കടലോളം സ്നേഹം കയ്യില്‍ ചേര്‍ത്ത്,  ഒരേ ദിശയില്‍ നടന്നു നീങ്ങുന്ന രണ്ടു പേര്‍!

By Web TeamFirst Published Nov 17, 2020, 2:34 PM IST
Highlights

ഇതാണ് പ്രണയം. ആ ‌ഫോട്ടോയുടെ കഥ. സുനിത ജി സൗപര്‍ണിക എഴുതുന്നു

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 


കൊറോണപ്പൂട്ടു വീഴുന്നതിനു മുമ്പാണ്. യാത്രകള്‍ ജീവിതത്തിന്റെ  ഭാഗം തന്നെ ആയിരുന്ന കാലം. വീണുകിട്ടുന്ന അവധിയ്ക്കനുസരിച്ച് പറ്റുന്ന പോലൊക്കെ ഞങ്ങള്‍-ഞാനും എന്റെ നല്ല പാതിയും- യാത്രകള്‍ ചെയ്തുകൊണ്ടേയിരുന്നു. 

ഓരോ യാത്രയ്ക്കു ശേഷവും ആ യാത്രയിലെടുത്ത ഫോട്ടോസ് എഡിറ്റ് ചെയ്തും സൂം ചെയ്തും, മുമ്പ് പോയ ഇടങ്ങളിലൂടെ വീണ്ടും അവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കും, ചുരുങ്ങിയത് ഒരാഴ്ചക്കാലത്തേക്കെങ്കിലും. 

പോണ്ടിച്ചേരിയാത്ര കഴിഞ്ഞു വന്ന സമയം. അവന്‍ ഫോണില്‍ ഫോട്ടോയും ചികഞ്ഞിരിപ്പാണ്. സാധാരണത്തെ പോലെ. അപ്പോഴാണ്, 'ദാ... നോക്ക്, ഇത് അവരല്ലേ' എന്നും പറഞ്ഞ് എന്നെ വിളിക്കുന്നത്. 

ഫോണ്‍ വാങ്ങി ഞാന്‍ സൂം ചെയ്തു നോക്കി. അതേ, അതവരാണ്. അന്ന് എന്റെ ഹൃദയത്തില്‍ തൊട്ടവര്‍.... ഒറ്റ നേരത്തെ കാഴ്ച കൊണ്ട് എന്റെ നെഞ്ചില്‍ കുടിയേറിയവര്‍. ഞങ്ങളെടുത്ത ഒരു സെല്‍ഫിയില്‍ അവരും പതിഞ്ഞിരിക്കുന്നു. ഒരു നിഴല്‍ പോലെ. 

ചിത്രം കഥ പറഞ്ഞു തുടങ്ങി.

അന്ന് പോണ്ടിച്ചേരിയിലെ ഓറോ ബീച്ചില്‍ കടലും നോക്കിയിരിക്കുകയാണ് ഞാനും അവനും ഞങ്ങടെ കുഞ്ഞുണ്ണിയും. 

അപ്പോഴാണ് ആ മണല്‍ത്തിട്ടില്‍ ഞങ്ങള്‍ക്ക് മുന്നിലായി ഇരുന്നിരുന്ന നാല്‍പതിനോടടുത്ത ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവ് താങ്ങി എണീപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ചത്. ആ കാഴ്ച്ചയില്‍ നിന്നും മുഖം തിരിയ്ക്കാന്‍ എത്രയേറെ ശ്രമിച്ചിട്ടും പിന്നെയും കണ്ണ് അവിടെത്തന്നെ ഉടക്കി നിന്നു. കാല് തരിച്ചിട്ടോ മറ്റോ ആവും എന്ന് എന്നോട് അവന്‍ പറയുന്നുണ്ടെങ്കിലും അതൊന്നുമല്ലെന്നു എന്റെ മനസു പറഞ്ഞുകൊണ്ടേയിരുന്നു. 

ഇത്തിരി ഉയര്‍ന്ന ആ മണല്‍ത്തിട്ടില്‍ നിന്നും പ്രയാസപ്പെട്ട് എണീപ്പിച്ച് ആ മനുഷ്യന്‍ അവരെ താങ്ങിപ്പിടിച്ചു നടത്തിച്ചത് തിരമാലകള്‍ക്ക് അരികിലേക്കായിരുന്നു. അവര്‍ ഇത്തിരി മുന്നോട്ടു നടന്നു നീങ്ങിയപ്പോഴാണ് ആ സ്ത്രീയുടെ പാതിയുടല്‍ അനക്കം മറന്നുപോയതാണെന്ന് തിരിച്ചറിയുന്നത്. 

എങ്കിലെന്ത്? ആ നല്ലപാതി പോതും... 

പിച്ച വയ്ക്കാന്‍ പഠിയ്ക്കുന്ന കുഞ്ഞിനെ നോക്കുന്ന വാത്സല്യത്തോടെ, കരുതലോടെ ഓരോ ചുവടും സൂക്ഷിച്ച് അയാള്‍ അവരെ കൊണ്ടുനടക്കുന്നു.

ചലനമറ്റുപോയ അവരുടെ കൈവിരലുകള്‍ക്കുള്ളില്‍ തന്റെ ഫോണ്‍ പിടിപ്പിച്ച് സ്‌നേഹത്തോടെ അയാള്‍ അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ പോസ് ചെയ്യുന്നു.

ചന്തത്തില്‍ അവരെ അയാള്‍ ഒരുക്കിയിരിക്കുന്നു... 

അവരുടെ പാറിക്കളിക്കുന്ന മുടിയിഴകളെ അങ്ങേയറ്റം അലിവോടെ  അയാള്‍ ഒതുക്കിവയ്ക്കുന്നു...

ഒത്തിരി ഇഷ്ടത്തോടെ അയാള്‍ അവരുടെ ചെരിപ്പും കയ്യില്‍ തൂക്കി ചുറ്റുമുള്ളതിനെയൊന്നും ശ്രദ്ധിയ്ക്കാതെ, അവരോടൊപ്പമുള്ള ഓരോ നിമിഷത്തെയും ആസ്വദിയ്ക്കുന്നു...

അനൈച്ഛികമായിപ്പോയ ആ ഉടല്‍പ്പാതിയെ ഇച്ഛാശക്തി കൊണ്ട് താങ്ങി നിര്‍ത്തുന്നവന്‍ തന്നെയല്ലേ ഏറ്റവും നല്ല പാതി.

ഒരു അടഞ്ഞിട്ട മുറിയ്ക്കും വിട്ടുകൊടുക്കാതെ, ഹോംനഴ്‌സിന്റെ കയ്യിലിട്ടു കൊടുത്ത് സ്വന്തം കൈ കഴുകി, തന്‍കാര്യം നോക്കി ഓടാതെ, മടിയേതും കൂടാതെ, മുഷിച്ചിലേതുമില്ലാതെ, ഉടല്‍ കഴിഞ്ഞും ഉയിരിനെ പ്രണയിക്കുന്ന ഇവരൊക്കെയല്ലേ ദൈവം...

കടല്‍ക്കാറ്റേറ്റ് ആ രണ്ടു മനുഷ്യര്‍ നടന്നു നീങ്ങുമ്പോള്‍ ഓറോ ബീച്ചിന് ഒരു ഓറ (Aura) കൈവന്നതു പോലെ... 

*                         *                        *                        *

ഓര്‍മകളെ അക്ഷരങ്ങളായി മാത്രം എടുത്തു വയ്ക്കുന്ന ശീലമാണ് എനിക്ക്. അവന് ചിത്രങ്ങളായും. 

അക്ഷരങ്ങളില്‍ ഒതുങ്ങാത്ത ചില ഓര്‍മകളുണ്ടെന്ന്, ചിത്രങ്ങളില്‍ തന്നെ പതിയേണ്ടുന്ന ചില ഓര്‍മകളുണ്ടെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഈ ചിത്രമാണ്. 

കാരണം ഈ ചിത്രത്തില്‍ ഞാന്‍ കാണുന്നത് ഞങ്ങള്‍ മൂന്നുപേരെയല്ല. ഞങ്ങളുടെ ഏറ്റവും സ്വകാര്യമായ ഒരു നിമിഷത്തെയല്ല. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഒരു കടല്‍നേരത്തെയല്ല. 

ഒരു കടലോളം സ്നേഹം കയ്യില്‍ ചേര്‍ത്ത്, ഒരേ ദിശയില്‍ നടന്നു നീങ്ങുന്ന ആ രണ്ടു മനുഷ്യരെ മാത്രമാണ്. 

മൂന്നാമതൊരാളുടെ കാഴ്ച്ചയില്‍ അവര്‍ നേര്‍ത്തൊരു രൂപം മാത്രമായി തെളിയുമ്പോഴും എനിയ്ക്കുള്ളില്‍ അവര്‍ തെളിവാര്‍ന്ന് മിഴിവാര്‍ന്ന് നിറഞ്ഞു നില്‍ക്കുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറവും... 

click me!