ഇത് ചെറിയ കളിയല്ലെന്ന് ബജാജ്, അമ്പരന്ന് റോയല്‍ എന്‍ഫീല്‍ഡ്!

By Web TeamFirst Published Jun 27, 2019, 4:53 PM IST
Highlights

2018 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 59 ശതമാനം വര്‍ദ്ധനവാണ് പുത്തന്‍ ഡൊമിനര്‍ സ്വന്തമാക്കിയത്. 

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളാണ്  ഡൊമിനർ 400. 2016 ഡിസംബറിലാണ് ആദ്യ ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമായ ഡൊമിനറിന്‍റെ  പുതിയ മോഡല്‍ അടുത്തിടെയാണ് വിപണിയിലെത്തിയത്. റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളിയ പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ ഡൊമിനര്‍ വിപണയില്‍ മികച്ച പ്രകടനത്തോടെ മുന്നേറുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

2018 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 59 ശതമാനം വര്‍ദ്ധനവാണ് പുത്തന്‍ ഡൊമിനര്‍ സ്വന്തമാക്കിയത്. 2018 മെയ് മാസത്തില്‍ 1,191 യൂണിറ്റായിരുന്നു വില്‍പ്പന. ഈ വര്‍ഷം 1,888 യൂണിറ്റായിട്ടാണ് ഇത് ഉയര്‍ന്നത്. 2019 ഏപ്രില്‍-മെയ് മാസങ്ങളിലെ വില്‍പ്പനക്കണക്കുകള്‍ ചേര്‍ത്താല്‍ ആകെ 3,234 യൂണിറ്റ് ഡൊമിനര്‍ ബൈക്കുകള്‍ കമ്പനി വിറ്റു. 2018 -ല്‍ ഇത് 2,564 യൂണിറ്റ് മാത്രമായിരുന്നു. അതായത് വില്‍പ്പനയില്‍ 26.13 ശതമാനം വളര്‍ച്ച ബൈക്ക് സ്വന്തമാക്കി. 

എന്നാല്‍, കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാന്‍ പുതിയ ഡൊമിനറിന് സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.  39.21 ശതമാനം ഇടിവാണ് കയറ്റുമതിയില്‍. 2018 മെയ് മാസത്തില്‍ 2,132 യൂണിറ്റ് കയറ്റുമതിയുണ്ടായിരുന്ന ബൈക്കിന് ഇത്തവണ 1,296 യൂണിറ്റ് മാത്രമെ കയറ്റുമതി ചെയ്യാനായുള്ളു. 

2019 ഏപ്രിലിലാണ് പുത്തന്‍ ഡൊമിനറിനെ ബജാജ് അവതരിപ്പിക്കുന്നത്. ബൈക്കിന്‍റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളോടെയുമാണ് പുതിയ ഡൊമിനര്‍ എത്തുന്നത്. മുന്‍ മോഡലിനെക്കാള്‍ 11000 രൂപ അധികമാണ് പുതിയ ഡൊമിനറിന്‌.

മുമ്പുണ്ടായിരുന്ന SOHC എന്‍ജിന് പകരം DOHC എന്‍ജിനായിരിക്കും പുതിയ ഡൊമിനറിന്‍റെ ഹൃദയം. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്‍ജിന്‍ തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്‍റെ എന്‍ജിന്‍ ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു.  പുതിയ ഡൊമിനറില്‍ 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്ക് ലഭിക്കും. നേരത്തെ 6500 ആര്‍പിഎമ്മിലായിരുന്നു ഇത്രയും ടോര്‍ഖ് ലഭിച്ചിരുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്സ് തന്നെയാണ് ട്രാന്‍സ്‍മിഷന്‍.

8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത 175 കിലോമീറ്ററാണ്. ഇരട്ട ചാനല്‍ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സുരക്ഷയൊരുക്കും. 

അതേസമയം ബൈക്കിന്‍റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന്‌ 836 ആയി ഉയര്‍ന്നു.  വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്‍റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമാണ് ബൈക്കിന്‍റെ ആകെ ഭാരം. 

ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഡൊമിനറിനെ സ്‌പോര്‍ട്ടിയാക്കുന്നു. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ എന്നിവയാണ് നിരത്തില്‍ ഡൊമിനറിന്റെ മുഖ്യ എതിരാളികള്‍.

click me!