'ക്ലാസ്‌മേറ്റ്‌സ്' പോലെ ഒരു കൂടിച്ചേരല്‍

By Web TeamFirst Published Oct 23, 2020, 5:15 PM IST
Highlights

ആ ഫോട്ടോയുടെ കഥ. വീണ്ടും ചില ഞങ്ങള്‍ ദിനങ്ങള്‍. ദിവ്യലക്ഷ്മി എഴുതുന്നു

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്

 

 

എത്ര നാള്‍ കഴിഞ്ഞു കണ്ടാലും പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും വീണ്ടും തുടങ്ങുന്നവര്‍. എത്ര ഡിപ്രഷനിലാണെങ്കിലും മിണ്ടിത്തുടങ്ങിയാല്‍ പൊട്ടിച്ചിരിക്കുന്നവര്‍. കഴിഞ്ഞകാലകഥകള്‍ കെട്ടഴിച്ചു കുടഞ്ഞിടുന്നവര്‍. സൗഹൃദമെന്നാല്‍ എന്നുമുള്ള ഫോണ്‍ വിളികളോ മെസ്സേജ് അയക്കലുകളോ അല്ലെന്ന് എനിക്ക് മനസ്സിലാക്കിത്തന്നവര്‍. ഒരു ബന്ധത്തിന്റെയും പേരു വിളിച്ച് ബന്ധനങ്ങളാകാത്ത ആരെങ്കിലുമൊക്കെ വേണം എല്ലാവരുടേയും ജീവിതത്തിലെന്ന്, പറയാതെ പറഞ്ഞവര്‍...

എനിക്കത് ഇവരാണ്.

തൊണ്ണൂറുകളിലെ സ്‌കൂള്‍-കോളേജ് ജീവിതത്തില്‍ നിന്നും കൂടെ കൂടിയവര്‍. എന്നോ അപരിചിതരായിരുന്നവരെന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഓര്‍മ്മകളുടെ വസന്തം തീര്‍ത്തവര്‍. ഇന്നും അവിചാരിതമെന്ന ഓമനപ്പേരിട്ട് കാണാന്‍ ശ്രമിച്ച്. നടന്നതും, നടക്കാത്തതുമായ യാത്രകള്‍ പ്ലാന്‍ ചെയ്ത്...

ക്‌ളാസ്സ്മുറികളുടെ ഗൃഹാതുരത്വം വീണ്ടും  പങ്കു വച്ച്, രാവേറുവോളം ഓര്‍മ്മകളുടെ തൂവലുകള്‍  കൊരുത്ത്, ആരെങ്കിലുമൊരാള്‍ തുടങ്ങിവയ്ക്കുന്ന കവിതയുടെ വരികളില്‍ നിറഞ്ഞ്, കൂടെയുള്ളയാളുടെ സങ്കടങ്ങളില്‍ മനസ്സൊന്നു ചേര്‍ന്ന് തേങ്ങി, ആര്‍പ്പുവിളികളും, പൊട്ടിച്ചിരികളും, പാട്ടും, കവിതകളും, പൊട്ടതമാശകളുമായി ചില 'ഞങ്ങള്‍ ദിനങ്ങള്‍...'

ഒറ്റയ്ക്കായ ജീവിത പാതയിലൂടെ സഞ്ചരിക്കുകയാണെങ്കിലും ഇവരിലൊരാളെന്നും കൂടെക്കാണുമെന്ന ഉറപ്പായി. 

 

 

പ്രളയകാലവും ഒത്തൊരുമിച്ച് നിന്ന്,  ഈ കൊറോണക്കാലവും ഞങ്ങളോര്‍മ്മകളാല്‍ നിറച്ച്, നീലക്കടലിന്റെ അങ്ങേക്കരയിലിന്നും, ഒരു രൂപയ്ക്ക് വാങ്ങിയ സിപ്പപ്പും നുണഞ്ഞ് മാല്യങ്കര കോളേജില്‍ നിന്നും ബോട്ട് ജെട്ടിയിലേക്ക് കലപില കൂട്ടി നടന്നു നീങ്ങുന്ന പഴയ കൗമാരക്കാരായ ഞങ്ങളുണ്ടെന്ന് വിശ്വസിച്ച്, തിരകളിലേക്ക് ഓര്‍മ്മകളുടെ കെട്ടഴിച്ചിട്ട്, കാറ്റിനോടൊപ്പം മനസ്സിനെ പറത്തിവിട്ട്, മരത്തണലിലിരുന്ന് പ്രണയകഥകള്‍ പറഞ്ഞ്, മണല്‍ത്തരികളില്‍ വേര്‍പാടുകളുടെ  കണ്ണീര്‍ പൊഴിച്ച്, കലാലയ നൊസ്റ്റാള്‍ജിയയുടെ മഴ നനഞ്ഞ്, കഴിഞ്ഞ വര്‍ഷം ചെറായിയില്‍,സൗഹൃദത്തിന്റെ അനന്തസാഗര തീരത്ത് സൗഹൃദത്തിന്റെ 22-ാം വാര്‍ഷിക  ആഘോഷവേളയിലെ ഒരൊത്തുകൂടല്‍.

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ 22 വര്‍ഷങ്ങളുടെ മറക്കാന്‍ മടിക്കുന്ന ഓര്‍മ്മകള്‍ക്കു മേലെ വീണ്ടും വാചാലമാകാന്‍, മനസ്സില്‍ സൂക്ഷിക്കാനുള്ള മയില്‍പ്പീലി ദിനം, 'ക്‌ളാസ്സ്‌മേറ്റ്' സിനിമ പോസ്റ്റര്‍ പോലെ ഒന്ന് ലൈറ്റായിട്ട് റിക്രിയേറ്റ് ചെയ്ത്  ഫോട്ടോ പിടിച്ചത് എന്നും മൂന്നാം കണ്ണായി ക്യാമറയുമായി ഞങ്ങളുടെ കൂടെയുള്ളയാള്‍ തന്നെ.

click me!