
മാഞ്ചസ്റ്റര്‍: ഒരു തുള്ളി മദ്യം താഴെ പോകുന്നത് മദ്യപാനികള്‍ക്ക് അത്ര രസമുള്ള കാഴ്ചയായിരിക്കില്ല. അങ്ങനെയുള്ളവര്‍ റോഡ് നിറയെ മദ്യം ഒഴുകുന്നത് കണ്ടാല്‍ എന്ത് ചെയ്യും. ബുധനാഴ്ച ദിവസം മാഞ്ചസ്റ്റര്‍ നഗരത്തിനടുത്തുളള എം 6 പാതയിലുണ്ടായിരുന്നവര്‍ കണ്ടത് അതായിരുന്നു. 32000 ലിറ്റര്‍ മദ്യവുമായി വന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. റോഡ് മുഴുവന്‍ മദ്യം ഒഴുകിയതോടെ 10 മണിക്കൂറോളം പാത അടച്ചിടുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. 32000 ലിറ്റര്‍ ജിന്‍ സിപില്‍ കയറ്റി വന്ന ടാങ്കറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. മദ്യം റോഡിലേക്ക് ഒഴുകിയതോടെ അപകട സാധ്യതയും വര്‍ധിച്ചു. വന്‍ ദുരന്തം ഒഴിവാക്കാനായി അധികൃതര്‍ പാത അടച്ചിടുകയായിരുന്നു. പത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാത വീണ്ടും തുറന്നത്. ഏകദേശം എണ്ണായിരം ലിറ്റര്‍ മദ്യം നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ല.