ചെറിയ എഞ്ചിന്‍ ബൈക്കുകളുമായി ഇന്ത്യ കീഴടക്കാന്‍ ഒരു സൂപ്പര്‍ കമ്പനി!

By Web TeamFirst Published Dec 6, 2019, 3:33 PM IST
Highlights

ചെറിയ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ നിര്‍മിക്കാനൊരുങ്ങി ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്റ്റ

ദില്ലി: ചെറിയ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ നിര്‍മിക്കാനൊരുങ്ങി ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്റ്റ. 350 സിസി, ഇരട്ട സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് കമ്പനി വികസിപ്പിക്കുന്നത്.

ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ പ്ലാറ്റ്‌ഫോമില്‍ നിരവധി മോഡലുകള്‍ നിര്‍മിക്കുമെന്ന് എംവി അഗസ്റ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിമൂര്‍ സര്‍ദാറോവാണ് വ്യക്തമാക്കിയത്. ചെറിയ എന്‍ജിന്‍ ശേഷിയുള്ള അഡ്വഞ്ചര്‍, സ്ട്രീറ്റ്‌ഫൈറ്റര്‍, ക്രൂസര്‍ മോഡലുകള്‍ വികസിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

പാരലല്‍ ട്വിന്‍, വി-ട്വിന്‍ ഇവയില്‍ ഏതായിരിക്കും പുതിയ എന്‍ജിനെന്ന് ഇറ്റാലിയന്‍ ബ്രാന്‍ഡ് ഇപ്പോള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ പാരലല്‍ ട്വിന്‍ പ്രതീക്ഷിക്കാമെന്നും എന്‍ജിന്‍ ശേഷി ചെറുതെങ്കിലും ഇവയെല്ലാം പ്രീമിയം ബൈക്കുകളായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പടിഞ്ഞാറന്‍ വിപണികള്‍ക്കൊപ്പം വികസ്വര വിപണികളിലും വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബൈക്കുകള്‍ നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയില്‍ സാനിധ്യമുറപ്പിക്കുകയാണ് എംവി അഗസ്റ്റയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ നിരവധി ചെറിയ എംവി അഗസ്റ്റ ബൈക്കുകള്‍ കാണാന്‍ തയ്യാറായിരിക്കാനും കമ്പനി സിഇഒ തിമൂര്‍ സര്‍ദാറോവ് അറിയിച്ചിട്ടുണ്ട്.

6,000 യൂറോ മുതല്‍ 7,000 യൂറോ വരെയാണ് 350 സിസി എംവി അഗസ്റ്റ ബൈക്കുകള്‍ക്ക്  പ്രതീക്ഷിക്കുന്ന വില. അതായത് ഇന്ത്യയില്‍ 4.75 ലക്ഷം മുതല്‍ 5.55 ലക്ഷം രൂപ വരെയാകും വില.

ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും ചെറിയ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രായോഗികത പ്രതീക്ഷിക്കാം. അടുത്ത വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ എംവി അഗസ്റ്റയുടെ 350 സിസി ബൈക്കുകള്‍ അരങ്ങേറിയേക്കും. 2021 ല്‍ ഈ ബൈക്കുകള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

click me!