പുത്തൻ ബൈക്ക് അവതരിപ്പിക്കാൻ ഒരുങ്ങി ബജാജ്

By Web TeamFirst Published Aug 1, 2021, 11:51 PM IST
Highlights

പൾസർ 220 Fന് സമാനമായി സെമി ഫെയേഡ് ബൈക്ക് ആണ് പൾസർ 250F എന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് പുതിയൊരു ബൈക്കിന്‍റെ നിർമാണത്തിലാണെന്ന് റിപ്പോര്‍ട്ട്.  പുത്തൻ ബൈക്കായ് പൾസർ 250Fന്റെ നിര്‍മ്മാണത്തിലാണ് കമ്പനിയെന്നും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതായും റഷ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു. 

പൾസർ 220 Fന് സമാനമായി സെമി ഫെയേഡ് ബൈക്ക് ആണ് പൾസർ 250F എന്നാണ് റിപ്പോര്‍ട്ടുകള്‍. എൽഇഡി ഹെഡ്ലാമ്പുള്ള ആദ്യ പൾസർ ബൈക്കുമായിരിക്കും 250F എന്നും റിപ്പോർട്ടുണ്ട്. പൾസർ 250Fന് വോൾഫ് ഐ സ്റ്റൈൽ ഹെഡ്‍ലാംപാണ് എന്നാണ് ചിത്രങ്ങൾ നല്‍കുന്ന സൂചന. മാത്രമല്ല ഹെഡ്‍ലാംപ് ക്ലസ്റ്ററിൽ കൺ പുരികങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പൾസർ NS200ന് സമാനമായ 17 ഇഞ്ച് അലോയ് വീലാണ് ബൈക്കിൽ ഉള്ളത്. ഇത് പൾസർ NS200ന് സമാനമായ ബ്രെയ്ക്കും പൾസർ 250Fൽ ഇടം പിടിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബജാജ് ഡോമിനാർ 400ന് സമാനമായ എന്നാൽ വലിപ്പം കുറഞ്ഞ ഡബിൾ ബാരൽ എക്സ്ഹോസ്റ്റ് ആണ് പൾസർ 250F-യിൽ ഇടം പിടിക്കുക. ബജാജ് പൾസർ 250F-ന് ടെലിസ്കോപിക് മുൻ ഫോർക്കുകളും പുറകിൽ മോണോ സസ്പെൻഷനുമായിരിക്കും. 

പൾസർ 250Fയുടെ ടെസ്റ്റ് ബൈക്കിന് പൾസർ 220 F-നേക്കാൾ വലിപ്പമേറിയ വൈസർ ആണ്. കൂടുതൽ അംഗുലർ ആയ ഫെയറിങ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാറുകൾ, വ്യത്യസ്തമായ X ഷെയ്പ്പിലുള്ള ടെയിൽ ലാംപ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ എന്നിവയും പൾസർ 250Fനുണ്ടാവും എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഈ ബൈക്ക് എപ്പോള്‍ വിപണിയില്‍ എത്തും എന്ന് നിലവില്‍ വ്യക്തമല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!