'എന്തുകൊണ്ടാണ് നഗ്ന ശരീരം വരക്കുന്നത്' എന്ന ചോദ്യത്തിന് ഒരു ആര്‍ട്ടിസ്റ്റിന് നല്‍കാനുള്ള മറുപടിയിതാണ്

By Web TeamFirst Published Feb 2, 2020, 5:06 PM IST
Highlights

എന്റെ പഠനത്തെ അടക്കം അത് ബാധിച്ചിരുന്നു. കണ്ണാടിക്ക് മുന്നിൽ വിവസ്ത്രൻ ആവുക, പരിശോധന, സ്വയംഭോഗം, ഒടുവിൽ അത് സംഭവിക്കുന്നതോടെ അടുത്ത പേടി. എന്റെ രക്തം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അങ്ങനെയാണ് കേട്ടറിഞ്ഞത്. 

ശരീരത്തെ വരക്കുന്നൊരു ആര്‍ട്ടിസ്റ്റിനോട് 'നിങ്ങളെന്തിനാണിങ്ങനെ ശരീരം വരക്കുന്നത്', 'എന്തിനാണിത്ര പ്രാധാന്യം അതിന് നല്‍കുന്നത്' എന്ന ചോദ്യം ചോദിക്കുന്നത് എത്ര വലിയ അരസികതയാണ്. എന്തുവരക്കണമെന്നത് വരക്കുന്നൊരാളുടെ സ്വാതന്ത്ര്യമാണ്. കല ഉള്ളില്‍ നിന്നുണ്ടായി വരുന്നതാണ്. അതിന് ഒരു രൂപം നല്‍കുക മാത്രമാണ് ചിത്രകാരന്‍ ചെയ്യുന്നത്. അവനോട്/ളോട് ഇതെന്താണ് ഇങ്ങനെ എന്ന സദാചാര ചോദ്യം ചോദിക്കുന്നത് എത്രമേല്‍ അരോചകമായിരിക്കും. അതിനെക്കുറിച്ച് എഴുതുകയാണ് ആര്‍ട്ടിസ്റ്റായ വിഷ്‍ണു റാം. നിരന്തരമുള്ള 'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം നല്‍കുന്നത്'  എന്ന ചോദ്യത്തിനുള്ള മറുപടിയാണ് വിഷ്‍ണു റാം തന്‍റെ ഫേസ്ബുക്കിലെഴുതിയിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം നല്‍കുന്നത്' -ഈ ചോദ്യത്തിന് പെട്ടെന്ന് ഒരു മറുപടി ഉണ്ടായില്ല. അവർ എന്നോട് ചിന്തിക്കൂ എന്നു പറഞ്ഞു. ചിന്തിച്ചു ഒരുപാട് പിന്നിലേക്ക് പോയി. മഷിത്തണ്ട് മണക്കുന്ന സ്ലേറ്റിലാണ് ആദ്യം വര തുടങ്ങുന്നത്. ഒരു വട്ടം ചുറ്റും റാ റാ.. ഇതളുകൾ ചേർന്ന പൂവ്.. കിളി.. കുടിൽ ഒക്കെ ആയിരുന്നു ആദ്യം പതിവ് പോലെ. പിന്നെ മനുഷ്യർ ആയി പ്രധാന വിഷയം. കാരണം ആദ്യം പറഞ്ഞതൊക്കെ എന്റെ കൂട്ടുകാരും വരക്കുമായിരുന്നു. പക്ഷേ, അവർക്ക് കണ്ണും മൂക്കും ചുണ്ടും ഒക്കെ ചേർന്നൊരു മുഖം വരച്ചിട്ടും വരച്ചിട്ടും ശരിയായില്ല. എന്റെ മനുഷ്യരെ നോക്കി " നീയതെങ്ങനെ" എന്ന ചോദ്യവും അതെനിക്ക് സാധിക്കും എന്ന ഒരു പൊങ്ങച്ചമോ ഒക്കെ ആവാം അതിൽ കുടുക്കിയിട്ടത്. അംബുജാക്ഷി തൂത്ത് തളിച്ചിടുന്ന മുറ്റത്ത് ഉണങ്ങി വീഴുന്ന പെരുമര കമ്പ് കൊണ്ട് ഞാൻ എന്നെക്കാൾ വലിയ പെണ്മുഖങ്ങൾ വരച്ചിട്ടു. അതിന്റെ കവിളിന്റെ വിസ്താരത്തിനുള്ളിൽ കയറിയിരുന്ന് മുകളിലേക്ക് നോക്കി ചിരിച്ചു.

പിന്നെ ഞാൻ വരക്കും എന്നു ചുറ്റും ഉണ്ടായിരുന്നവർ ഒക്കെ കണ്ടെത്തിയ സമയത്തും ആദ്യമായി ഞാൻ നേരിട്ട ചോദ്യവും ഇതായിരുന്നു. വളരെ സാധാരണ ഒരു ചുറ്റുപാടിൽ ജീവിച്ചിരുന്ന ഞങ്ങൾക്ക് ചിത്രം എന്നാൽ ഉത്സവത്തിന് അമ്പലപ്പറമ്പിൽ വിൽപ്പനയ്ക്ക് കൊണ്ടുവരുന്ന ദൈവങ്ങളുടെ പടങ്ങളും മലയും തെങ്ങും കുടിലും ഒക്കെയുള്ള "സീനറികളും" ആയിരുന്നു. അതാവാം എന്റെ മനുഷ്യരെ കണ്ടുമടുത്തു അവർ ചോദിച്ചു. "നീയെന്താണ് സീനറി വരക്കാത്തത്?"
സ്‌കൂളിലെ അടുത്തിരിക്കുന്ന ചങ്ങാതി ചോദിച്ചു "നീയെന്താണ് കാർ വരക്കാത്തത്.. ലോറി.. ബസ് അതൊക്കെ?" ഇത്തരം ചോദ്യങ്ങളിൽ അവർ പറഞ്ഞതൊക്കെയും വരക്കാൻ ശ്രമിക്കുമ്പോൾ എനിക്കൊരു കാര്യം മനസിലായി. ഇതെന്തോ ഹോം വർക്ക് ചെയ്ത് തീർക്കും പോലെ ഒരു പ്രവൃത്തി ആയാണ് എനിക്ക് തോന്നുന്നത്. മനുഷ്യരെ വരക്കുമ്പോൾ ഉള്ള തൃപ്തി എനിക്ക് ഇതിൽ കിട്ടുന്നില്ല.

ന്യൂഡിറ്റി

ഹൈസ്‍കൂൾ കാലത്ത് ഒക്കെ ഞാൻ ന്യൂഡ് (നഗ്ന) ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അന്നും ഇപ്പോഴും വേറെ എന്ത് വരക്കുമ്പോഴും ഉള്ള ലാഘവത്തോടെയാണ് ചെയ്യുന്നത്. മറ്റുള്ളവർ അത് കാണുമ്പോൾ ഉണ്ടാകുന്ന അയ്യേ, ചിരി, അമ്പരപ്പ്, ദേഷ്യം... ഒന്നും സ്വയം തോന്നിയിട്ടില്ല. ഞാൻ ചുറ്റും വളരെ സംശയത്തോടെ നോക്കുകയും അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കക്ഷി ആയിരുന്നു. അന്നൊക്കെ പതിവായി അമ്പലത്തിൽ പോകും. ദേവീ രൂപങ്ങൾ ഒക്കെ ഹാഫ് നേക്കഡ് (അര്‍ദ്ധ നഗ്നം) ആണ്. നമ്മളെക്കാൾ ശക്തർ... ലോകത്തിലെ ഏറ്റവും വലിയ ശക്തിക്ക് അത് ആവാമെങ്കിൽ അതിൽ തെറ്റ് ഒന്നുമില്ല എന്ന് അന്ന് വിശ്വസിച്ചു. ന്യൂഡിറ്റിയെ ചോദ്യം ചെയ്തവരോട് അക്കാലത്ത് ഞാനിത് പറയുകയും അവർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും കുട്ടികൾ. പിള്ള മനസിൽ കള്ളം ഇല്ലല്ലോ.

ശരീരം

‌ചില കുട്ടികൾ മുതിർന്നവരെ പോലെ മുണ്ട് മടക്കികുത്തി... പെണ്‍കുട്ടികൾ സാരി ഉടുത്തു പാവകളുടെ അമ്മയായി ഒക്കെ മുതിർന്നവരെ അനുകരിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, അമിത ലാളനയേറ്റ് വളർന്നത് കൊണ്ടാവും നാളെ ഞാൻ മുതിരും എന്നൊരു ബോധം ഇല്ലാതെയാണ് ഞാൻ വളർന്നത്. ഒരിക്കൽ സ്കൂളിൽ വെച്ചു കൈ ഉയർത്തിയപ്പോൾ എന്റെ കക്ഷത്തിലെ രോമവളർച്ച ഒരു സഹപാഠി കണ്ടുപിടിക്കുകയും അതിശയത്തോടെ ഉറക്കെ എല്ലാവർക്കും മുന്നിൽ അത് അവതരിപ്പിച്ചതും എനിക്ക് ഭയങ്കര ജാള്യത ഉണ്ടാക്കി. ആ കൂട്ടത്തിൽ അത് ഇല്ലാത്തവരും ഉള്ളവരും ഉണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ചർച്ച ഇനി വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചായി. മുൻ ക്ലാസിൽ തോറ്റ് ഞങ്ങളെക്കാൾ മുതിർന്നവർ അത് വിശദീകരിച്ചു. സ്വയംഭോഗം, സെമൻ വരുന്നത് ഒക്കെ അങ്ങനെ കേട്ടറിഞ്ഞ് പിന്നെ ഞാൻ അത് ഉടൻ ഉണ്ടാകുമോ എന്ന അങ്കലാപ്പിൽ ആയി. സമയം കിട്ടുമ്പോഴൊക്കെ ശരീരം പരിശോധിച്ചു. പുതിയ മാറ്റം എന്താണ്... രോമം വ്യാപിക്കുന്ന ഇടങ്ങൾ... മീശയുടെ കിളിർപ്പ്... മാറുന്ന ശബ്ദം ഇതൊക്കെ ആളുകൾ തിരിച്ചറിയുന്നതും പറയുന്നതും എനിക്ക് വെപ്രാളമുണ്ടാക്കി.

എന്റെ പഠനത്തെ അടക്കം അത് ബാധിച്ചിരുന്നു. കണ്ണാടിക്ക് മുന്നിൽ വിവസ്ത്രൻ ആവുക, പരിശോധന, സ്വയംഭോഗം, ഒടുവിൽ അത് സംഭവിക്കുന്നതോടെ അടുത്ത പേടി. എന്റെ രക്തം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അങ്ങനെയാണ് കേട്ടറിഞ്ഞത്. ഇന്ത്യ ടുഡേയുടെ ഫാഷൻ പേജിലെ പെണ്ണുങ്ങൾ എന്നിട്ടും എന്നെ അതിന് നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ അറിയാതെ ലൈഫിൽ വന്ന മാറ്റങ്ങൾ അല്ലായിരുന്നു എനിക്ക് ഇതൊക്കെ. ശരീരം അത്രത്തോളം ഒരു കാഴ്ചയായി എന്റെ മനസിലുണ്ട്. വരയ്ക്കുന്നത് കൃത്യമായ പ്ലാനിങ് ആയിട്ടല്ല. ഓരോ തോന്നലുകൾ ആണ്. ഞാൻ വരക്കുന്ന ശരീരങ്ങൾ ഒക്കെയും എന്റെ തന്നെയാണ്. ചിലർ അത് മനസിലാക്കി ചോദിച്ചിട്ടുണ്ട്. ആണിനെ വരച്ചാൽ ആണിനോട് പ്രണയം പെണ്ണിനെ വരച്ചാൽ കോഴി എന്നു തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. വസ്ത്രമില്ലാത്ത ശരീരം സെക്സിന് വേണ്ടിയുള്ളത് എന്ന തരം തോന്നൽ ആവാം അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത് എന്നു തോന്നുന്നു. അതിനപ്പുറം ശരീരത്തിന്റെ സൗന്ദര്യം കാണാൻ കഴിയുക. കപട സദാചാരികൾ എടുത്തണിയുന്ന ചിരി ( ഞാൻ ഈ ടൈപ്പ് അല്ല എന്ന മട്ടിൽ) ഇല്ലാതെ ഒരു ചിത്രത്തിലോ സിനിമയിലോ ഉള്ള നഗ്നത സ്വാഭാവികമായ ഒരു കാഴ്ച്ച എന്ന നിലയിൽ ആസ്വദിക്കുന്ന ആളുകൾ എന്നെ സന്തോഷിപ്പിക്കും.

ശരീരത്തിന്റെ പ്രാധാന്യം

‌പെട്ടെന്ന് ഒരു മിനിറ്റിൽ ഒക്കെ മനസിലേക്ക് വരുന്ന ചിന്തയാണ് എന്റെ വര. അതിൽ എഡിറ്റിങ് ഒന്നും നടത്താതെ പകർത്തുകയാണ് പതിവ്. മേൽ പറഞ്ഞ പോലെ മനുഷ്യരെ വരക്കുന്നതിനോടുള്ള ഇഷ്ടം, ശാരീരിക മാറ്റങ്ങൾ ഭയത്തോടെ നോക്കി കാണുകയും സൂക്ഷ്മമായി നിരീക്ഷിച്ചത് കൊണ്ടും വ്യക്തമായി മനസിൽ നിൽക്കുന്ന കാഴ്ച, മനുഷ്യ ജീവിതത്തിൽ ലൈംഗികതയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെന്നിരിക്കെ സദാചാരി എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കൽ ഒക്കെയാണെന്നാണ് ഒരു നിഗമനം.

വിഷ്‍ണു റാമിന്‍റെ ചില ചിത്രങ്ങള്‍:

 

click me!