അമിതവേഗതയില്‍ കാര്‍; തടഞ്ഞ പൊലീസ് ഞെട്ടി; ഡ്രൈവിംഗ് സീറ്റില്‍ വളര്‍ത്തുനായ!

By Web TeamFirst Published Mar 31, 2020, 10:03 AM IST
Highlights

കാറുടമ തന്‍റെ വളര്‍ത്തുനായയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം

അമിതവേഗത്തിലെത്തിയ കാര്‍ വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പാഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം കാര്‍ തടഞ്ഞു നിര്‍ത്തി  ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയപ്പോള്‍ അമ്പരന്നു. ഡ്രൈവറുടെ സീറ്റില്‍ അതാ ഇരിക്കുന്നു ഒരു നായ.

ലോസ് ആഞ്ചലസിലാണ് സംഭവം. കാറുടമ തന്‍റെ വളര്‍ത്തുനായയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.  പിറ്റ്‌സ് ബുള്‍ ഇനത്തില്‍ പെട്ട നായയെ ഡ്രൈവിംഗ് സീറ്റിലിരുത്തിയ ശേഷം ഉടമ സഹയാത്രികനുള്ള സീറ്റിലായിരുന്നു ഇരുന്നത്. 

160 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറിന്റെ പാച്ചില്‍. അപകടകരമായ വേഗതയില്‍ ഒരു കാര്‍ പായുന്നതായി പൊലീസിന്റെ എമര്‍ജന്‍സി സര്‍വീസ് വിഭാഗത്തിലേക്ക് വിവരം എത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അപകടം നടന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് വാഹനം തടഞ്ഞത്. 

സംഭവത്തില്‍ കാറിന്റേയും നായയുടേയും ഉടമയായ അമ്പത്തൊന്നുകാരന്‍ ആല്‍ബര്‍ട്ടോ ടിറ്റോ അലജാന്‍ഡ്രോയെ പൊലീസ് അറസ്റ്റ് ചെയ്തു. നായയെ കാറോടിക്കാന്‍ പഠിപ്പിക്കുകയായിരുന്നുവെന്ന് ആല്‍ബര്‍ട്ടോ പൊലീസിനോട് സമ്മതിക്കുകയും ചെയ്‍തു. 

മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ടിറ്റോക്കെതിരെ ലഹരിയുപയോഗിച്ച് വാഹനമോടിച്ചത് ഉള്‍പ്പെടെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തു. നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

click me!