ഈ ബൈക്ക് വളവില്‍ ചെരിഞ്ഞാലും വീഴാന്‍ ഇത്തിരി പുളിക്കും!

By Web TeamFirst Published Apr 29, 2019, 9:56 AM IST
Highlights

ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ 2019 മോഡല്‍ സ്‌ക്രാംബ്ലര്‍ 800 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 

ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ 2019 മോഡല്‍ സ്‌ക്രാംബ്ലര്‍ 800 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.  കോര്‍ണറിംഗ് എബിഎസ്  ഉല്‍പ്പെടെ നിലവിലെ മോഡലില്‍ നിന്നും നിരവധി മാറ്റങ്ങളോടെ സ്‌ക്രാംബ്ലര്‍ ഐക്കണ്‍, കഫേ റേസര്‍, ഡെസേര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍ എന്നീ വേരിയന്റുകളിലെത്തുന്ന മോഡലിന് യഥാക്രമം 7.89 ലക്ഷം, 9.78 ലക്ഷം, 9.93 ലക്ഷം രൂപ, 8.92 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. 

2019 മോഡല്‍ സ്‌ക്രാംബ്ലര്‍ 800 അടിമുടി മാറി. ലളിതവും ശക്തവുമായ എന്‍ജിന്‍, വിസ്താരമേറിയ ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ പുതിയ ശ്രേണിയുടെ പ്രത്യേകതകളാണ്. വൃത്താകൃതിയിലുള്ള റെട്രോ ഹെഡ്‌ലാംപില്‍ പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കി.  പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ഫ്യൂവല്‍ ഗേജ്, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയുമുണ്ട്. 

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡുകാറ്റി മള്‍ട്ടിമീഡിയ സിസ്റ്റം ഓപ്ഷണല്‍ എക്‌സ്ട്രാ ആയി ലഭിക്കും. പെയര്‍ ചെയ്താല്‍ സ്‌ക്രീനില്‍ കോളുകള്‍, മെസ്സേജുകള്‍, മ്യൂസിക് ഇന്‍ഫര്‍മേഷന്‍ എന്നിവ തെളിയും. ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഈ മള്‍ട്ടി മീഡിയ സിസ്റ്റം വഴി ഇഷ്ടഗാനങ്ങള്‍ ആസ്വദിക്കാം. ഇന്‍കമിങ് കോളുകള്‍ക്ക് മറുപടി പറയാം. ഇന്റര്‍കോം വഴി സംസാരിക്കുകയും ചെയ്യാം. 

കോര്‍ണറിംഗ് എബിഎസാണ് ബൈക്കിലെ മറ്റൊരു വലിയ മാറ്റം. ബൈക്ക് വളവുകളില്‍ ചെരിയുമ്പോള്‍ ഡുവല്‍ ചാനല്‍ എബിഎസ് സിസ്റ്റം കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കോര്‍ണറിംഗ് എബിഎസ് മോട്ടോര്‍സൈക്കിളുകളാണ് ഡ്യുകാറ്റി സ്‌ക്രാംബ്ലര്‍ എന്നതാണ് പ്രത്യേകത. 

ഭാരം കുറഞ്ഞ ക്ലച്ച് അസംബ്ലി, ക്രമീകരിക്കാവുന്ന ക്ലച്ച് ലിവര്‍ എന്നിവയും സവിശേഷതകളാണ്. സീറ്റ് കുഷ്യന്‍ മാറ്റി. സ്‌ക്രാംബ്ലര്‍ ഐക്കണില്‍ 10 സ്‌പോക്ക് അലോയ് വീലുകളും ഡെസേര്‍ട്ട് സ്ലെഡ്, കഫേ റേസര്‍ മോഡലുകളില്‍ വയര്‍ സ്‌പോക്ക് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. 

നിലവിലെ 803 സിസി, എല്‍-ട്വിന്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് 2019 ഡുകാറ്റി സ്‌ക്രാംബ്ലര്‍ 800 ന്‍റെയും ഹൃദയം. 8,250 ആര്‍പിഎമ്മില്‍ 73.4 എച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 67 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. കറുപ്പ് ഫ്രെയിം, കറുപ്പ് സീറ്റ്, ഗ്രേ റിമ്മുകള്‍, ക്ലാസിക് 62 മഞ്ഞ എന്നീ നിറങ്ങളിലാണ് ബൈക്കുകള്‍ എത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഈ മോഡല്‍ ആദ്യം അവതരിപ്പിച്ചത്. ഐക്കണ്‍, ഡെസേര്‍ട്ട് സ്ലെഡ്, കഫേ റേസര്‍ വേരിയന്റുകള്‍ ബുക്ക് ചെയ്‍തവര്‍ക്ക് ഉടന്‍  ലഭിച്ചു തുടങ്ങും. എന്നാല്‍ ഫുള്‍ ത്രോട്ടില്‍ വേരിയന്റ് ജൂണോടെ മാത്രമേ ഉപഭോക്താക്കള്‍ക്ക ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും തായ്‌ലന്‍ഡില്‍  നിര്‍മ്മിച്ച ബൈക്കുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 

click me!