Nicolas Bruno : സ്ലീപ് പരാലിസിസ്, ഭയാനകമായ ആ സ്വപ്നങ്ങളെ ഫോട്ടോയാക്കി മാറ്റി ഫോട്ടോ​ഗ്രാഫർ

By Web TeamFirst Published Feb 1, 2022, 3:07 PM IST
Highlights

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് അദ്ദേഹം ചിത്രങ്ങൾ പങ്കിടുന്നത്. ഈ ചിത്രങ്ങളിലൂടെ അങ്ങനെ അദ്ദേഹം തന്റെ നഷ്ടമായ ശബ്ദം വീണ്ടെടുത്തു. 

ഉറക്കത്തിൽ നമ്മൾ ഭീതിജനകമായ കാര്യങ്ങൾ കാണുകയും, അനുഭവിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് സ്ലീപ് പരാലിസിസ്(Sleep Paralysis). ഈ അവസ്ഥയിൽ നമ്മുടെ തലച്ചോർ ഉണർന്ന് തന്നെ ഇരിക്കുകയും എന്നാൽ ശരീരം ഉറക്കത്തിൽ നിന്ന് ഉണരാൻ വിസമ്മതിക്കുകയും ചെയ്യുന്നു. ഉറക്കത്തിന്റെ മധ്യത്തിൽ പല ഭയപ്പെടുത്തുന്ന ഭ്രമാത്മക സ്വപ്‌നങ്ങളും, പേടിപ്പെടുത്തുന്ന രൂപങ്ങളും എല്ലാം നമുക്ക് കാണാൻ സാധിക്കും. എന്നാൽ, ആ അനുഭവത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചാലും, ശബ്‌ദിക്കാനോ, അനങ്ങാനോ സാധിക്കാതെ ശരീരം കെട്ടിയിട്ട പോലെ അവിടെ കിടക്കും. സെക്കന്റുകളിലേക്കു മാത്രമേ ഇതു നീണ്ടുനിൽക്കുന്നുള്ളൂവെങ്കിലും ഈ അനുഭവം വളരെ ഭയപ്പെടുത്തുന്നതാണ്.

ഫോട്ടോഗ്രാഫർ നിക്കോളാസ് ബ്രൂണോ(Nicolas Bruno) ആറ് വയസ്സ് മുതൽ സ്ലീപ് പരാലിസിസ് അനുഭവിക്കുന്നു. ഒരുപാട് കാലം, അദ്ദേഹം കടുത്ത ഉത്കണ്ഠയിൽ കഴിച്ചു കൂട്ടി. എന്നാൽ, ഒടുവിൽ അദ്ദേഹം അതിൽ നിന്ന് മോചനം നേടാൻ ഒരു മാർഗ്ഗം കണ്ടെത്തി, ചിത്രരചന. താൻ വർഷങ്ങളായി അനുഭവിച്ച ഭയത്തിൽ നിന്നും, ഉത്കണ്ഠയിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹം തന്റെ പേടിസ്വപ്നങ്ങളെ ചിത്രങ്ങളാക്കുന്നു. "നിങ്ങൾ ഭയത്തോടെ സ്വപ്നത്തെ സമീപിക്കാൻ നിന്നാൽ, ഭയം നിങ്ങളെ കീഴ്പ്പെടുത്തും. അതിൽ നിന്ന് രക്ഷപ്പെടാനാകാത്ത വിധം അത് നിങ്ങളെ വലിഞ്ഞുമുറുകും. പക്ഷേ, നിങ്ങൾ സ്വപ്നത്തെ കൂടുതൽ മനസ്സിലാക്കിയാൽ നിങ്ങൾക്ക് അതിൽ നിന്ന് രക്ഷപ്പെടാം" തന്റെ സ്വപ്നങ്ങളെ ഫോട്ടോഫ്രെയിമുകളിൽ പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ബ്രൂണോ പറഞ്ഞു.

അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നീണ്ടുനിന്ന എപ്പിസോഡുകളിൽ താൻ എന്താണ് കാണുന്നതെന്ന് വിശദീകരിക്കാനോ ആശയവിനിമയം നടത്താനോ തനിക്ക് സാധിച്ചിരുന്നില്ലെന്ന് ബ്രൂണോ പറയുന്നു. അങ്ങനെയാണ് അദ്ദേഹം തന്റെ സ്വപ്നങ്ങളുടെ ഒരു ഡയറി ആരംഭിക്കുന്നത്. അതിൽ അദ്ദേഹം കണ്ട സ്വപ്‌നങ്ങൾ സ്കെച്ചുകളാക്കി. തന്റെ പേടിസ്വപ്നങ്ങൾ വിവരിക്കാൻ കുറിപ്പുകളും അതിനൊപ്പം അദ്ദേഹം വച്ചു. പിന്നീട്, സ്വപ്നങ്ങളെക്കുറിച്ച് കുറച്ചുകൂടി വ്യക്തത വരുത്താനായി അദ്ദേഹം തന്റെ രേഖാചിത്രങ്ങൾ ഫോട്ടോഗ്രാഫുകളാക്കി മാറ്റാൻ തുടങ്ങി.

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് അദ്ദേഹം ചിത്രങ്ങൾ പങ്കിടുന്നത്. ഈ ചിത്രങ്ങളിലൂടെ അങ്ങനെ അദ്ദേഹം തന്റെ നഷ്ടമായ ശബ്ദം വീണ്ടെടുത്തു. "ഞാൻ എന്റെ അനുഭവങ്ങൾ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആളുകളുമായി പങ്കുവയ്ക്കുന്നു. തെറാപ്പി കണ്ടെത്തുന്നതിനും എന്റെ ബുദ്ധിമുട്ടുകൾ മറ്റ് ആളുകളുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള എന്റെ മാർഗമായിരുന്നു അത്," അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്വപ്നങ്ങളിൽ തനിക്ക് നിയന്ത്രണമില്ലെന്ന് ബ്രൂണോ പറയുന്നു. എന്നാൽ രേഖാചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും നഷ്ടമായ ആ നിയന്ത്രണം വീണ്ടെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. "എനിക്ക് ഈ സ്വപ്നങ്ങളിൽ യാതൊരു നിയന്ത്രണവുമില്ല. പക്ഷേ, ഒരിക്കൽ ഞാൻ ഉണർന്ന് എഴുന്നേറ്റാൽ ആ അനുഭവങ്ങൾ ഞാൻ ഫോട്ടോകളാക്കുന്നു. എന്റെ അനുഭവങ്ങൾ എങ്ങനെയാണെന്ന് ഞാൻ അതിലൂടെ ലോകത്തിന് കാണിച്ച് കൊടുക്കുന്നു. ഞാൻ അനുഭവിച്ച കാര്യങ്ങൾ വീണ്ടും അവതരിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ട്" അദ്ദേഹം പറയുന്നു. 

click me!