ഇന്ത്യയിലെ ചേരികളെയും ​ഗ്രാമങ്ങളെയും വരച്ച് മാറ്റാൻ തുനിഞ്ഞിറങ്ങിയ കലാകാരി...

By Web TeamFirst Published Apr 1, 2021, 12:44 PM IST
Highlights

മഹാമാരി സമയത്ത് റൂബിളും സംഘവും കൂടുതല്‍ തിരക്കിലാണ്. ഭക്ഷണം, റേഷന്‍ കിറ്റ് എന്നിവയെല്ലാം നല്‍കുന്ന തിരക്കിലാണ് സംഘം. 2022 ആകുമ്പോഴേക്കും ഒരു സ്‍കില്‍ ട്രെയിനിംഗ് കോളേജ് തുടങ്ങണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. 

ഏകദേശം ഇരുപത് വർഷങ്ങളായി മുംബൈയിൽ നിന്നുള്ള റൂബിൾ നാഗി എന്ന കലാകാരി വരയുടെ ലോകത്തുണ്ട്. വിവിധ പ്രോജക്റ്റുകൾക്കായി ചുവർച്ചിത്രങ്ങളും ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട് റൂബിൾ. എന്നാൽ, അതിൽ നിന്നെല്ലാം മാറി അധികം വൈകാതെ തന്നെ പൊതുഇടങ്ങൾ അവര്‍ തന്‍റെ കാന്‍വാസാക്കി. 'കല ജനങ്ങളുമായി അടുത്ത് നില്‍ക്കുന്ന ഒരു മാധ്യമമാണ് എന്ന് എനിക്കെല്ലായ്പ്പോഴും തോന്നിയിരുന്നു. ഒരു നല്ല കലയുടെ ശക്തിയെനിക്ക് എപ്പോഴും അറിയാമായിരുന്നു. സാമൂഹികമായ പ്രശ്‍നങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും അവരെ പ്രചോദിപ്പിക്കുന്നതിനും കലയ്ക്ക് ഒരു പ്രത്യേക കരുത്തുണ്ട് എന്നും അറിയാമായിരുന്നു' - എന്ന് റൂബിള്‍ സോഷ്യല്‍ സ്റ്റോറിയോട് പറയുകയുണ്ടായി. 

ഓരോ ആര്‍ട്ടിസ്റ്റിനും അവരുടേതായ ശൈലിയും പ്രേക്ഷകരും ഉണ്ടെങ്കിലും നൂബിളിനെ സ്വാധീനിച്ചത് സാധരണയായ നാടോടി കലയാണ്. അതിനേക്കാളുപരിയായി ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കാതെ എല്ലാതരം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ താല്‍പര്യപ്പെട്ടു. അങ്ങനെയാണ് പത്ത് വര്‍ഷം മുമ്പ് അവര്‍ 'റൂബിള്‍ നാഗി ആര്‍ട്ട് ഫൗണ്ടേഷന്' രൂപം നല്‍കിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഫൗണ്ടേഷന്‍റെ ലക്ഷ്യം. റൂബിളിന്‍റെ ഫൗണ്ടേഷന്‍ ഇപ്പോള്‍ ഇന്ത്യയിലെ ചേരികളില്‍ പ്രവര്‍ത്തിക്കുന്നു. അവിടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, തൊഴില്‍ എന്നിവയെ കുറിച്ച് കലയിലൂടെ ആളുകളില്‍ അവബോധം വളര്‍ത്തുന്നു. കൂടാതെ ശുചിത്വത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. 

'പത്തുവര്‍ഷം ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വിദ്യാഭ്യാസം, സ്ത്രീകളുടെയും യുവജനങ്ങളുടെയും ശാക്തീകരണം, ആരോഗ്യം, പോഷകാഹാരം, പരിസ്ഥിതി എന്നിവയിലെല്ലാമാണ് ശ്രദ്ധ നല്‍കേണ്ടത് എന്ന് ഞങ്ങള്‍ക്ക് മനസിലായി. ഒപ്പം ഏറ്റവും പ്രധാനമായി, കൂടുതല്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളും പരിശീലനങ്ങളും നല്‍കുക എന്നതും പ്രധാനമാണ്' -എന്നും റൂബിള്‍ പറയുന്നു. വിവിധ ചേരികളിലും ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്നതിലൂടെ ഫൗണ്ടേഷന്‍ ലക്ഷ്യം വയ്ക്കുന്നത് അവിടെയുള്ള പാവപ്പെട്ട ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തുക എന്നതാണ്. ഓരോ വിഭാഗത്തിനും അവരുടേതായ സംസ്‍കാരവും പാരമ്പര്യവും വിശ്വാസങ്ങളും ഉണ്ട്. ഏതെങ്കിലും ഒരു മനുഷ്യന്‍റെ ജീവിതം മെച്ചപ്പെടുത്തുക എന്നതിലുപരിയായി ഒരു വിഭാഗത്തിന്‍റെ തന്നെ ഉന്നമനമാണ് അവര്‍ ലക്ഷ്യമിടുന്നത്. 

ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നടന്ന ഒരു വലിയ പ്രൊജക്ട് ആയിരുന്നു 'മിസാല്‍ മുംബൈ'. 2016 -ലെ 'പെയിന്‍റ് ധാരാവി' (Paint Dharavi) എന്ന പരിപാടിയോടെയാണ് ഇതിന് തുടക്കം കുറിക്കുന്നത്. അന്ന് 150,000 -ത്തിലധികം വീടുകളാണ് റൂബിളും സംഘവും ചേര്‍ന്ന് പെയിന്‍റ് ചെയ്‍തത്. സംഘത്തിൽ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും എല്ലാം ഉള്‍പ്പെടുന്നു. അത് ആ ചേരിയുടെ കാഴ്ച തന്നെ മാറ്റി. ചുറ്റും നിറങ്ങളായി. അത് കാണുന്നവര്‍ക്കും അവിടെ ജീവിക്കുന്നവര്‍ക്കും തന്നെ പൊസിറ്റീവായ ഒരു മാറ്റമുണ്ടാക്കി. ഒപ്പം തന്നെ വെറുതെ പെയിന്‍റടിച്ച് പോകുന്നതിന് പകരം ചേരിയെ വൃത്തിയായും ശുചിയായും സൂക്ഷിക്കുക എന്നതും സംഘത്തിന്റെ പ്രധാന ലക്ഷ്യമായി.

വെറുതെ പെയിന്‍റ് ചെയ്‍ത് പോവുകയായിരുന്നില്ല റൂബിളും സംഘവും അവിടെ. പകരം കുട്ടികള്‍ക്കായി ബാലവാടികള്‍ തുടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. തൊഴില്‍ സാധ്യതകളും സംരഭകത്വവും ഉറപ്പ് വരുത്തി. വ്യക്തിഗത തൊഴില്‍ പരിശീലനങ്ങളും നല്‍കി. 'വീടിന് നല്‍കിയ നിറങ്ങള്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ ചെല്ലുമ്പോള്‍ മങ്ങിപ്പോയേക്കും. എന്നാല്‍, അവരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിലനില്‍ക്കും' എന്ന് റൂബിള്‍ പറയുന്നു. 

രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ദില്ലി എന്നിവിടങ്ങളിലെല്ലാം ഇവര്‍ ഇതുപോലെ പ്രവര്‍ത്തിച്ചു. ഇന്ത്യയിലാകെ 108,000 ചേരികളുണ്ട്, അവിടങ്ങളിലായി 65 മില്ല്യണ്‍ ജനങ്ങളെങ്കിലും കഴിയുന്നുണ്ട് എന്നാണ് 2011 -ലെ സെന്‍സസ് പറയുന്നത്. അതിലേറ്റവുമധികം മഹാരാഷ്ട്രയിലാണ്. അതിനാലാണ് 'മിസാല്‍ മുംബൈ'യില്‍ ഇവര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ചേരികള്‍ക്ക് പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലും പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യയിലാകെയായി 400,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഫൗണ്ടേഷന് ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ചെലവ് കണ്ടെത്തുന്നത് സിഎസ്ആര്‍ ഫണ്ട് വഴിയാണ്. 

മഹാമാരി സമയത്ത് റൂബിളും സംഘവും കൂടുതല്‍ തിരക്കിലാണ്. ഭക്ഷണം, റേഷന്‍ കിറ്റ് എന്നിവയെല്ലാം നല്‍കുന്ന തിരക്കിലാണ് സംഘം. 2022 ആകുമ്പോഴേക്കും ഒരു സ്‍കില്‍ ട്രെയിനിംഗ് കോളേജ് തുടങ്ങണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. അതിലൂടെ വിദ്യാഭ്യാസവും ശാക്തീകരണവും തൊഴില്‍ നല്‍കലും നടക്കുമെന്നാണ് ഇവര്‍ കരുതുന്നത്. കല എന്നാൽ സമൂഹത്തിന്റെ ഉന്നമനത്തിന് കൂടി വേണ്ടിയുള്ളതാണ് എന്ന് പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ് റൂബിൾ. 

(ചിത്രങ്ങൾ: Rouble Nagi/facebook) 

click me!