വീണ്ടും പരീക്ഷണയോട്ടവുമായി മഹീന്ദ്ര XUV500

By Web TeamFirst Published Sep 9, 2020, 8:24 AM IST
Highlights

ഇപ്പോഴിതാ ഏറ്റവും പുതിയ പരീക്ഷണയോട്ട ചിത്രങ്ങളും പുറത്തുവന്നു


രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ പുതിയ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ നേരത്തെ നിരവധി തവണ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ പരീക്ഷണയോട്ട ചിത്രങ്ങളും പുറത്തുവന്നു. പൂര്‍ണമായും മൂടിക്കെട്ടി  പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ഓട്ടോ വെബ്‍സൈറ്റ് ഗാഡിവാഡിയാണ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങളില്‍ കൂടുതല്‍ വ്യക്തമായ ഗ്രില്ലും പുതിയ ഫ്രണ്ട് ഫാസിയയും മഹീന്ദ്ര ലോഗോയും കാണാന്‍ സാധിക്കും. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ ബോണറ്റ് ഘടന,ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും ഉള്‍പ്പെടുത്തിയേക്കും. ഒരു പുതിയ ഡാഷ്ബോര്‍ഡ് ലേ ഔട്ട്, ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏറ്റവും പുതിയ കണക്ട് ചെയ്ത സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ വാഹനത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എഞ്ചിന്‍ 152 bhp കരുത്തും 360 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചും വാഹനം വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020 മെയ് മാസത്തിലാണ് വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. അടുത്തിടെ വാഹനത്തിന്‍റെ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് ഓപ്ഷനും അവതരിപ്പിച്ചു. 2011ല്‍ അരങ്ങേറ്റം കുറിച്ച എക്‌സ്‌യുവി 500 മഹീന്ദ്ര, പിന്നീട് ഏതാനും തവണ പരിഷ്‌കരിച്ചിരുന്നു. കൂടുതല്‍ പുതുമയുള്ള മുഖം നല്‍കാനായി പൂര്‍ണമായും നവീകരിച്ച  രൂപകല്‍പ്പനയാണ് എക്‌സ്‌യുവി 500 എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മിഷിഗനിലുള്ള നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ്‌യുവിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായ പിനിന്‍ഫരിനയുടെ സേവനവും ലഭ്യമാണ്.

click me!