന്നതും ഉണ്ട്. പക്ഷേ, അത് നമ്മുടെ ജോലിയാണ്. ആ ജോലി ചെയ്യുമ്പോള്‍ അതിന് കാശ് തരാന്‍ തയ്യാറാകണം. അര മണിക്കൂര്‍ കൊണ്ട് വരയ്ക്കുന്ന ചിത്രം പോലും കുറേ വര്‍ഷങ്ങളുടെ പ്രാക്ടീസിന്‍റെ ഫലമാണ്. അതെങ്ങനെ ഫ്രീയായി ഒരാള്‍ക്ക് നല്‍കുവാനാകും? 

എന്നെ സംബന്ധിച്ചാണെങ്കില്‍, എനിക്ക് കല ദൈവം തന്നതല്ല. കലയെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ഒരു ചുറ്റുപാടില്‍ നിന്നുമാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ഉണ്ടായിരുന്ന അധ്യാപികയുടെ ജോലി മാറ്റിവെച്ച് മുഴുവനായും വരയിലേക്ക് വന്നത് വര കൊണ്ട് ജീവിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നവരുടെ മുമ്പിലേക്ക് എന്‍റെ ജീവിതം കൊണ്ട് അത് കഴിയുമെന്ന് കാണിച്ചുകൊടുക്കാന്‍ കൂടിയാണ്. 

സൗഹൃദത്തിനോ, ഒരു കുപ്പി കള്ളിനോ വേണ്ടി ഒക്കെ വര്‍ക്ക് ചെയ്ത് ജീവിതം കളഞ്ഞ കുറേ ആര്‍ട്ടിസ്റ്റുമാരുണ്ട്. അതു പോരല്ലോ? നമുക്ക് ജീവിക്കണം. ഭക്ഷണം വേണം, വസ്ത്രം വേണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ യാത്ര പോലെയുള്ളവ വരെ നടക്കണം. അതൊക്കെ കാശുണ്ടെങ്കിലേ നടക്കൂ. അതുകൊണ്ട്, കല വിറ്റ് ജീവിക്കല്ലേ എന്ന് പറഞ്ഞാല്‍ ഇത്തിരി പാടാണ്. അധ്യാപനം മഹത്തായ ജോലിയും, നഴ്സുമാര്‍ മാലാഖമാരും ആണെന്ന് പറഞ്ഞ് പറ്റിക്കുന്നതുപോലെ തന്നെയാണ് ആളുകള്‍ നമ്മളെ കല ദൈവം തന്നതാണ് എന്ന് പറഞ്ഞ് പറ്റിക്കാന്‍ നോക്കുന്നത്. 

'ഇതിന്റെ അർത്ഥമെന്താണ്? ' -ഗോപി കൃഷ്ണന്‍

'ഇതിന്റെ അർത്ഥമെന്താണ്?' എന്നുള്ള ചോദ്യമാണ് എനിക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത ഒന്ന്.  ഒരു ആർട് എങ്ങനെ, എന്തിന്, എന്ത് ചിന്തയിൽനിന്നു ചെയ്തു എന്ന് വിശദീകരിക്കുമ്പോൾ  ആസ്വാദകനും കലാകാരനും തമ്മിലുള്ള ഒരു മാജിക്കിന്റെ സുഖം നഷ്ടപ്പെട്ടു പോവുകയാണ്. പിന്നെ, ഒരു ആർട് വർക്ക് പോസ്റ്റ്‌ ചെയ്യുമ്പോൾ, 'ഇതിന്റെ അർത്ഥം വിശദീകരിച്ചു തരുമോ?' എന്ന ചോദ്യം കേൾക്കേണ്ടി വരുന്നത് എന്ത് ബുദ്ധിമുട്ടാണ്. കൃത്യമായ ഒരു അർത്ഥവുമായി ഉണ്ടാകുന്ന ആർട് എന്ന കണ്‍സെപ്റ്റ് ഒക്കെ മാറിയിരിക്കുന്നു. അബ്‍സ്ട്രാക്റ്റ് (Abstract) വർക്കുകൾ ഒക്കെ ഓരോ മനുഷ്യരുടെയും വ്യക്തിപരമായ ആസ്വാദനതലം കൂടി ഉൾക്കൊള്ളുന്നതാണ്.

 

ലൈംഗികതയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരക്കുമ്പോള്‍, അത് എവിടെയെങ്കിലും പോസ്റ്റ് ചെയ്ത് കാണുമ്പോള്‍ ആർട്ടുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചോദിക്കും ചിലര്‍. അതും ഭയങ്കര ദേഷ്യമുണ്ടാക്കുന്നതാണ്. അത് വരയിലെ ലൈംഗികത മാത്രം കാണാനാകുന്നതിനാലാണ്, അവിടെ ആര്‍ട്ടിസ്റ്റിക്കായ ഒന്നും ഈ ചോദിക്കുന്നവര്‍ ശ്രദ്ധിക്കുന്നതു പോലുമില്ല. 

ആ സമയത്ത് വേറെന്തെങ്കിലും ചെയ്തൂടേ? -പ്രമോദ് കെ ടി

പലതരം ചോദ്യങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന് നേരിടേണ്ടി വരാറുണ്ട്. ഉദാഹരണത്തിന്: 

ഈ ഡിസൈൻ വരയും ഒക്കെ ഇപ്പൊ പെട്ടെന്ന്  ചെയ്യാവുന്നതല്ലേ ഉള്ളൂ?
ഈ ഡിസൈൻ ഐഡിയ എവിടുന്നു കിട്ടി?
ഈ വരയ്ക്കുന്ന സമയത്ത് വേറെ എന്തെങ്കിലും ചെയ്തൂടെ?
ഇത് ശരിക്കും നീ വരച്ചതാണോ? വെറുതെ ഇങ്ങനെ വരയ്ക്കുന്നത് കൊണ്ട് നിനക്ക് എന്ത് സുഖമാണ് കിട്ടുന്നെ?

ഈ ചോദ്യങ്ങളെല്ലാം തന്നെ അസഹ്യമായി തോന്നാറുണ്ട്. വരയ്ക്കുക, ഡിസൈന്‍ ചെയ്യുക എന്നതിനൊക്കെ കൃത്യമായ ഉത്തരം നല്‍കുക സാധ്യമല്ല. പിന്നെ, കല എന്നത് ഒരേ സമയം ജീവനോപാധിയും, ആത്മാവിഷ്കാരവും ആവുന്നു. അതങ്ങനെ ഒരുമിച്ച് കൊണ്ടുപോവുക അത്ര എളുപ്പമല്ല. അതിനാല്‍, അതുള്‍ക്കൊണ്ട് ആര്‍ട്ടിസ്റ്റുമാരോട് പെരുമാറണം എന്ന് തോന്നാറുണ്ട്. 

click me!