നെഞ്ചില്‍ കൈവച്ച് എടിസിയുടെ ആ ചോദ്യം വൈറല്‍; "എന്ത് ഈ വിമാനത്തില്‍ 800 പേരോ..? എന്‍റെ ദൈവമേ..!"

By Web TeamFirst Published Aug 17, 2021, 11:23 AM IST
Highlights

പരമാവധി 174 പേരെ വഹിക്കാവുന്ന ഒരു വിമാനത്തില്‍ 800 പേരുണ്ടെന്ന് പൈലറ്റ് പറഞ്ഞപ്പോള്‍ നെഞ്ചില്‍ കൈവച്ച എയര്‍ ട്രാഫിക്ക് കണ്ട്രോളറുടെ മറുപടി വൈറല്‍. അഫ്‍ഗാന്‍ ജനതയുടെ താലിബാന്‍ പേടിയുടെ നേര്‍ചിത്രം

ഴിഞ്ഞ കുറേ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണിത്. താലിബാനോട് അഫ്‍ഗാന്‍ ജനതയുടെ ഭീതിയെന്തെന്ന് വെളിവാക്കുന്ന ഈ വാക്കുകള്‍ ഖത്തര്‍ വ്യോമസേനാ താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോളറുടേതാണ്.  പരമാവധി 174 പേരെ വഹിക്കാവുന്ന ഒരു വിമാനത്തില്‍ 800 പേരുണ്ടെന്ന് പൈലറ്റ് പറഞ്ഞപ്പോള്‍ നെഞ്ചില്‍ കൈവച്ച എയര്‍ ട്രാഫിക്ക് കണ്ട്രോളറുടെ മറുപടിയും അതിലേക്ക് നയിച്ച സംഭവങ്ങളും ന്യൂസ് ഹബ്ബ് ഡോട്ട് കോമും ദ ഡ്രൈവും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ. 

അഫ്‍ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങൾ കാബൂൾ എയർപ്പോർട്ടിൽ എത്തിയിരുന്നു.  കാബൂൾ വിമാനത്താവളത്തിലെ അനിശ്ചിതാവസ്ഥക്കും തിരക്കിനും ഇടയിലാണ് നൂറുകണക്കിനാളുകൾ വിമാനത്തിൽ സ്ഥലംപിടിച്ചത്. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന് പകരം പറക്കാനുള്ള തീരുമാനമായിരുന്നു വിമാന അധികൃതർ കൈക്കൊണ്ടത്. അതോടെ ബോയിംഗ് സി -17 ഗ്ലോബ്‌മാസ്റ്ററിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കാബൂളിൽ നിന്ന് കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കാന്‍ അമേരിക്കന്‍ സൈനികര്‍ ശ്രമിച്ചത്. അങ്ങനെയാണ് യുഎസ് വ്യോമസേന കാബൂളിൽ നിന്ന് 800 ഓളം ആളുകളുമായി പറന്നുയർന്നത്. 

C-17-ലെ സൈനിക കമാൻഡർമാരും ഖത്തറിലെ അല്‍ ഉദൈയ്ദ് വ്യോമതാവളത്തിലെ  എയര്‍ ട്രാഫിക്ക് കണ്ട്രോളറും തമ്മിൽ നടന്നെന്ന് കരുതപ്പെടുന്ന റേഡിയോ സംഭാഷണമാണ് തുടക്കത്തില്‍ പറഞ്ഞത്.  C-17-ൽ എത്രപേർ ഉണ്ടെന്ന് ചോദിച്ച സൈനിക ഉദ്യോഗസ്ഥർ വിമാനത്തില്‍ നിന്നുള്ള മറുപടി കേട്ട് ഞെട്ടി. 

"നിങ്ങളുടെ ജെറ്റിൽ 800 പേരുണ്ടോ?! എന്‍റെ ദൈവമേ.."

യൂട്യൂബിൽ ഒരു വ്യോമയാന പ്രേമി പോസ്റ്റ് ചെയ്‍ത ഒരു വീഡിയോ ഈ വിമാനം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നു. പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്  സി–17എ ഗ്ലോബ്‍മാസ്റ്റര്‍ ചരക്കു വിമാനത്തിന്. പരമാവധി 134 സൈനികര്‍ക്ക് ഇരുന്ന് സഞ്ചരിക്കാം. എന്നാല്‍ മുമ്പ് ഫിലിപ്പീന്‍സിലെ പ്രകൃതിദുരന്ത സമയത്ത് പരമാവധി 670 പേരെ വരെ സി–17എ വിമാനത്തില്‍ കയറ്റിയിട്ടുണ്ടെന്നും ന്യൂസ് ഹബ്ബ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം തന്നെ അഫ്​ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. 

താലിബാൻപിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായാണ് സൂചന. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവരുന്നത്. 

രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.എന്നാൽ പ്രതീക്ഷിക്കാത്തതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു എന്നതും കൌതുകകരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!