
ലോകമെമ്പാടുമുള്ള കലാകാരന്മാർ എപ്പോഴും എന്തെങ്കിലും പുതുമ കണ്ടെത്താനും, അസാധാരണമായ ആവിഷ്കാര മാർഗങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നു. അക്കൂട്ടത്തിൽ, ബ്രെൻഡ ഡെൽഗാഡോ(Brenda Delgado) എന്ന കലാകാരിയുടെ കലാ സൃഷ്ടികളും അല്പം വ്യത്യസ്‍തമാണ്. കാരണം അവർ വരക്കുന്നത് ചത്ത പാറ്റ(Dead cockroaches)യുടെ ചിറകുകളിലാണ്. പാറ്റ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ നെറ്റി ചുളിയും. എന്നാൽ, ഈ കലാകാരി തന്റെ ചിത്രങ്ങൾക്കുള്ള ക്യാൻവാസായി അവയെ ഉപയോഗിക്കുന്നു.
വേറെ എന്തൊക്കെ സാധനങ്ങളുണ്ട് എന്തിനാണ് ഒരു പാറ്റയുടെ പുറത്ത് തന്നെ വരക്കുന്നത് എന്ന് പലരും അവരോട് ചോദിച്ചു. ചത്ത പ്രാണികളെ കാണുമ്പോൾ തന്നെ പലർക്കും ഭയമാണ്. എന്നാൽ, കലാകാരന്മാർ അവരുടെ കഴിവുകൾ പുറത്തെടുക്കണമെന്നും, ഭയപ്പെടാതെ അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാണമെന്നുമുള്ള സന്ദേശമാണ് അവർ ഇതിലൂടെ ലോകത്തിന് നല്കാൻ ആഗ്രഹിക്കുന്നത്. മനിലയിലെ കാലൂക്കൻ സിറ്റിയിലാണ് കലാകാരി താമസിക്കുന്നത്. തനിക്ക് ഒരു നിമിഷത്തിൽ തോന്നിയ ഒരാശയമാണ് ഇതെന്ന് അവർ പറയുന്നു.
വീട് വൃത്തിയാക്കി കൊണ്ടിരിക്കുമ്പോഴാണ് 30 വയസുകാരി അവിടെ കിടന്ന ഒരു ചത്ത പാറ്റയെ ശ്രദ്ധിക്കുന്നത്. തിളങ്ങുന്നതും മിനുസമാർന്നതുമായ അതിന്റെ ചിറക് കണ്ടപ്പോൾ പെട്ടെന്ന് അവർക്ക് അത് ക്യാൻവാസായി ഉപയോഗിക്കാമെന്ന ചിന്ത തോന്നി. അങ്ങനെയാണ് അവർ ഇതിന് തുടക്കമിടുന്നത്. ഓയിൽ പെയിന്റ് ഉപയോഗിച്ചാണ് ചത്ത പാറ്റകളുടെ ശരീരത്തിൽ മനോഹരമായ ചിത്രങ്ങൾ അവർ സൃഷ്ടിക്കുന്നത്. മാർവലിന്റെ വെനം, ഗ്രീൻ ഗോബ്ലിൻ എന്നിവയുടെ ഛായാചിത്രങ്ങളും വിൻസെന്റ് വാൻ ഗോഗിന്റെ സ്റ്റാറി നൈറ്റും ഈ രീതിയിൽ അവർ വരച്ചു.
പത്ത് വയസ്സ് മുതൽ വരയ്ക്കാൻ ആരംഭിച്ചതാണെങ്കിലും, കഴിഞ്ഞ വർഷമാണ് ഈ പുതിയ മാർഗം പരീക്ഷിക്കാൻ തുടങ്ങിയത്. അവരുടെ ഈ ചിത്രങ്ങൾക്ക് വലിയ പ്രചാരമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഈ സൃഷ്ടികൾ ഓൺലൈനിൽ വളരെയധികം ആളുകൾ കാണുകയുണ്ടായി. എന്നാൽ നല്ല കമന്റുകൾക്കൊപ്പം, പാറ്റകൾ ചത്തിട്ടില്ലെന്നും, അതിന് ജീവനുണ്ടെന്നും, എന്തിനാണ് ഈ ക്രൂരത കാണിക്കുന്നതെന്നുമുള്ള നെഗറ്റീവ് കമന്റുകളും അവർക്ക് ലഭിക്കുന്നുണ്ട്.
അതേസമയം, പ്രാണികളുടെ മേൽ ചിത്രങ്ങൾ വരച്ച ആദ്യത്തെ വ്യക്തിയല്ല ഡെൽഗാഡോ. മെക്‌സിക്കൻ കലാകാരനായ ക്രിസ്റ്റ്യൻ റാമോസും പാറ്റയുടെ പുറത്ത് പ്രതിഷേധ ചിത്രങ്ങൾ വരയ്ക്കുകയുണ്ടായി. അരാജകത്വത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലായിരുന്നു അത്. വംശഹത്യ, യുദ്ധം, അക്രമം, വിവേചനം, വംശീയത, കൂടാതെ പൊതുവെ ആളുകൾ വെറുക്കുന്ന മറ്റ് പല നിഷേധാത്മക കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളെയാണ് അദ്ദേഹം വരക്കുന്നത്. ഒരു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും അദ്ദേഹം ചെയ്യുന്ന പ്രതിഷേധമാണിത്. ഈ കഥാപാത്രങ്ങൾ ചെയ്ത കാര്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ലെന്ന തിരിച്ചറിവാണ് ഈ പ്രതിഷേധത്തിന്റെ ലക്ഷ്യം. അഡോൾഫ് ഹിറ്റ്‌ലർ, ഫിഡൽ കാസ്‌ട്രോ, നിക്കോളാസ് മഡുറോ, കിം ജോങ് ഉൻ, വ്‌ളാഡിമിർ പുടിൻ എന്നിവരാണ് അദ്ദേഹം വരച്ച പേരുകേട്ട വ്യക്തിത്വങ്ങളിൽ ചിലർ.