എതിരാളികള്‍ വീണ്ടും കുടുങ്ങും, നെക്‌സോണില്‍ ടാറ്റയുടെ പുതിയ സൂത്രപ്പണി!

By Web TeamFirst Published Dec 20, 2020, 8:53 AM IST
Highlights

പുത്തന്‍ നെക്സോണിന്‍റെ പരീക്ഷണം പൂനെയില്‍ പുരോഗമിക്കുന്നു

ജനപ്രിയ മോഡലുകളിലൊന്നായ നെക്‌സോണിനെ കൂടുതല്‍  കരുത്തുറ്റതാക്കാന്‍ ടാറ്റ മോട്ടോഴ്‍സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വാഹനത്തില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കങ്ങള്‍ അണിയിറയില്‍ പുരോഗമിക്കുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുത്തന്‍ നെക്സോണിന്‍റെ പരീക്ഷണം പൂനെയില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  നെക്‌സോണിനെക്കൂടാതെ ടാറ്റയുടെ പ്രീമിയം എസ്.യു.വി മോഡലായ അല്‍ട്രോസിലും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏഴ് സ്പീഡ് ഡി.ടി-1 ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇരു മോഡലുകളിലും നല്‍കുകയെന്നാണ് വിവരം. നിലവില്‍ നെക്‌സോണില്‍ നല്‍കിയിട്ടുള്ള ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനെക്കാള്‍ മികച്ച പ്രകടനം ഡി.സി.ടി. നല്‍കും. ഇതിനുപുറമെ, പരമ്പരാഗത ഡി.സി.ടിയെക്കാളും ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളെക്കാളും പരിമിതമായ വിലയില്‍ ഇത് ലഭ്യമാക്കാനും ശ്രമിക്കും.

200 എന്‍.എം. വരെ ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കായാണ് ടാറ്റ ഈ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ വികസിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലുകള്‍ക്കാണ് ഈ ട്രാന്‍സ്മിഷന്‍ ഒരുങ്ങുന്നത്. നിലവില്‍ 119 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമാണ് നെക്‌സോണ്‍ ഉത്പാദിപ്പിക്കുന്നത്. ഈ ട്രാന്‍സ്മിഷന്‍ നല്‍കുന്നതോടെ ടോര്‍ക്ക് 260 എന്‍.എം. ആയി ഉയര്‍ത്തിയേക്കും. 

ട്രാന്‍സ്മിഷനിലും എന്‍ജിനിലും പുതുമ വരുത്തുന്നുണ്ടെങ്കിലും ലുക്കില്‍ മാറ്റമൊന്നും ഉണ്ടാകില്ല. ഡി.സി.ടിയിലേക്ക് മാറുന്നതോടെ വിലയില്‍ ഒരു ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ പെട്രോള്‍ മോഡലിന്‌ 6.99 ലക്ഷം രൂപ മുതല്‍ 11.34 ലക്ഷം രൂപ വരെയും ഡീസലിന് 8.44 ലക്ഷം രൂപ മുതല്‍ 12.70 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ ഷോറും വില.

ടാറ്റയുടെ മുഖച്ഛായ മാറ്റിയ വാഹനമായ നെക്സോണ്‍ നിരത്തിലെത്തിയിട്ട് അടുത്തിടെ മൂന്നുവര്‍ഷം തികഞ്ഞിരുന്നു. 2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. 1.50 ലക്ഷം യൂണിറ്റിലധികം നെക്സോണുകള്‍ ഇപ്പോള്‍ നിരത്തുകളിലുണ്ടെന്നാണ് കണക്കുകള്‍. 

17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്. ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.

ഈ വർഷം ആദ്യമാണു മലിനീകരണ നിയന്ത്രണത്തിൽ ബി എസ് 6 നിലവാരമുള്ള നെക്സോണ്‍ വിപണിയില്‍ എത്തിയത്. പിന്നാലെ 2020 സെപ്റ്റംബറില്‍ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പെരുമയും  ടാറ്റ നെക്സോണ്‍ സ്വന്തമാക്കിയിരുന്നു.

click me!