
അക്ബർ ചക്രവർത്തിയുടെ പ്രിയപ്പെട്ട കലാകാരന്മാരിൽ ഒരാളായ ബസാവന്റേതായി കരുതപ്പെടുന്ന, മിനിയേച്ചർ ലണ്ടനിൽ നടന്ന ക്രിസ്റ്റീസ് ലേലത്തിൽ വിറ്റുപോയത് 119 കോടിക്ക്. പാറക്കെട്ടുകൾ നിറഞ്ഞ ഒരിടത്ത്, സമൃദ്ധമായ പുല്ലിൽ വിശ്രമിക്കുന്ന ചീറ്റ കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്ന മിനിയേച്ചറാണ് ഇതുവരെ ഒരു ക്ലാസിക്കൽ ഇന്ത്യൻ ആർട്ടിനും ലണ്ടനിലെ ക്രിസ്റ്റീസ് ലേലത്തിൽ കിട്ടാത്ത തുകയ്ക്ക് വിറ്റുപോയത്. ഒക്ടോബർ 28 -നായിരുന്നു ലേലം നടന്നത്. ക്രിസ്റ്റീസ് ലേലത്തിൽ GBP 10,245,000 (ഏകദേശം 119.49 കോടി രൂപ) നാണ് കലാസൃഷ്ടി വിറ്റുപോയത്.
പ്രിൻസ് & പ്രിൻസസ് സദ്രുദ്ദീൻ ആഗാ ഖാന്റെ സ്വകാര്യശേഖരത്തിൽ നിന്നുള്ളതാണ് ഈ അസാധാരണ പെയിന്റിംഗുകൾ. 'എ ഫാമിലി ഓഫ് ചീറ്റാസ് ഇൻ എ റോക്കി ലാൻഡ്‌സ്കേപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിംഗ് ഏകദേശം 1575-80 കാലഘട്ടത്തിൽ നിന്നുള്ളതാണ്. കണക്കാക്കിയിരുന്നതിനേക്കാൾ 14 മടങ്ങ് വിലയ്ക്കാണ് ലേലത്തിൽ പെയിന്റിംഗ് വിറ്റുപോയിരിക്കുന്നത്. മുഗൾ കാലഘട്ടത്തിലെ കലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പ്രശസ്ത ചിത്രകാരൻ എം.എഫ് ഹുസൈന്റെ ഒരു പെയിന്റിംഗ് മാർച്ചിൽ നടന്ന ക്രിസ്റ്റീസ് ന്യൂയോർക്ക് ലേലത്തിൽ വിറ്റുപോകുന്നത് ഏകദേശം 123 കോടിക്കാണ്. അതിനോടടുത്ത വിലയാണ് ഈ പെയിന്റിംഗിനും കിട്ടിയിരിക്കുന്നത്.
'ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ആദ്യകാല മുഗൾ ചിത്രങ്ങളിൽ ഒന്ന്' എന്നാണ് ബസാവന്റെ ഈ പെയിന്റിംഗിനെ വിശേഷിപ്പിക്കുന്നത്. അക്ബറിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രകാരന്മാരിൽ ഒരാളായ ബസാവന്റേതാണ് ഈ പെയിന്റിംഗ് എന്ന് തന്നെയാണ് പണ്ഡിതന്മാർ പറയുന്നത്.