ഒറ്റദിവസം കിട്ടിയത് 193 കോടി, ടോള്‍ പിരിവില്‍ റെക്കോഡുമായി ദേശീയപാതാ അതോറിറ്റി!

Published : May 03, 2023, 01:22 PM IST
ഒറ്റദിവസം കിട്ടിയത് 193 കോടി, ടോള്‍ പിരിവില്‍ റെക്കോഡുമായി ദേശീയപാതാ അതോറിറ്റി!

Synopsis

2023 ഏപ്രിൽ 29-നായിരുന്നു ഫാസ്‌ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോൾ പിരിവ് ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചത്. ഏപ്രിൽ 29 ന് ടോൾ ഫീസായി 193.15 കോടി രൂപ പിരിച്ചതായി എൻഎച്ച്എഐ പ്രസ്‍താവനയിൽ അറിയിച്ചു. അതേ ദിവസം രേഖപ്പെടുത്തിയ മൊത്തം 1.16 കോടി ഇടപാടുകളിൽ നിന്നായാണ് ഈ തുക ലഭിച്ചത്.

ഫാസ്‍ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവിലൂടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കഴിഞ്ഞ മാസം നേടിയത് റെക്കോർഡ് വരുമാനം. 200 കോടിയോളം രൂപയാണ് കഴിഞ്ഞ മാസം മാത്രം നേടിയത്. 2021 ഫെബ്രുവരി മുതൽ എല്ലാ ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ   അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കിയതിന് ശേഷമുള്ള എക്കാലത്തെയും ഉയർന്ന ടോൾ പിരിവാണ് കഴിഞ്ഞ മാസം ഒറ്റ ദിവസം കൊണ്ട് 200 കോടി രൂപ ലഭിച്ചതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 

ഫാസ്‌ടാഗിലെ പ്രതിദിന ഇടപാടുകളും ഒരു കോടിയിലധികം പേയ്‌മെന്റുകൾ രജിസ്റ്റർ ചെയ്‍ത അതേ ദിവസം തന്നെയാണ് ടോള്‍പിരിവിലെ റെക്കോർഡ് ഉയർന്നതും.  2023 ഏപ്രിൽ 29-നായിരുന്നു ഫാസ്‌ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോൾ പിരിവ് ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചത്. ഏപ്രിൽ 29 ന് ടോൾ ഫീസായി 193.15 കോടി രൂപ പിരിച്ചതായി എൻഎച്ച്എഐ പ്രസ്‍താവനയിൽ അറിയിച്ചു. അതേ ദിവസം രേഖപ്പെടുത്തിയ മൊത്തം 1.16 കോടി ഇടപാടുകളിൽ നിന്നായാണ് ഈ തുക ലഭിച്ചത്.

ടോൾ പിരിവ് നിയന്ത്രിക്കാൻ എൻഎച്ച്എഐയെ കീഴിലുള്ള ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലും ഓടുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്‍ടാഗ് രണ്ട് വര്‍ഷം മുമ്പാണ് നിർബന്ധമാക്കിയത്. 2021 ഫെബ്രുവരി 15-നാണ് ഫാസ്‍ടാഗ് സംവിധാനം ഔദ്യോഗികമായി നടപ്പിലാക്കിയത്. അതിനുശേഷം ഫാസ്‍ടാഗ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്ന ടോൾ പ്ലാസകളുടെ എണ്ണം 770 ൽ നിന്ന് 1,228 ആയി ഉയർന്നു. സംസ്ഥാന ഏജൻസികൾ നടത്തുന്ന 339 ടോൾ പ്ലാസകളും ഇതിൽ ഉൾപ്പെടുന്നു.

ഫാസ്‍ടാഗ് സംവിധാനം ഒരു ഡിജിറ്റൽ ടോൾ പേയ്മെന്റ് സംവിധാനമാണ്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ച്, എല്ലാ ടോൾ ഗേറ്റിലും സ്ഥാപിച്ചിട്ടുള്ള സ്‍കാനറുകൾ വാഹനങ്ങളിലെ ഫാസ്‌റ്റാഗ് സ്റ്റിക്കറുകളിലെ കോഡ് വായിക്കുകയും ഫാസ്‌ടാഗ് ഐഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഫീസ് ഈടാക്കുകയും ചെയ്യുന്നു. ടോൾ പ്ലാസകളിലെ നീണ്ട ക്യൂ കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സംവിധാനം നടപ്പിലാക്കിയത്.

വാണിജ്യ ഇടങ്ങളിലെ കാർ പാർക്കിംഗുകൾ ഉള്‍പ്പെടെ, മറ്റ് സ്ഥലങ്ങളിലും തടസമില്ലാത്തതും സുരക്ഷിതവുമായ കോൺടാക്റ്റ്ലെസ് പേയ്‌മെന്റ് മോഡായും ഫാസ്‍ടാഗ് ഉപയോഗിക്കുന്നു. നിലവിൽ, ഇന്ത്യയില്‍ ഉടനീളമുള്ള 50 നഗരങ്ങളിലായി 140-ലധികം പാർക്കിംഗ് സ്ഥലങ്ങൾ ഫാസ്‍ടാഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഇന്ത്യയിൽ നിലവിൽ ഏഴ് കോടിയോളം ഫാസ്‍ടാഗ് ഉപഭോക്താക്കളുണ്ട് എന്നാണ് കണക്കുകള്‍. എൻഎച്ച്എഐയുടെ കണക്കനുസരിച്ച്, ഫാസ്‍ടാഗിന്റെ ഉപയോഗം ഏകദേശം 97 ശതമാനമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോൾ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സംവിധാനം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. പുതിയ സംവിധാനം ഫാസ്ടാഗിനെക്കാൾ വളരെ പുരോഗമിച്ചതും ടോൾ പ്ലാസകളുടെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതുമാണ്. ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും സ്‍കാനറുകൾ ഉപയോഗിച്ചായിരിക്കും ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം. വാഹനത്തിന്റെ രജിസ്ട്രേഷൻ പ്ലേറ്റ് സ്‍കാൻ ചെയ്യുകയും സഞ്ചരിച്ച ദൂരത്തിനനുസരിച്ച് ടോൾ ഫീസ് ഈടാക്കുകയും ചെയ്യുന്നതായിരിക്കും ഈ സംവിധാനം.
 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം