സെലേറിയോ എക്‌സ് ബിഎസ്6 എത്തി

By Web TeamFirst Published Mar 29, 2020, 12:16 PM IST
Highlights

ജനപ്രിയ ക്രോസ് ഹാച്ച് മോഡൽ ആയ സെലേറിയോ എക്‌സിന്റെ ബിഎസ്6 വകഭേദം വിപണിയിലെത്തിച്ച്  മാരുതി സുസുക്കി.

ജനപ്രിയ ക്രോസ് ഹാച്ച് മോഡൽ ആയ സെലേറിയോ എക്‌സിന്റെ ബിഎസ്6 വകഭേദം വിപണിയിലെത്തിച്ച്  മാരുതി സുസുക്കി. 8 വേരിയന്റുകളിലായി വില്പനക്കെത്തിയിരിക്കുന്ന പുത്തൻ സെലേറിയോ എക്‌സിന് Rs 4.9 ലക്ഷം മുതൽ Rs 5.67 ലക്ഷം വരെയാണ് എക്‌സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലിനേക്കാൾ ഏകദേശം 10,000 രൂപ ഓരോ വേരിയന്റിനും വില വർധിച്ചിട്ടുണ്ട്.

1.0 ലിറ്റർ ട്രിപ്പിൾ സിലിണ്ടർ കെ10ബി പെട്രോൾ എഞ്ചിനാണ് ബിഎസ്6 സെലെരിയോ എക്സിന്റെ ഹൃദയം. 67 ബിഎച്ച്പി പവറും 90 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ അഞ്ച് സ്പീഡ് എജിഎസ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എഎംടി) ഓപ്ഷനുമുണ്ട്. ബി‌എസ്6 സെലെരിയോ എക്സിന് ലിറ്ററിന് 21.63 കിലോമീറ്റർ മൈലേജ് ആണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

പരിഷ്കരിച്ച എൻജിൻ മാറ്റി നിർത്തിയാൽ പുത്തൻ സെലേറിയോ എക്‌സിന്റെ ഡിസൈനിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ബ്ലാക്ക് ഇൻസേർട്ടുകൾ ഉള്ള അഗ്രെസ്സിവ് ആയ മുൻ പിൻ ബമ്പറുകൾ, സൈഡ് ക്ലാഡിങ്, ഇന്റഗ്രേറ്റഡ് റൂഫ്റെയ്‌ൽസ്‌, കറുപ്പ് നിറത്തിലുള്ള വീൽ ക്യാപ്പുകൾ എന്നിവയാണ് സെലേറിയോ എക്‌സിന് സ്‌പോർട്ടി മുഖഭാവം നൽകുന്നത്. പവർ വിൻഡോകൾ, എസി, യുഎസ്ബി, ഓക്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യൂ മിററുകൾ, കീലെസ് എൻട്രി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. സൈഡ് എയർബാഗ്, എ‌ബി‌എസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ‌, സ്പീഡ് അലേർ‌ട്ട് സിസ്റ്റം എന്നിവ സ്റ്റാൻ‌ഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. അതെ സമയം, പാസഞ്ചർ എയർബാഗ് ഓപ്ഷണൽ ആണ്.

റഗുലര്‍ സെലേറിയോയുടെ ബിഎസ്6 പതിപ്പ് ഈ ജനുവരി ഒടുവിലാണ് മാരുതി അവതരിപ്പിച്ചത്. അടിസ്ഥാന വകഭേദം എല്‍എക്‌സ്‌ഐ വേരിയന്റിന് 4.41 ലക്ഷം രൂപയും, ഇസഡ് എക്‌സ്‌ഐ എഎംടി വേരിയന്റിന് 5.67 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. നിലവിലെ ബിഎസ്4 പതിപ്പില്‍ നിന്നും 15,000 രൂപ മുതല്‍ 24,000 രൂപയുടെ വരെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

നിലവിലെ 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് 6 നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയത്. ഈ എഞ്ചിന്‍ 68 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അതേസമയം എഞ്ചിന്‍ നവീകരിച്ചതോടെ വാഹനത്തിന്റെ മൈലേജ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

click me!