ടിവിയോ ഇന്‍റര്‍നെറ്റോ ഇല്ലാത്തവര്‍ക്കായി കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തെരുവില്‍ വരച്ച് ചിത്രകാരന്‍

By Web TeamFirst Published Jun 13, 2020, 3:39 PM IST
Highlights

ചില ചിത്രങ്ങള്‍ക്കൊപ്പം വിവരണങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭാഷയില്‍ 'ചുമക്കുമ്പോഴും തുമ്മുമ്പോഴും ഹാന്‍ഡ് കര്‍ച്ചീഫ് ഉപയോഗിക്കുക' തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എഴുതിയിരിക്കുന്നത്. 

ആന്ധ്രപ്രദേശിലെ അനന്തപൂരിലുള്ള സോമശേഖര്‍ ഗുഡിപ്പള്ളി എന്ന 25 -കാരന്‍ അവസാന വര്‍ഷ ഫൈന്‍ ആര്‍ട്‍സ് വിദ്യാര്‍ത്ഥിയാണ്. ലോക്ക് ഡൗണില്‍ ജനങ്ങളെല്ലാം വീട്ടില്‍ത്തന്നെ ഇരിക്കുമ്പോള്‍ സോമശേഖര്‍ തന്‍റെ പെയിന്‍റ് ബ്രഷുമെടുത്ത് രാവിലെ വീട്ടില്‍ നിന്നിറങ്ങും. മാസ്‍കും ധരിച്ച് പെയിന്‍റ് ബ്രഷുമായി ഇറങ്ങുന്ന മകന്‍ ഉച്ചഭക്ഷണമെടുത്തോ എന്ന് ഉറപ്പുവരുത്തും അവന്‍റെ അമ്മ. 90 കിലോമീറ്റര്‍ യാത്ര ചെയ്‍ത് കാദിരി ഗ്രാമം അവന്‍ യാത്ര ചെയ്‍തെത്തിയ അനേകം ഗ്രാമങ്ങളില്‍ ഒന്നുമാത്രമാണ്. ഈ കൊറോണാക്കാലത്ത് ഈ യാത്ര എന്തിനാണെന്നല്ലേ?

ഓരോ ഗ്രാമത്തിലും ചെന്ന് ചുമരുകളില്‍ കൊവിഡ് 19 -നെ കുറിച്ചുള്ള ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരയ്ക്കുകയാണ് സോമശേഖര്‍. കര്‍ശനമായ ലോക്ക് ഡൗണ്‍ നിബന്ധനകളുണ്ടായിരുന്നുവെങ്കിലും ഒരു ഗ്രാമത്തിലും അവനെ പൊലീസ് തടഞ്ഞില്ല. നേരത്തെ തന്നെ പൊലീസ് വകുപ്പില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നുമെല്ലാം അനുമതി വാങ്ങിയായിരുന്നു സോമശേഖറിന്‍റെ യാത്ര. 50 ഗ്രാമങ്ങളിലായി കൊവിഡുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നല്‍കുന്ന 90 ചിത്രങ്ങളെങ്കിലും സോമശേഖര്‍ വളരെപ്പെട്ടെന്ന് തന്നെ വരച്ചു കഴിഞ്ഞിരുന്നു. 

 

ഗ്രാമത്തിലെ പലര്‍ക്കും ടെലിവിഷനോ, പത്രങ്ങളോ, ഇന്‍റര്‍നെറ്റോ ഇല്ല. അതുകൊണ്ടുതന്നെ ഈ മഹാമാരിയെക്കുറിച്ച് വേണ്ടത്ര വിവരം ലഭിക്കില്ല. അതുകൊണ്ടാണ് തെരുവില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തീരുമാനിച്ചതെന്ന് സോമശേഖര്‍ പറയുന്നു. സോമശേഖറിന്‍റെ സ്ട്രീറ്റ് പെയിന്‍റിംഗ്‍സ് മാസ്‍കിടുന്നതിനെ കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും തുടങ്ങി വിവിധ കൊവിഡ് 19 പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് അറിയാനും അവബോധമുണ്ടാക്കാനും സഹായിക്കുന്നതാണ്. 

 

ചില ചിത്രങ്ങള്‍ക്കൊപ്പം വിവരണങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭാഷയില്‍ 'ചുമക്കുമ്പോഴും തുമ്മുമ്പോഴും ഹാന്‍ഡ് കര്‍ച്ചീഫ് ഉപയോഗിക്കുക' തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എഴുതിയിരിക്കുന്നത്. ജനങ്ങളെല്ലാം വളരെ നല്ല രീതിയിലാണ് സോമശേഖറിന്‍റെ ചിത്രങ്ങളോട് പ്രതികരിച്ചത്. ഫാമിലെ തൊഴിലാളികളായ അച്ഛനും അമ്മയും അവനെ വേണ്ടപോലെ പിന്തുണക്കുന്നു. പെയിന്‍റ് വാങ്ങുന്നതിനും യാത്രാക്കൂലിക്കും ഒക്കെ അവരാണവനെ സഹായിക്കുന്നത്. 

 

ഇതിനുമുമ്പും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ ചിത്രങ്ങള്‍ക്കടക്കം നിരവധി പ്രശംസയും അംഗീകാരവും സോമശേഖറിനെ തേടിയെത്തിയിട്ടുണ്ട്. തന്‍റെ ചിന്തകളുടെയും ആശയങ്ങളുടെയും പ്രകടനങ്ങളാണ് തന്‍റെ വരയെന്നും എല്ലാ സാംസ്‍കാരിക, സാമൂഹിക അതിര്‍വരമ്പുകളും ഭേദിച്ച് അവ ജനങ്ങളിലെത്താറുണ്ടെന്നും സോമശേഖര്‍ പറയുന്നു. 
 

click me!