ആണുങ്ങള്‍ക്കെന്താ ബെല്ലി ഡാന്‍സ് കളിച്ചാല്‍? 25 -കാരനായ ബെല്ലി ഡാന്‍സറിന്‍റെ അനുഭവം...

By Web TeamFirst Published Sep 19, 2019, 3:34 PM IST
Highlights

കോളേജില്‍ ബെല്ലി ഡാന്‍സ് അവതരിപ്പിച്ചതോടെ ശ്രാവണിനോടുള്ള മറ്റുകുട്ടികളുടെ പെരുമാറ്റം വളരെ മോശമായിത്തുടങ്ങി. സ്ത്രീകളെ പോലെ പെരുമാറാതെ പുരുഷന്മാരെ പോലെ പെരുമാറ് എന്ന് പറഞ്ഞവനെ കുത്തിനോവിച്ചു. 

25 -കാരനായ തെലു ശ്രാവണ്‍ കുമാര്‍ പുരുഷന്മാരില്‍ അധികമാരും തിരഞ്ഞെടുക്കാത്ത ഒരു ജോലി തിരഞ്ഞെടുത്ത ആളാണ്. ബെല്ലി ഡാന്‍സ്... തന്‍റെ ഓരോ ചലനത്തിലും സമൂഹത്തിന്‍റെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതുകയാണ് ഈ കലാകാരന്‍. എന്നാല്‍, ഒരു ബെല്ലി ഡാന്‍സറിലേക്കുള്ള ശ്രാവണിന്‍റെ വളര്‍ച്ച ഒട്ടും എളുപ്പമായിരുന്നില്ല. ഇന്ന്, പായല്‍ ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍. കൂടാതെ ഹൈദ്രാബാദിലെ കലാകാരന്മാര്‍ക്കിടയില്‍ അറിയപ്പെടുന്ന ആളും. LGBTQI+ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ് പ്രധാനമായും ശ്രാവണിന്‍റെ കലാവതരണം. 

വിജയവാഡയിലായിരുന്നു ശ്രാവണ്‍ ജനിച്ചതും വളര്‍ന്നതും. ഒരു ഫോക്ക് ഡാന്‍സറായിരുന്നു ശ്രാവണ്‍. കുട്ടിക്കാലം മുതലേ കലയോട് വല്ലാത്തൊരാത്മബന്ധം അവനുണ്ടായിരുന്നു. പ്രശസ്‍ത ബെല്ലി ഡാന്‍സര്‍ മെഹര്‍ മാലിക്കിന്‍റെ കലാപ്രകടനം യൂട്യൂബില്‍ കണ്ടതോടെയാണ് ശ്രാവണിനും ബെല്ലി ഡാന്‍സര്‍ ആകണമെന്ന മോഹം ഉള്ളിലുദിച്ചത്. അങ്ങനെ പയ്യെപ്പയ്യെ യൂട്യൂബ് നോക്കി അവന്‍ ബെല്ലി ഡാന്‍സ് പഠിക്കാനാരംഭിച്ചു. എന്നാല്‍, ശരീരത്തിന്‍റെ ചലനങ്ങള്‍ ശരിയാംവിധം പഠിച്ചെടുക്കണമെങ്കില്‍ ഒരു നല്ല അക്കാദമിയില്‍ ചേര്‍ന്നേതീരൂവെന്ന് അവന് വൈകാതെ തന്നെ മനസ്സിലായി. 

ഏതായാലും വീട്ടുകാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അവന്‍റെ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചു. ആദ്യമായി വിജയവാഡയില്‍ കാണികളുടെ മുന്നില്‍ ശ്രാവണ്‍ ബെല്ലി ഡാന്‍സ് അവതരിപ്പിച്ചു. ഒരു ആണ് ഇടുപ്പിളക്കി ഡാന്‍സ് ചെയ്യുന്നുവെന്നത് സദസ്സിന് അംഗീകരിക്കാന്‍ പോലുമായിരുന്നില്ലായെന്ന് ശ്രാവണ്‍ പറയുന്നു. എന്തുകൊണ്ട് ക്ലാസിക്കല്‍ ഡാന്‍സ് ചെയ്തൂടാ? എന്തുകൊണ്ട് ഫോക്ക് ഡാന്‍സില്‍ത്തന്നെ തുടര്‍ന്നൂടാ? തുടങ്ങിയ ചോദ്യങ്ങളാണ് പലരും ചോദിച്ചത്. ക്ലാസിക്കല്‍ ഡാന്‍സ് ഒരു പുരുഷന്‍ ചെയ്താല്‍ അംഗീകരിക്കാം, ബെല്ലി ഡാന്‍സ് ചെയ്താല്‍ അംഗീകരിക്കില്ല. എന്തുകൊണ്ടാണ് സമൂഹം ഇങ്ങനെ എന്നതാണ് ശ്രാവണിന്‍റെ ചോദ്യം. 

കോളേജില്‍ ബെല്ലി ഡാന്‍സ് അവതരിപ്പിച്ചതോടെ ശ്രാവണിനോടുള്ള മറ്റുകുട്ടികളുടെ പെരുമാറ്റം വളരെ മോശമായിത്തുടങ്ങി. സ്ത്രീകളെ പോലെ പെരുമാറാതെ പുരുഷന്മാരെ പോലെ പെരുമാറ് എന്ന് പറഞ്ഞവനെ കുത്തിനോവിച്ചു. അവര്‍ അവന്‍റെ ശരീരത്തില്‍ മോശമായി സ്‍പര്‍ശിച്ചു തുടങ്ങി. പരിഹസിക്കാന്‍ തുടങ്ങി. ശസ്ത്രക്രിയ ചെയ്ത് പെണ്ണായിക്കൂടേ എന്ന് ചോദിച്ചു. 

ഇങ്ങനെ എല്ലാ പരിഹാസങ്ങള്‍ക്കും വേദനകള്‍ക്കുമിടയിലും തളരാതെ നില്‍ക്കുക എന്നത് കഠിനമായിരുന്നു. അവന്‍ പക്ഷേ ഉയിര്‍ത്തുകൊണ്ടിരുന്നു. ആദ്യമാദ്യം താന്‍ ഈ കലയാണ് തെരഞ്ഞെടുക്കുന്നതെന്ന് അമ്മയെപ്പോലും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഒരു ഫോക്ക് ഡാന്‍സര്‍ കൂടിയായതിനാല്‍ അമ്മയ്ക്ക് അവനെ മനസിലായി. അമ്മ അവനെ പിന്തുണച്ചു. 'ബെല്ലി ഡാന്‍സ് ഒരു ആര്‍ട്ടാണ് എന്ന് ഞാനും മനസിലാക്കിയിരുന്നു. മറ്റുള്ളവര്‍ എന്നെയും എന്‍റെ പ്രൊഫഷനെയും എങ്ങനെ കാണുന്നുവെന്നതിനും മുകളിലാണ് അത്' ശ്രാവണ്‍ പറയുന്നു. 

അതിനിടെയാണ് മെഹര്‍ മാലിക് ഹൈദ്രാബാദില്‍ ഒരു ബെല്ലി ഡാന്‍സ് വര്‍ക് ഷോപ്പ് വെച്ചത്. അതില്‍ ആകെ രണ്ട് പുരുഷന്മാരേയുണ്ടായിരുന്നുള്ളൂ. ഒന്ന്, ശ്രാവണ്‍, രണ്ട് പൂനെയില്‍ നിന്നുള്ള ശിവാംഗ്. ശിവാംഗിന്‍റെ കണ്ടുമുട്ടിയത് അവന് വലിയ സന്തോഷം നല്‍കി. ബെല്ലി ഡാന്‍സ് മനോഹരമായി കളിക്കുന്ന രണ്ട് ആണ്‍കുട്ടികളെ കണ്ടത് മെഹറിനും സന്തോഷമായി. അതിനെ വളരെ സ്വാഭാവികമായിട്ടാണ് മെഹര്‍ കണ്ടിരുന്നത്. പായല്‍ ഡാന്‍സ് അക്കാദമിയില്‍ പ്രവേശനം നേടുന്നതിനായി മൂന്നു മാസം താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ശ്രാവണ്‍ പറയുന്നു. അവനൊഴികെ ബാക്കിയെല്ലാം സ്ത്രീകളാണ് അവിടെ പഠിക്കുന്നത്.

LGBTQI+ കമ്മ്യൂണിറ്റിക്ക് വേണ്ടി ഡാന്‍സ് ചെയ്തതും അതിനിടെയാണ്. അവരുടെ മുന്നിലാകുമ്പോള്‍ ഡാന്‍സ് ഹൃദയത്തില്‍നിന്നു വരുമെന്ന് ശ്രാവണ്‍ പറയുന്നു. അവരൊരിക്കലും എന്നെ ജഡ്‍ജ് ചെയ്യുകയോ, എന്നെ കളിയാക്കുകയോ ചെയ്യില്ല. എന്തുകൊണ്ട് ഇങ്ങനെയൊരു പ്രൊഫഷന്‍ തെരഞ്ഞെടുത്തു എന്ന് ചോദിക്കില്ല ശ്രാവണ്‍ പറയുന്നു. അവരുമായി ഏറെ അടുത്തിരിക്കുന്നുവെന്നും അതുവരെ കണ്ട സമൂഹത്തെക്കാള്‍ എത്രയോ മനസിലാകുന്നവരാണ് അവരെന്നും ശ്രാവണ്‍. 

കലയ്ക്ക് ലിംഗവ്യത്യാസമില്ല, അതുപോലെ ബെല്ലി ഡാന്‍സ് സമൂഹത്തിന്‍റെ പല സങ്കല്‍പ്പങ്ങളേയും തകര്‍ക്കുന്നവയാണ്. തടിച്ച ആളുകള്‍ക്ക് ഡാന്‍സ് വഴങ്ങില്ല എന്ന ധാരണയാണ് അതിലാദ്യം... അതിന് തടിച്ച വയറോ ഒന്നും ഒരു പ്രശ്നമല്ല. ബെല്ലി ഡാന്‍സ് എന്നാല്‍ വെറുതെ ഇടുപ്പിളക്കുകയല്ല മറിച്ച് ഒരു കലയെന്ന നിലയില്‍ അതില്‍ തന്നെത്തന്നെ ആവിഷ്കരിക്കലാണ് -ശ്രാവണ്‍ പറയുന്നു. 

click me!