Attukal Pongala 2023 : ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന് ; അറിഞ്ഞിരിക്കാം ചരിത്രവും ഐതിഹ്യവും

By Dr P B RajeshFirst Published Feb 25, 2023, 9:10 AM IST
Highlights

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തു കൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. 

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശാക്തേയ ക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവം ആണ് ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തു കൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 

മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം നാല് കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. 

മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്ത കഥയും കണ്ണകിയുടെ കഥയും എല്ലാം ആറ്റുകാൽ പൊങ്കാലയുമായി ചേർന്ന് വിശ്വസിക്കപ്പെടുന്നു.

കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അർപ്പിക്കാവു എന്നാ ണ് വിശ്വാസം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ച യെങ്കിലും വ്രതം ആരംഭിക്കും. ദിവസവും രണ്ടുനേരം കുളിച്ച്, മാത്സ്യ മാംസാദികൾ  ഒഴിവാക്കി സസ്യാഹാരം മാത്രമാണ് കഴിക്കാൻ പാടുള്ളൂ. 

കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോട് കൂടി വേണം വ്രതം എടുക്കാൻ.  പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ്  ക്ഷേത്രദർശനം നടത്തണം. പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നി വയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

 ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറൻ വസ്ത്രം ധരിച്ച്സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.

തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ് 

ചോറ്റാനിക്കരയിലെ മകം തൊഴൽ മാർച്ച് 6ന് ; ഐതിഹ്യം അറിയാമോ?

 

click me!