
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയിൽ നിന്നും വരാനിരിക്കുന്ന ഒരു പുതിയ എസ്‌യുവി അടുത്തിടെ പരീക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞതായി റിപ്പോട്ട്. ഈ ടെസ്റ്റ് പതിപ്പ് ഒന്നുകിൽ ഗ്രാൻഡ് വിറ്റാരയുടെ ഫെയ്‌സ്‌ലിഫ്റ്റോ അല്ലെങ്കിൽ പുതിയ 7-സീറ്റർ പതിപ്പോ ആയിരിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ.
2022 സെപ്റ്റംബറിലാണ് ഗ്രാൻഡ് വിറ്റാരയെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ, ഹ്യുണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് , ഹോണ്ട എലിവേറ്റ് എന്നിവയുടെ പ്രധാന എതിരാളികളിൽ ഒന്നായി കോംപാക്റ്റ് എസ്‌യുവി മാറി. ലോഞ്ച് ചെയ്ത് മൂന്ന് വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഈ എസ്‌യുവിയുടെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കാം കമ്പനി പരീക്ഷിക്കുന്നതെന്നാണ് സൂചന.
ഈ ടെസ്റ്റ് പതിപ്പ് വാഹനത്തിൽ വന്ന നിരവധി മാറ്റങ്ങൾ വെളിപ്പെടുത്തുന്നു. മുൻവശത്തെ രൂപകല്പനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു പുതിയ ഫാസിയയും ലഭിക്കുന്നു. എസ്‌യുവി സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈൻ തുടരുന്നു. എന്നാൽ മുകളിൽ എൽഇഡി ഡിആർഎല്ലുകളും താഴെ ഹെഡ്‌ലാമ്പുകളും സ്ഥാപിച്ചിരിക്കുന്നു. സ്പൈ ഷോട്ടുകളിൽ നിന്ന് കാണുന്ന അലോയി വീലുകൾക്ക് പുതിയ അഞ്ച് സ്‌പോക്ക് ഡിസൈൻ നൽകിയിട്ടുണ്ട്. പിൻഭാഗത്ത് പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലൈറ്റുകൾ ലഭിക്കുന്നു. വാഹനത്തിൻ്റെ പിൻഭാഗത്തെ രൂപമാറ്റം വരുത്തുന്ന വിധത്തിലുള്ളതാണ് ഡിസൈൻ. ക്യാബിനിൽ, ഫ്രീസ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ നിലവിലുള്ള 9 ഇഞ്ച് വലുപ്പത്തേക്കാൾ വളരെ വലുതാണ്. ഇതിന് ഏകദേശം 10 മുതൽ 11 ഇഞ്ച് വരെ വലിപ്പിം ലഭിക്കുന്നു.
പരീക്ഷണത്തിലുള്ള ഈ പുതിയ എസ്‌യുവി ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പായിരിക്കാനും സാധ്യതയുണ്ട്. വിപണിയിൽ എത്തിയാൽ അത് ഹ്യൂണ്ടായ് അൽകാസറിനെ നേരിടും. മൂന്ന് നിരകൾ ഉൾക്കൊള്ളാൻ വാഹനത്തിൽ നീളത്തിലും വീൽബേസിലും വർദ്ധനവുണ്ടായേക്കാം. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളോ ബെഞ്ച് സീറ്റുകളോ ലഭ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7 സീറ്റുള്ള ഗ്രാൻഡ് വിറ്റാരയിൽ നിലവിലുള്ള മോഡലിൽ കാണുന്ന അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനോ 1.5 ലിറ്റർ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് എഞ്ചിനോ ഉപയോഗിക്കാനാണ് സാധ്യത. ഒരു 4WD ഓപ്ഷനും ലഭ്യമായേക്കാം. ലോഞ്ച് ചെയ്യുകയാണെങ്കിൽ, ഈ പുതിയ എസ്‌യുവി XL6-ന് മുകളിലും മാരുതിയുടെ ലൈനപ്പിലെ ഇൻവിക്ടോയ്ക്ക് താഴെയുമായിരിക്കും സ്ഥാനംപിടിക്കുക.