വയസ്സ് വെറും അഞ്ച്, തന്‍റെ ഡ്രം വായനയാല്‍ ലോകത്തെ വിസ്‍മയിപ്പിച്ച് കുരുന്ന്

By Web TeamFirst Published Dec 15, 2019, 10:32 AM IST
Highlights

"ട്രാവിസിന്‍റെ കഴിവിനേക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് അവന്‍റെ അർപ്പണബോധമാണ്. ഒഴിവുസമയം കിട്ടുമ്പോഴെല്ലാം അവൻ വായിക്കാൻ പരിശീലിച്ചു കൊണ്ടേ ഇരിക്കുന്നു. മറ്റുള്ളവരോട് നമുക്ക് ഡ്രംസ് വായിക്കാം എന്ന് പറഞ്ഞുകൊണ്ട് അവരെയും അവൻ പ്രോത്സാഹിപ്പിക്കുന്നു. അവന്‍റെ ഈ ആത്മാർത്ഥത എന്നെ ശരിക്കും അതിശയിപ്പിക്കുന്നു" 

അഞ്ച് വയസ്സുള്ള കുട്ടികൾ കളിപ്പാട്ടങ്ങളും, വീഡിയോ ഗെയിമുകളുമൊക്കെയായി കളിച്ചു നടക്കുമ്പോൾ ജെറമിയ ട്രാവിസിക്കിന് പക്ഷേ, അതിലൊന്നുമായിരുന്നില്ല താല്‍പര്യം... അവന്‍റെ ചെറുവിരലുകൾക്ക് ഡ്രംസിൽ താളം പിടിച്ചു കളിയ്ക്കാനായിരുന്നു ഇഷ്‍ടം. അവന്‍റെ രാവുകളും പകലുകളും ഡ്രംസിന്‍റെ ശബ്‌ദതാളത്തിൽ ഉയർന്നുതാഴ്ന്നു. താമസിയാതെ അവൻ ഡ്രംസ് വായിച്ച് ലോകത്തെതന്നെ വിസ്‍മയത്തിലാഴ്ത്തുക തന്നെ ചെയ്‍തു. അവന്‍റെ കഴിവിനുള്ള ഒരംഗീകാരം എന്ന നിലയിൽ അൽകോർൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒരു ഫുൾ ബാൻഡ് സ്കോളർഷിപ്പും അവന് വാഗ്ദ്ധാനം ചെയ്യുകയായിരുന്നു.

“അഞ്ചു വയസുള്ളപ്പോൾ തന്നെ അവൻ ഒരു സ്കോളർഷിപ്പ് നേടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്ര ചെറുപ്പത്തിൽ അവൻ ഇത്ര നന്നായി വായിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു"  ട്രാവിസിന്‍റെ അമ്മ നിക്കോൾ ജാക്സൺ പറയുന്നു. 10 മാസം പ്രായമുള്ളപ്പോൾ മുതൽ അവൻ എപ്പോഴും താളം പിടിക്കുമായിരുന്നെന്ന് അവര്‍ ഓര്‍ക്കുന്നു. 

ഒരു കുഞ്ഞായിരുന്നപ്പോൾ മുതലേ ലൂസിയാന ഹൈസ്‍കൂളിൽ ഡ്രംസ് വായിക്കാൻ തുടങ്ങിയതാണ് ജെറമിയ ട്രാവിസ്. ഗ്രീൻസ്ബർഗിലെ സെന്‍റ് ഹെലീന കോളേജ് ആൻഡ് കരിയർ അക്കാദമിയിലെ ഒരു സ്ഥിരം ഡ്രമ്മറാണ് ഈ ചെറുപ്രായത്തിലവന്‍. അവന്‍റെ ബാൻഡ് സംഘത്തിൽ കൂടുതലും അവനെക്കാൾ പ്രായമുള്ളവരാണ്. എന്നാലും അവരുടെകൂടെ അവൻ അനായാസമായി ഡ്രംസ് വായിക്കുന്നു. പ്രശസ്‍ത ബാൻഡായ 'സൗണ്ട്സ് ഓഫ് ഡൈൻ-ഒ-മൈറ്റ്' അവന്‍റെ കഴിവ് കണ്ട് വലുതാകുമ്പോൾ അവരുടെ ബാൻഡിൽ വായിക്കാൻ അവനൊരു അവസരം നൽകിയിരിക്കുകയാണ്.

"ട്രാവിസിന്‍റെ കഴിവിനേക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് അവന്‍റെ അർപ്പണബോധമാണ്. ഒഴിവുസമയം കിട്ടുമ്പോഴെല്ലാം അവൻ വായിക്കാൻ പരിശീലിച്ചു കൊണ്ടേ ഇരിക്കുന്നു. മറ്റുള്ളവരോട് നമുക്ക് ഡ്രംസ് വായിക്കാം എന്ന് പറഞ്ഞുകൊണ്ട് അവരെയും അവൻ പ്രോത്സാഹിപ്പിക്കുന്നു. അവന്‍റെ ഈ ആത്മാർത്ഥത എന്നെ ശരിക്കും അതിശയിപ്പിക്കുന്നു" സെന്‍റ് ഹെലീന കോളേജ് ആൻഡ് കരിയർ അക്കാദമി ഡയറക്ടർ പറഞ്ഞു.

"ചിലഭാഗങ്ങളെല്ലാം അവനു വായിക്കാൻ കഴിയില്ല എന്ന് വിചാരിച്ച് ഞാൻ പഠിപ്പിക്കാറില്ല. എന്നാൽ, എന്നെപ്പോലും അത്ഭുതപ്പെടുത്തികൊണ്ട് അവനത് അതിമനോഹരമായി വായിക്കാൻ തുടങ്ങും. അവന്‍റെ കഴിവ് ദൈവദത്തമാണ്. ഞാൻ അവനെ ഒരിക്കലും നിർബന്ധിച്ചു ഡ്രംസ് വായിപ്പിക്കാറില്ല, കാരണം അവൻ തീരെ ചെറുതാണ്" അവനെ ഡ്രംസ് പഠിപ്പിക്കുന്ന ബ്രാൻഡോൺ ഡോർസെയ് പറഞ്ഞു.

ഇത്ര ചെറുപ്പത്തിലെ ഇത്ര മനോഹരമായി ഡ്രംസ് വായിക്കുന്ന ഈ കുരുന്നിനെ കാത്തിരിക്കുന്നത് സംഗീതത്തിന്‍റെ എത്ര വലിയ ലോകമായിരിക്കും. അവന്‍റെ കുഞ്ഞുവിരലുകൾ ഇപ്പോഴും താളം പിടിക്കുകയാണ് സംഗീതത്തിന്‍റെ ഇനിയും തുറക്കാത്ത വാതിലുകൾക്കായി.  

click me!