ഒടുവിൽ കളവുപോയ 'സാൽ‌വേറ്റർ മുണ്ടി' കണ്ടെത്തി ഇറ്റാലിയൻ പൊലീസ്, 500 വർഷം പഴക്കമുള്ള പെയിന്റിം​ഗ്

By Web TeamFirst Published Jan 20, 2021, 12:04 PM IST
Highlights

ഡാവിഞ്ചിയുടെ നിരവധി വിദ്യാര്‍ത്ഥികളും സഹായികളും സാൽ‌വേറ്റർ മുണ്ടിയെന്ന ഇതേ ചിത്രത്തിന്‍റെ പകര്‍പ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 

ലോകപ്രശസ്തരായ പല ചിത്രകാരന്മാരും നിർമ്മിച്ച പെയിന്റിം​ഗുകൾ അവിശ്വസനീയമെന്ന് തോന്നും വിധത്തിലുള്ള കാശിന് വിറ്റുപോകാറുണ്ട്. അതിന്റെ ചരിത്രപരവും കലാപരവുമായ മൂല്യം തന്നെയാണ് കാരണം. പലപ്പോഴും ആ കലാകാരന്മാർ മരിച്ച് കാലങ്ങൾ കഴിഞ്ഞാണ് ആ കലാസൃഷ്ടികൾ കോടികൾക്ക് വിറ്റുപോകാറുള്ളത്. അങ്ങനെ, ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പെയിന്‍റിംഗാണ് ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പതിനാറാം നൂറ്റാണ്ടില്‍ വരച്ചതെന്ന് കരുതപ്പെടുന്ന 'സാൽ‌വേറ്റർ മുണ്ടി' (Salvator Mundi). ഡാവിഞ്ചി തന്നെ വരച്ച പെയിന്റിം​ഗാണ് ഇതെങ്കിൽ അതുപോലെ തന്നെയുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും സഹായികളും വരച്ചിട്ടുണ്ട്. അതിലെ ഒരു ചിത്രം സാൽവേറ്റർ മുണ്ടിയുടെ പകർപ്പ് നേപ്പിൾസിലെ ഒരു മ്യൂസിയത്തില്‍ നിന്നും കളവുപോയിരുന്നു. അങ്ങനെ കളവുപോയ ഈ ചിത്രം ഇപ്പോള്‍ ഇറ്റാലിയന്‍ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. 

ഇറ്റാലിയൻ നഗരത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഒരു അപ്പാർട്ട്മെന്റിൽ നിന്നും നവോത്ഥാന ചിത്രകാരനായ ഡാവിഞ്ചിയുടെ വിദ്യാർത്ഥികളിലൊരാൾ വരച്ചതെന്ന് കരുതുന്ന ഈ കലാസൃഷ്‌ടി കണ്ടെത്തിയതെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു. കലാസൃഷ്ടി മോഷ്ടിച്ചുവെന്ന് കരുതുന്ന ഈ സ്ഥലത്തിന്‍റെ ഉടമയായ 36 -കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 

ഡാവിഞ്ചിയുടെ നിരവധി വിദ്യാര്‍ത്ഥികളും സഹായികളും സാൽ‌വേറ്റർ മുണ്ടിയെന്ന ഇതേ ചിത്രത്തിന്‍റെ പകര്‍പ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. യേശുവിനെ നവോത്ഥാന വസ്ത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. വലതുകയ്യില്‍ കുരിശിന്‍റെ അടയാളം തീര്‍ക്കുന്ന യേശു ഇടതുകയ്യിലൊരു സ്ഥടികഗോളം പിടിച്ചിരിക്കുന്നതായും ചിത്രത്തില്‍ കാണാം. ഏറെ നിഗൂഢതകൾ ഉൾക്കൊള്ളുന്നത് എന്ന് പറയപ്പെടുന്ന ചിത്രമാണിത്. 

നേപ്പിൾസിലെ മ്യൂസിയത്തിലുണ്ടായിരുന്ന ഈ ചിത്രം ആര് വരച്ചതാണ് എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. എങ്കിലും 1510 -കളില്‍ ഡാവിഞ്ചിയുടെ പണിപ്പുരയിലുണ്ടായിരുന്ന ആരോ വരച്ചതാണ് പ്രസ്തുത ചിത്രമെന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രത്തിന്‍റെ ഉടമയായ നേപ്പിള്‍സിലെ മ്യൂസിയം ഓഫ് സാന്‍ ഡോമനികോ മാഗിയൂര്‍ തങ്ങളുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് ചിത്രം വരച്ചതാരാണെന്ന കാര്യത്തില്‍ നിരവധി അനുമാനങ്ങളുണ്ട്. എന്നാൽ, ഡാവിഞ്ചിയുടെ വിദ്യാര്‍ത്ഥികളിലൊരാളായ ഗിരലാമോ അലിബ്രാന്‍ഡിയാരിക്കണം ഇത് വരച്ചതെന്നാണ് കരുതപ്പെടുന്നത് എന്നാണ്. 

വിശുദ്ധ റോമൻ ചക്രവർത്തിയായ ചാൾസ് അഞ്ചാമന്റെ സ്ഥാനപതിയും ഉപദേശകനുമായ ജിയോവന്നി അന്റോണിയോ മുസെറ്റോള നേപ്പിൾസിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് റോമിലാണ് ഈ പെയിന്റിംഗ് സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 'റോമിലെ ലിയോനാർഡോ' (Leonardo in Rome) എന്ന പ്രദർശനത്തിനായി വില്ല ഫാർനെസീനയ്ക്ക് വായ്പ നൽകിയപ്പോൾ 2019 -ൽ ഈ കലാസൃഷ്‌ടി ഇറ്റാലിയൻ തലസ്ഥാനത്തേക്ക് തന്നെ തിരികെയെത്തി. എക്സിബിഷൻ ബ്രോഷർ ഇതിനെ 'ഡാവിഞ്ചിയുടെ മാസ്റ്റർപീസിന്റെ അതിഗംഭീരമായ പകർപ്പാ'യിട്ടാണ് വിശേഷിപ്പിച്ചത്. സാൻ ഡൊമെനിക്കോ മാഗിയൂറിന്റെ ഓൺലൈൻ ലിസ്റ്റിംഗ് ഇതിനിടയിൽ ഈ കൃതിയെ 'നവീകരിക്കുകയും നന്നായി സംരക്ഷിക്കുകയും' ചെയ്ത ചിത്രമെന്നും വിശേഷിപ്പിച്ചു.

ഏതായാലും ഡാവിഞ്ചിയുടെ ശിഷ്യൻ വരച്ചതെന്ന് കരുതപ്പെടുന്ന ഈ പെയിന്റിംഗ് എപ്പോഴാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നേപ്പിൾസ് മ്യൂസിയം, 2020 ജനുവരിയിൽ റോമിൽ നിന്ന് പെയിന്‍റിംഗ് മടങ്ങിയെത്തിയതായും അത് തങ്ങളുടെ കൈവശം തന്നെയുള്ളതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഡാവിഞ്ചിയുടെ യഥാര്‍ത്ഥ സാല്‍വറ്റേര്‍ മുണ്ടി 2017 -ല്‍ ലേലത്തില്‍ വിറ്റുപോയത് 3,320 കോടിയിലേറെ രൂപയ്ക്കാണ്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആണ് അത് ലേലത്തില്‍ വിറ്റത്. 1958 -ല്‍ വെറും 4,427 രൂപയ്ക്ക് വിറ്റ പെയിന്റിം​ഗാണ് 2017 നവംബറിലെ ലേലത്തിൽ ഇത്രയധികം രൂപ നേടിയത്. ഏതായാലും 2017 -ലെ ലേലത്തിനുശേഷം ആ പെയിന്‍റിംഗ് ആരും കണ്ടിട്ടില്ലെന്നാണ് കരുതുന്നത്. 

 

click me!