'ഭൂമി'യിൽ നാളെ യവനിക ഉയരും,കൊച്ചുത്രേസ്യയുടെ 'കലാസമിതി'യുമായി കോഴിക്കോട്; ആർക്ക് കെടുത്താനാവും കലയുടെ വെളിച്ചം

Published : Jan 03, 2023, 08:36 PM ISTUpdated : Jan 16, 2023, 02:44 PM IST
'ഭൂമി'യിൽ നാളെ യവനിക ഉയരും,കൊച്ചുത്രേസ്യയുടെ 'കലാസമിതി'യുമായി കോഴിക്കോട്; ആർക്ക് കെടുത്താനാവും കലയുടെ വെളിച്ചം

Synopsis

എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നൊരു പെണ്ണാണ് കഥയുടെ നട്ടെല്ല്, അതാണ് കൊച്ചുത്രേസ്യ. അതിന് കൊച്ചുത്രേസ്യക്ക് കരുത്തായി മാറുന്നത് അവളുടെയുള്ളിലെ കലയാണ്.

വടക്കൻ കേരളത്തിന്റെ മണ്ണിൽ കലാസാംസ്കാരിക സമിതികൾക്ക് വലിയ സ്ഥാനമുണ്ട്. അതിലൂടെ, അനേകമനേകം കലാകാരന്മാരെ വാർത്തെടുത്ത ചരിത്രവുമുണ്ട്. നാടകങ്ങളുടെ ചൂടും ചൂരും വീണ ​ഗ്രാമങ്ങളൊന്നും അവിടെ വെറുമൊരു കാൽപനിക കഥയേ അല്ല. രാവോളം നീളുന്ന നാടകക്യാമ്പുകളും വേദികൾക്ക് മുന്നിൽ ക്ഷമയോടെ കാത്തിരിക്കുന്ന ജനങ്ങളും 'നൊസ്റ്റാൾജിയ' എന്നും പറഞ്ഞ് എഴുതിത്തള്ളാനുമാകില്ല. അനേകം പേരെ പുസ്തകങ്ങളുടെ, സാഹിത്യത്തിന്റെ, നാടകത്തിന്റെ തുടങ്ങി കലാ സാംസ്കാരിക ലോകത്തേക്ക് ആകർഷിച്ചതിൽ കലാസമിതിയുടെ പങ്ക് ആർക്കാണ് തള്ളിക്കളയാനാവുക? അവിടങ്ങളിലെ നാടകക്കാർക്ക് നാടകം വെറുമൊരു പ്രൊഫഷണോ നേരംപോക്കോ അല്ല, മറിച്ച് അവരെ നിലനിർത്തുന്ന ശ്വാസമാണ്. 

ഇത് കൊച്ചുത്രേസ്യയുടെ കഥയാണ്. പുസ്തകങ്ങളെയും വായനയേയും തന്റെ കലാസമിതിയേയും പ്രാണവായുവിനെ പോലെ സ്നേഹിച്ച കൊച്ചുത്രേസ്യയുടെ കഥ, അതാണ് 'കലാസമിതി'. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുടച്ചുനീക്കാൻ കലയ്‍ക്കും, പുസ്തകങ്ങൾക്കും, ഉണർന്നിരിക്കുന്ന ജനതയ്ക്കും മാത്രമേ സാധിക്കൂ എന്ന വെളിപ്പെടുത്തൽ കൂടിയാവുകയാണ് കലാസമിതി എന്ന നാടകം. 

ഇത്തവണ ഒരു നാട്ടിൻപുറത്തിന്റെ കഥയാണ് 'കലാസമിതി' എന്ന നാടകത്തിലൂടെ കോഴിക്കോട് ജില്ലയിലെ ഒന്നാം സ്ഥാനക്കാർ പറയുന്നത്. അതിൽ ഒരു ജോത്സ്യനുണ്ട്. ആ ജോത്സ്യനൊരു നായയും. അന്ധവിശ്വാസത്തിന്റെ പേരിൽ നായയെ വരെ എങ്ങനെയാണ് സമൂഹം കാണുന്നത് എന്നത് കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് നാടകത്തിൽ. എന്നാൽ, എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നൊരു പെണ്ണാണ് കഥയുടെ നട്ടെല്ല്, അതാണ് കൊച്ചുത്രേസ്യ. അതിന് കൊച്ചുത്രേസ്യക്ക് കരുത്തായി മാറുന്നത് അവളുടെയുള്ളിലെ കലയാണ്. എല്ലാത്തിനെയും മറികടക്കാനുള്ള കരുത്ത് കലയ്‍ക്കുണ്ട് എന്നത് കാലം തെളിയിച്ച സത്യമാണ്. അത് തന്നെയാണ് കലാസമിതിയിലൂടെ കൊച്ചുത്രേസ്യയും നമ്മോട് പറയുന്നത്. 

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ ആതിഥേയരാണ് കോഴിക്കോട്. നാളെ രാവിലെ ഒമ്പത് മണിക്ക് വേദി രണ്ട് 'ഭൂമി'യിൽ നാടകത്തിന് യവനിക ഉയരും. അതിന് മുമ്പ് അവസാനവട്ട പരിശീലനത്തിലാണ് സംഘം. കോക്കല്ലൂർ ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാടകത്തിൽ സ്ഥിരമായി സംസ്ഥാന തലത്തിൽ മത്സരിക്കുന്ന സ്കൂളാണ്. ഇത് ഏഴാം വർഷമാണ് സംസ്ഥാനതലത്തിൽ സ്കൂൾ മത്സരിക്കുന്നത്. എന്നാൽ, സ്കൂൾ കാലം കഴിയുന്നതോടെ നാടകവേദികളോട് വിട പറയേണ്ടി വരുന്ന അനേകം പേരിൽ ഒരാളാവേണ്ടതില്ല ഇവിടെ നാടകത്തിൽ അഭിനയിക്കുന്ന വിദ്യാർത്ഥികൾക്ക്. എല്ലാ വർഷവും നാടകത്തിൽ അഭിനയിക്കുന്നവരെല്ലാം ചേർന്നൊരു നാടകസമിതിയുണ്ടാക്കി കോക്കല്ലൂർ, അതാണ് 'മാവറിക്സ്'. 

'എന്റെ പീഡാനുഭവങ്ങൾ' എന്ന ബേബി തോമസിന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷ്കരണമാണ് 'കലാസമിതി'. എന്നാൽ, 'പീഡാനുഭവങ്ങൾ' നാടകമായി കൊക്കല്ലൂർ സ്കൂളിൽ നിന്നും അരങ്ങിലെത്തുന്നത് കാണാൻ അദ്ദേഹം കാത്തുനിന്നില്ല. കൊവിഡ് കാലം കവർന്നുപോയ അനേകം ജീവിതത്തിൽ ആ ജീവിതവും പെടുന്നു. വിനീഷ് പാലയാടാണ് കഥയെ നാടകമാക്കി മാറ്റി രചിച്ചത്. മനോജ് നാരായണൻ, നിവേദ് പിഎസ്സ് എന്നിവർ ചേർന്നാണ് നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. 

കഴിഞ്ഞ 17 വർഷമായി കൊക്കല്ലൂർ സ്കൂളിലെ അധ്യാപകനാണ് മുഹമ്മദ് സി. എന്നും മാവറിക്സിനൊപ്പം നടക്കുന്ന നാടകപ്രേമി കൂടിയാണ് അദ്ദേഹം. കലാസമിതികളും അതിന്റെ പ്രവർത്തനങ്ങളും കണ്ട് പരിചയിച്ച മുഹമ്മദ് താനും തന്നെപ്പോലുള്ളവരും നാടകപ്രാന്തന്മാർ തന്നെ എന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്. നാളെ രാവിലെ 'ഭൂമി'യിൽ യവനിക ഉയരുമ്പോൾ ഇതുപോലെ അനേകം വിദ്യാർത്ഥികളുണ്ട് നാടകവുമായി അരങ്ങിലെത്താൻ. അതു കാണാൻ നാടകപ്രേമികളും ഉണ്ടാവുമെന്ന വിശ്വാസത്തിൽ ഉറങ്ങാതിരിക്കുകയാണ് കോഴിക്കോട്. 

PREV
click me!

Recommended Stories

വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!