ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത് മനുഷ്യശരീരങ്ങളിൽ!

By Web TeamFirst Published Feb 19, 2021, 4:18 PM IST
Highlights

''എന്റെ ശൈലി മിക്കവാറും റിയലിസ്റ്റിക് അല്ലെങ്കിൽ സർറിയലിസ്റ്റിക് ആണ്. മരത്തിന്റെ എണ്ണയോ ക്യാൻവാസിലെ എണ്ണയോ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.'' 

ജർമ്മനിയിലെ എക്കൻഫോഡിൽ നിന്നുള്ള ചിത്രകാരിയാണ് ജെസിൻ മാർവെഡൽ. അവരുടെ പ്രത്യേകത അവർ കാൻവാസിലോ, ചുമരിലോ അല്ല തന്റെ കലാസൃഷ്ടികൾ നിർമ്മിക്കുന്നത് എന്നതാണ്, മറിച്ച് ആളുകളുടെ നഗ്നമായ ശരീരത്തിലാണ്. തന്റെ മോഡലുകളുടെ നഗ്നശരീരങ്ങളെ നിറങ്ങൾ കൊണ്ട് അരയന്നമാക്കാനും, പക്ഷിയാക്കാനും അവർക്ക് കഴിയും. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഇമേജുകളാണവ. അതുവഴി മനുഷ്യ ശരീരങ്ങളെ കലയുടെ കാണാപ്പുറങ്ങളിലേയ്ക്ക് നയിക്കാൻ കഴിവുള്ള ഒരു ബോഡി-പെയിന്റിംഗ് ആർട്ടിസ്റ്റാണ് ജെസിൻ മാർവെഡൽ.

യൂണിവേഴ്സിറ്റിയിൽ പുനരധിവാസ ശാസ്ത്രം പഠിച്ച മാർവെഡൽ, പെയിന്റിംഗ്, സംഗീതം തുടങ്ങിയ ക്രിയേറ്റീവ് ചികിത്സകളിലൂടെ രോഗികളായ കുട്ടികളെ സുഖപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ബോഡി-പെയിന്റിംഗിന്റെ ചികിത്സാ ഗുണങ്ങളെക്കുറിച്ച് ഒരു പുസ്തകവും അവർ പ്രസിദ്ധീകരിച്ചു. സാധാരണയായി ബോഡി പെയിന്റിംഗ് പൂർത്തിയാക്കാൻ മാർവെഡലിന് നാല് മുതൽ ഏഴ് മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ സങ്കീർണ്ണമായ പ്രോജക്ടുകൾക്ക് ചിലപ്പോൾ 12 മണിക്കൂർ വരെ എടുതെന്നും വരാം. “ആളുകൾ എന്റെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നു. മനുഷ്യശരീരങ്ങളെ മറ്റൊന്നാക്കി മാറ്റുന്നതിൽ അവർക്ക് താല്പര്യമുണ്ട്. പ്രധാനമായും ഞാൻ ഒരു ഫോട്ടോ, പോസ് എന്നിവയിൽ നിന്നാണ്  പ്രചോദനം ഉൾകൊള്ളുന്നത്. ആദ്യം ഞാൻ ഒരു കണ്ണാടിക്ക് മുന്നിൽ സ്വയം പോസ് ചെയ്യാൻ ശ്രമിക്കുന്നു” ജെസിൻ മാർവെഡൽ അടുത്തിടെ കാറ്റേഴ്‌സ് ന്യൂസിനോട് പറഞ്ഞു.

ബോഡി-പെയിന്റിംഗിന്റെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച അവർ, സാധാരണ പെയിന്റിംഗിനേക്കാൾ ബുദ്ധിമുട്ടാണ് ഇതെന്ന് പറയുന്നു. കാരണം സൃഷ്ടിപരമായ പ്രക്രിയയിൽ ഒരു ജീവനുള്ള ക്യാൻവാസാണ് കലാകാരി കൈകാര്യം ചെയ്യുന്നത്. ചലിക്കുന്ന, സംസാരിക്കുന്ന, സ്വന്തമായി ആവശ്യങ്ങളുള്ള ഒരു മനുഷ്യ ക്യാൻവാസ്. ഒരൊറ്റ പെയിന്റിംഗിന് മാത്രം ഒരു ദിവസം മുഴുവൻ എടുത്തെന്ന് വരും. ആ സൃഷ്ടിപരമായ പ്രക്രിയയിലുടനീളം മോഡലിനെ ഊഷ്മളവും ശാന്തവുമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്, അത് എല്ലായ്പ്പോഴും എളുപ്പമല്ല.

“എനിക്ക് പോസുകൾ, ആകൃതികൾ, ലൈറ്റുകൾ, ഷാഡോകൾ എല്ലാം ശ്രദ്ധിക്കണം. പോരാതെ ജീവനുള്ള ഒരു മോഡലുമായി ഇടപെടുകയും വേണം. വിശ്രമിക്കാനോ, വേറൊരു ദിവസം പെയിന്റിംഗ് പൂർത്തിയാക്കാമെന്ന് വിചാരിക്കാനോ സാധിക്കില്ല. 12 മണിക്കൂർ എടുത്താലും അതേ ദിവസം തന്നെ പൂർത്തിയാക്കേണ്ടതുണ്ട്” ജെസിൻ പറഞ്ഞു. ഇത് കൂടാതെ, അവർ ഹെന്നപെയ്ന്റിംഗ്, വാൾപെയിന്റിം‍ഗ്, ക്യാൻവാസ് പെയിന്റിംഗുകൾ എന്നിവയും ചെയ്യുന്നു. "എന്റെ ശൈലി മിക്കവാറും റിയലിസ്റ്റിക് അല്ലെങ്കിൽ സർറിയലിസ്റ്റിക് ആണ്. മരത്തിന്റെ എണ്ണയോ ക്യാൻവാസിലെ എണ്ണയോ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും പാസ്റ്റൽ, ചോക്ക്, അക്രിലിക് പെയിന്റുകൾ, പെൻസിലുകൾ പോലുള്ള വ്യത്യസ്ത നിറങ്ങളും വസ്തുക്കളും ഞാൻ ഉപയോഗിക്കുന്നു. ബോഡി പെയിന്റിംഗിനായി ഞാൻ യൂഡെർമിക് നിറങ്ങൾ മാത്രമാണ്  ഉപയോഗിക്കുന്നത്" അവർ കൂട്ടിച്ചേർത്തു. അവരുടെ കഴിവുകൾ ഇതിൽ ഒതുങ്ങുന്നതല്ല. അവർ സൽസ നൃത്തം ചെയ്യുകയും പിയാനോയും വയലൻസെല്ലോയും വായിക്കുകയും ചെയ്യുന്നു.  

click me!