
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് ഫൈറ്റര്‍ എംടി 15ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ചു. തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച ബൈക്കിന് ഏകദേശം 2.32 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
റെഗുലര്‍ പതിപ്പില്‍ നിന്നും ചില കോസ്‌മെറ്റിക് മാറ്റങ്ങളോടെയാണ് ഈ ലിമിറ്റിഡ് എഡിഷന്‍ എത്തുന്നത്. ബൈക്കില്‍ ബ്ലാക്ക് ഹൈലൈറ്റുകളും നിയോണ്‍ ഗ്രീന്‍ നിറമുള്ള ചക്രങ്ങളും സവിശേഷമായ ടര്‍ക്കോയ്സ് ബ്ലൂ കളര്‍ ഓപ്ഷനും നല്‍കിയിട്ടുണ്ട് യമഹ. പുതിയ കളര്‍ ഓപ്ഷന്‍ റെഗുലര്‍ പതിപ്പില്‍ നിന്നും വേറിട്ടുനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകളിലെ പുതിയ MT ലോഗോയും ഇതിനകം നിലവിലുള്ള ഗോള്‍ഡ് ഫിനിഷ് നല്‍കിയിരിക്കുന്ന ഫോര്‍ക്കും ബൈക്കിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.
പുതിയ ബൈക്കിന്റെ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്തോനേഷ്യന്‍-സ്പെക്ക് ബൈക്കിന്റെ അതേ 19.3 bhp കരുത്തും 14.7 Nm ടോര്‍ക്കും ഈ എഞ്ചിനും സൃഷ്ടിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോസ്‌മെറ്റിക് അപ്‍ഡേറ്റ് കൂടാതെ, മറ്റ് ഫീച്ചറുകളിലോ, മെക്കാനിക്കല്‍ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ലൈറ്റര്‍ അലുമിനിയം സ്വിംഗാര്‍ം പോലുള്ള പ്രീമിയം ഘടകങ്ങളും ബൈക്കിന് ലഭിക്കും. 133 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ഇത് ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ 5 കിലോഗ്രാം കുറവാണ്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 810 mm ആണ് സീറ്റ് ഉയരം. ഇന്ത്യന്‍ മോഡലിലെപ്പോലെ തായ്‌ലാന്‍ഡ്-സ്പെക്ക് ബൈക്കിലും എബിഎസ് നല്‍കിയിട്ടില്ല. അതേസമയം ഇന്ത്യ-സ്‌പെക്ക് പതിപ്പിന് സിംഗിള്‍-ചാനല്‍ എബിഎസ് ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ഈ പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തില്‍ യമഹ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പാണ് MT-15 നെ യമഹ വിപണിയില്‍ അവതരിപ്പിക്കുന്നത്. വാഹനത്തിന്‍റെ കുഞ്ഞന്‍ പതിപ്പിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.