പുതിയ മോൺസ്റ്റർ അവതരിപ്പിച്ച് ഡ്യുക്കാറ്റി; വില 10.99 ലക്ഷം മുതൽ

Web Desk   | others
Published : Sep 26, 2021, 10:03 PM IST
പുതിയ മോൺസ്റ്റർ അവതരിപ്പിച്ച് ഡ്യുക്കാറ്റി; വില 10.99 ലക്ഷം മുതൽ

Synopsis

മോൺസ്റ്റർ 10.99 ലക്ഷം രൂപയ്ക്കും മോൺസ്റ്റർ പ്ലസ് 11.24 ലക്ഷം രൂപയ്ക്കും ലഭ്യമാകും. സ്പോർട്ട്‌ (Sport), അർബൻ  (Urban), ടൂറിങ് (Touring) എന്നിങ്ങനെ മൂന്ന്‌ റൈഡിങ് മോഡുകളാണ് മോൺസ്റ്ററിനുള്ളത്. 

റ്റാലിയന്‍ (Italian) ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റിയുടെ ( Ducati) ഏറ്റവും പുതിയ സ്പോർട്സ് ബൈക്കായ മോൺസ്റ്റർ (Ducati Monster), മോൺസ്റ്റർ പ്ലസ് (Ducati Monster Plus) മോഡലുകൾ പുറത്തിറക്കി. മോൺസ്റ്റർ 10.99 ലക്ഷം രൂപയ്ക്കും മോൺസ്റ്റർ പ്ലസ് 11.24 ലക്ഷം രൂപയ്ക്കും ലഭ്യമാകും. സ്പോർട്ട്‌ (Sport), അർബൻ  (Urban), ടൂറിങ് (Touring) എന്നിങ്ങനെ മൂന്ന്‌ റൈഡിങ് മോഡുകളാണ് മോൺസ്റ്ററിനുള്ളത്. 

ഭാരക്കുറവാണ് പുതിയ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷത. പഴയ മോണ്‍സ്റ്ററിനെക്കാള്‍ 18 കിലോ കുറവാണ് പുതിയ മോഡലിന്. 166 കിലോഗ്രാമാണ് വണ്ടിയുടെ ഭാരം. ഒതുങ്ങിയതും ഭാരം കുറഞ്ഞതുമായ മോണ്‍സ്റ്ററില്‍ സ്‌പോര്‍ടി എന്‍ജിനും സൂപ്പര്‍ബൈക്കില്‍ നിന്നു പ്രചോദനമുള്‍ക്കൊള്ളു ഫ്രെയിമും ബൈക്കിലുണ്ട്. എയറോഡൈനാമിക് വിന്‍ഡ് ഷീല്‍ഡും പിന്‍ സീറ്റ് കവറും സ്റ്റാന്റേഡ് ഘടകമായി മോസ്റ്റര്‍ പ്ലസിനൊപ്പം ലഭിക്കും

സവാരിയുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് ബൈക്കിന്റെ സ്വഭാവം രൂപപ്പെടുത്തുതിന് വ്യത്യസ്‍ത റൈഡിംഗ് മോഡുകള്‍ സഹായിക്കുന്നു. കണ്‍ട്രോളുകളെല്ലാം ഹാന്‍ഡില്‍ ബാറില്‍ തന്നെ ക്രമീകരിച്ചിരിക്കുന്നു. കൊച്ചിയിലെ ഡുകാറ്റി ഷോറൂമില്‍ ബുക്കിംഗ് ആരംഭിച്ചു. വിതരണം ഉടന്‍ ആരംഭിക്കും. റൈഡറുമായി പെട്ടെന്നു തന്നെ പൊരുത്തത്തിലാകുന്ന ആധുനികവും സുഗമവുമായ ഷാസിയുള്ള ബൈക്കാണിത്. കൈകള്‍ക്ക് അമിതഭാരം നല്‍കാത്ത റൈഡിംഗ് പൊസിഷനും പവറും ടോര്‍ക്കും നന്നായി സന്തുലനം ചെയ്യുന്ന എന്‍ജിനും ബൈക്കിന്റെ പ്രത്യേകതകളാണ്.

ഡെസ്‌മോഡ്രോമിക് ഡിസ്ട്രിബ്യൂഷനുള്ളതും ബി എസ് 6 മാനദണ്ഡം പാലിക്കുന്നതുമായ 937 സിസി എല്‍-ട്വിന്‍, ടെസ്റ്റാസ്‌റ്റ്രെറ്റാ 11 എന്ന പുതിയ എന്‍ജിനാണ് മോണ്‍സ്റ്ററിന്‍റെ ഹൃദയം. പഴയ 821 എന്‍ജിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസ്‌പ്ലേസ്‌മെന്റും പവറും ടോര്‍ക്കും വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കുകയും (2.4 കി.ഗ്രാം) ചെയ്തിരിക്കുന്ന എന്‍ജിനാണിത്. 9250 ആര്‍ പി എമ്മില്‍ 111 എച് പിയും 6,500 ആര്‍ പി എമ്മില്‍ 93 എന്‍എം പരമാവധി ടോര്‍ക്കും നല്‍കിക്കൊണ്ട്, വളരെ കാര്യക്ഷമമായും ചടുലമായ ത്രോട്ടില്‍ റെസ്‌പോണ്‍സോടെയും പ്രവര്‍ത്തിക്കുന്നു. 

തറയില്‍ നിന്നുള്ള സീറ്റിന്റെ ഉയരം 820 എംഎം ആണ്. സീറ്റിന്റെ മുന്‍വശം ഇടുങ്ങിയതും പിന്‍ഭാഗം വിശാലവുമാണ്. ഇത് ഓടിക്കുന്നയാള്‍ക്ക് മികച്ച റൈഡിങ് അനുഭവം സമ്മാനിക്കും. കൂടാതെ എളുപ്പത്തില്‍ കാല് കുത്താനും സഹായിക്കുന്നു. സീറ്റിന്റെ ഉയരം ക്രമീകരിക്കുകയും ചെയ്യാം.

ഡുകാറ്റിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലാണ് മോണ്‍സ്റ്റര്‍. കൂടുതല്‍ സ്‌പോര്‍ടിയായ ഭാരം കുറഞ്ഞ, സവാരി ചെയ്യാന്‍ എളുപ്പമുള്ള ബൈക്കായതുകൊണ്ടു തന്നെ പുതിയ റൈഡര്‍മാര്‍ക്കും പരിചയസമ്പരായ റൈഡര്‍മാര്‍ക്കും ഇത് ഉപയോഗിക്കാന്‍ ഇണങ്ങിയതായിരിക്കുമെന്നു ഡുകാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറഞ്ഞു. ആഗോളതലത്തില്‍ വളരെ ആവേശകരമായ പ്രതികരണമാണ് പുതിയ മോണ്‍സ്റ്ററിനു ലഭിച്ചത്. ഇന്ത്യയിലും ഇതൊരു വന്‍വിജയമായി മാറുമെന്നും ബിപുല്‍ ചന്ദ്ര പറഞ്ഞു

 ഡുകാറ്റി റെഡ്, ഡാര്‍ക് സ്റ്റെല്‍ത്, ഏവിയേറ്റര്‍ ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും.  ഒരു ലക്ഷം രൂപ ടോക്കണ്‍ നല്‍കി വാഹനം ബുക്ക് ചെയ്യാം. വാഹനത്തിന്റെ വിതരണം ഉടൻ ആരംഭിക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം