സംഗീതത്തെ കുറിച്ച് ഒന്നുമറിയില്ല, അപകടത്തില്‍ തലയിടിച്ചു, ശേഷം പിയാനിസ്റ്റായി!

By Web TeamFirst Published Aug 31, 2020, 2:59 PM IST
Highlights

ആ അപകടത്തെത്തുടര്‍ന്നുണ്ടായ ആഘാതം അമാറ്റോയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന വാസനകളെ തൊട്ടുണര്‍ത്തുകയായിരുന്നുവെന്നാണ് പറയുന്നത്. 

അപകടങ്ങള്‍ അത്ര നല്ല കാര്യമല്ല. അതും അപകടത്തില്‍ തലയ്ക്കൊക്കെ പരിക്കു പറ്റിയാലോ? ചിന്തിക്കാന്‍ വയ്യ അല്ലേ? എന്നാല്‍, ഇവിടെ ഒരാള്‍ തനിക്ക് സംഭവിച്ച അപകടത്തില്‍ നന്ദിയുള്ളവനാണ്. കാരണം എന്താണെന്നല്ലേ? തനിക്ക് പറ്റിയ ഒരപകടത്തിനുശേഷമാണ് ഡെറിക് അമാറ്റോ എന്ന മനുഷ്യന്‍ ഒരു പിയാനിസ്റ്റ് ആകുന്നത്. അതും സംഗീതത്തെ കുറിച്ച് ഒന്നുമറിയാത്ത ഒരിടത്തുനിന്നുമാണ് പിയാനിസ്റ്റായി മാറുന്നതെന്നോര്‍ക്കണം. ഏതായാലും അമാറ്റോയുടെ ഈ  ഈ അവസ്ഥയെ acquired savant syndrome എന്നാണ് അറിയപ്പെടുന്നത്. ഒരുപക്ഷേ, അപകടത്തെ തുടര്‍ന്ന് ഉള്ളിലുള്ള സംഗീതവാസന പ്രകടമായ ഒരേയൊരാളും ലോകത്തില്‍ അദ്ദേഹം മാത്രമായിരിക്കും. 

'സംഗീതം മനസിലുണ്ട്, അത് തലയിലെത്തുന്നു, പിന്നീട് വിരലുകള്‍ ചലിക്കുന്നു'വെന്നാണ് അമാറ്റോ തന്‍റെ പിയാനോ വായനയെ കുറിച്ച് പിന്നീട് പറഞ്ഞത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമാറ്റോയ്ക്ക് അപകടം സംഭവിക്കുന്നത്. ഒരു സ്വിമ്മിംഗ്‍പൂളില്‍ ഡൈവ് ചെയ്യുന്നതിനിടയില്‍ തല ഇടിക്കുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന് ഓര്‍മ്മക്കുറവ്, ഒരു ചെവിക്ക് കേള്‍വിക്കുറവ് എന്നിവയെല്ലാമുണ്ടായി. എന്നാല്‍, ശരിക്കും മാറ്റമുണ്ടായത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടശേഷം അദ്ദേഹം ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തിയതാണ്. അവിടെ കണ്ട കീബോര്‍ഡ് എടുത്ത് അമാറ്റോ വായിച്ചു തുടങ്ങി. അതുവരെ സംഗീതത്തെ കുറിച്ചൊന്നുമറിയില്ല, പിയാനോ വായിച്ചിട്ടില്ല. പക്ഷേ, അമാറ്റോ പിയാനോ വായനയോട് വായന തന്നെ. വെറും വായനയല്ല, ശരിക്കും ഒരു പിയാനിസ്റ്റ് എങ്ങനെയാണോ പിയാനോ കൈകാര്യം ചെയ്യുന്നത്, അതുപോലെ തന്നെ. മണിക്കൂറുകളോളം അദ്ദേഹം പിയാനോ വായന തുടര്‍ന്നു. സുഹൃത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. സത്യത്തില്‍ തനിക്കിത് എങ്ങനെ സാധിച്ചുവെന്ന് അദ്ദേഹത്തിന് തന്നെ അത്ഭുതമായി. ഒടുവില്‍ തന്നില്‍ സംഭവിച്ചതെന്താണ് എന്നറിയാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്‍തപ്പോഴാണ് തന്‍റെ അവസ്ഥയെ കുറിച്ച് അദ്ദേഹത്തിന് കൂടുതല്‍ ബോധ്യപ്പെടുന്നത്. 

ആ അപകടത്തെത്തുടര്‍ന്നുണ്ടായ ആഘാതം അമാറ്റോയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന വാസനകളെ തൊട്ടുണര്‍ത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഏതെങ്കിലും അപകടം നിങ്ങളെ ഏതിലെങ്കിലും കാര്യത്തില്‍ പ്രതിഭയാക്കുന്നതിനാണ് acquired savant syndrome എന്ന് പറയുന്നത്. അമാറ്റോ പറയുന്നത് പിയാനോയുടെ അടുത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ തലയില്‍ കറുപ്പിലും വെളുപ്പിലും സ്ക്വയറുകള്‍ തെളിയുന്നുണ്ടെന്നും അതിനനുസരിച്ചാണ് അദ്ദേഹം പിയാനോ വായിക്കുന്നത് എന്നുമാണ്. ആ ബ്ലോക്കുകള്‍ ചെയ്യാന്‍ പറയുന്നതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അമാറ്റോ പറയുന്നു. 

തനിക്ക് അപകടത്തെ തുടര്‍ന്നുണ്ടായ കഴിവുപയോഗിച്ച് കിട്ടുന്ന തുക തെരുവിലെ വീടില്ലാത്തവര്‍ക്ക് സഹായം എത്തിക്കാനായി അദ്ദേഹം ഉപയോഗിച്ചിരുന്നു. താനും ഒരിക്കല്‍ ഡെന്‍വറില്‍ വീടില്ലാത്തവനായിരുന്നുവെന്നാണ് അമാറ്റോ പറയുന്നത്. ഏതായാലും തന്‍റെ അവസ്ഥയെ കുറിച്ച് അമാറ്റോ ഒരു പുസ്‍തകം തന്നെ എഴുതിയിട്ടുണ്ട്, 'എന്‍റെ മനോഹരമായ അപകടം' (My Beautiful Disaster) എന്നാണ് പുസ്‍തകത്തിന് പേര് നല്‍കിയിരുന്നത്. തന്നിലന്നോളം കണ്ടിട്ടില്ലാത്ത ഒരു കഴിവിനെ കാണിച്ചു തന്ന അപകടത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇതല്ലാതെ വേറെന്ത് പേരിടാനാണ് അല്ലേ? 
 

click me!