200 കിമീ മൈലേജുമായി വരുന്നൂ മേഡ് ഇന്‍ കേരള ഓട്ടോറിക്ഷ!

Web Desk   | Asianet News
Published : Feb 16, 2021, 07:10 PM IST
200 കിമീ മൈലേജുമായി വരുന്നൂ മേഡ് ഇന്‍ കേരള ഓട്ടോറിക്ഷ!

Synopsis

വാഹനത്തിന്‍റെ നിർമാണോദ്ഘാടനം തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ പ്ലാന്‍റില്‍ വ്യവസായമന്ത്രി ഇ പി  ജയരാജൻ നിർവഹിക്കും

ഒരു കിടിലന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള വാഹന നിര്‍മ്മാണ കമ്പനിയായ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ്. ഹിറ്റോ എന്ന പേരില്‍ വിപണിയിൽ എത്തുന്ന ഈ ഓട്ടോറിക്ഷയ്ക്ക് ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്‍താല്‍ 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിന്‍റെ നിർമാണോദ്ഘാടനം തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ പ്ലാന്‍റില്‍ ഫെബ്രുവരി 17-ന് വ്യവസായമന്ത്രി ഇ പി  ജയരാജൻ നിർവഹിക്കുമെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഹൈക്കോണ്‍ സ്വയം നിര്‍മിച്ച ലിഥിയം ബാറ്ററികളാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഹൃദയം. 60 കിലോമീറ്റർ സ്‍പീഡും പത്ത് കിലോവാട്ട് അവർ ശേഷിയുമുണ്ട് ഈ ലിഥിയം അയേൺ ബാറ്ററിക്ക്. വെള്ളം കയറിയാലും തകരാറിലാകാത്ത വാട്ടര്‍പ്രൂഫ് ബാറ്ററികളാണ് ഓട്ടോയുടെ മറ്റൊരു പ്രത്യേകത. ഒരു കിലോമീറ്റര്‍ ഓടാന്‍ അന്‍പതു പൈസ മാത്രമേ ചെലവ് വരുകയുള്ളൂവെന്ന് കമ്പനി പറയുന്നു. ഡീസല്‍, പെട്രോള്‍ ഓട്ടോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന ഇനത്തില്‍ പ്രതിദിനം നാനൂറോളം രൂപ ലാഭിക്കാം. ഹിറ്റോയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു യാത്ര ചെയ്യാം. 

അഞ്ചുമണിക്കൂർ 50 മിനിറ്റുകൊണ്ട് വീട്ടിൽ ചാർജ് ചെയ്യാം. സ്പീഡ് ചാർജറാണെങ്കിൽ രണ്ടുമണിക്കൂർ മതി.  എആർആർഐയുടെ അംഗീകാരം നേടിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യസ്ഥാപനം ഇലക്‌ട്രിക് ഓട്ടോറിക്ഷ വിപണിയില്‍ എത്തിക്കുന്നത്. 2.95 ലക്ഷമാണ് ഹിറ്റോയ്ക്ക് വിലവരിക. ഓട്ടോമാറ്റിക് സംവിധാനത്തിലാണ് ഓട്ടോ ഓടിക്കേണ്ടത്. ഓട്ടോ ഓടിക്കാന്‍ പെര്‍മിറ്റ് വേണ്ടെന്ന പ്രത്യേകത കൂടിയുണ്ട്. കോള്‍സെന്ററില്‍ ബന്ധപ്പെട്ടാല്‍ ഉടനെ ഓട്ടോയുടെ അടുത്തേയ്ക്ക് ജീവനക്കാരെത്തി സര്‍വീസ് നടത്തുമെന്നും കമ്പനി പറയുന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് ഹൈക്കോണിന്‍റെ വാഹന നിര്‍മ്മാണ ശാല. ഇവിടെ പ്രതിമാസം ഇരുന്നൂറ് ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മിക്കാന്‍ സാധിക്കും. 

തൃശൂര്‍ സ്വദേശിയായ ക്രിസ്റ്റോ ജോർജ് 1991 ലാണ് തൃശൂര്‍ ആസ്ഥാനമായ ഹൈകോൺ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുന്നത്.  30 വര്‍ഷം മുമ്പ് വെറും അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. യുപിഎസ്, ഇൻവെർട്ടറുകൾ, സെർവോ സ്റ്റെബിലൈസറുകൾ, സൗരോർജ്ജ ഉൽ‌പന്നങ്ങൾ, സോളാർ വാട്ടർ ഹീറ്ററുകൾ, സോളാർ ലൈറ്റുകൾ എന്നിവ നിർമ്മിക്കുന്ന മുന്‍നിര കമ്പനിയായിട്ടായിരുന്നു  ഹൈകോൺ ഇന്ത്യയുടെ വളര്‍ച്ച. 

തുടക്കത്തിൽ, വ്യത്യസ്‍ത ഉൽ‌പന്ന വിഭാഗങ്ങൾക്കായി പ്രത്യേക കമ്പനികളായിരുന്നു സ്ഥാപിക്കപ്പെട്ടത്. ഹൈകോൺ ഇലക്ട്രോണിക് സിസ്റ്റംസ്, ഹൈകോൺ പവർ ഇലക്ട്രോണിക്സ്, ഹൈകോൺ സോളാർ എനർജി, ഹൈകോൺ ഇന്ത്യ എന്നിങ്ങനെ നാല് വ്യത്യസ്‍ത കമ്പനികളായിരുന്നു ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2017ല്‍ ഈ കമ്പനികളെല്ലാം ലയിപ്പിച്ച് ഹൈകോൺ ഇന്ത്യ എന്ന ഒരൊറ്റ സ്ഥാപനമാക്കി മാറ്റുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കായി ലിഥിയം ഫെറോഫോസ്ഫേറ്റ് (LiFePO4) ബാറ്ററി പായ്ക്കുകൾ നിർമ്മിക്കുന്നതിനായി 2018ലാണ് ഹൈകോൺ ഇന്ത്യയെ വൈവിധ്യവത്കരിക്കുന്നത്. 

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ