ബസ് ജീവനക്കാര്‍ ജാഗ്രതൈ, ഇനി വിദ്യാര്‍ത്ഥികളോട് കളിച്ചാല്‍ ഇങ്ങനിരിക്കും!

By Web TeamFirst Published Jun 18, 2019, 10:46 AM IST
Highlights

വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്ക് മൂക്കുകയര്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്ക് മൂക്കുകയറുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇനി ബസ്സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ദ്രോഹങ്ങള്‍ ചെയ്യുന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സും വേണ്ടിവന്നാല്‍ ബസുകളുടെ പെര്‍മിറ്റും റദ്ദാക്കാനാണ് നീക്കം. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് കളക്ടര്‍ എസ്. സാംബശിവറാവു കര്‍ശന നിര്‍ദ്ദേശങ്ങള്‍. 

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

  • ഇനിമുതല്‍ യാത്രാ ആനുകൂല്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഉപദ്രവവും ഉണ്ടാകരുത്
  • മറ്റ് യാത്രക്കാരെ കയറ്റിയശേഷം മാത്രം വിദ്യാര്‍ഥികളെ കയറ്റുന്നത് അനുവദിക്കില്ല
  • ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്
  • മുതിര്‍ന്ന പൗരന്മാര്‍ കഴിഞ്ഞാല്‍ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികള്‍ക്ക് 
  • വിദ്യാര്‍ത്ഥികളെ സ്റ്റാന്‍ഡില്‍ വരി നിര്‍ത്തുന്നത് ഉള്‍പ്പെടെ തെളിവുസഹിതം പരാതി ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും
  • കണ്ടക്ടറാണ് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കില്‍ അദ്ദേഹത്തിന്റെയും ലൈസന്‍സ് തെറിക്കും
  • ഒരു ബസുടമയ്ക്കെതിരെ മൂന്നുതവണ പരാതി കിട്ടിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും
  • വിദ്യാര്‍ഥികള്‍ ബസില്‍ കയറിയ ശേഷം മാത്രമെ പാസുകള്‍ പരിശോധിക്കാന്‍ പാടുള്ളൂ.
  • എല്ലാ ആര്‍.ടി.ഒ. ഓഫീസുകളിലും പാസ് കൗണ്ടറുകള്‍ വേണം. അവ ബുധന്‍, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണം. 
  • ഈ വര്‍ഷത്തെ പാസുകള്‍ ലഭിക്കുന്നതുവരെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പാസുകള്‍ ഉപയോഗിക്കാം.
  • പാസുകള്‍ നല്‍കുന്നതിന് കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ എല്ലാ ദിവസവും കൗണ്ടര്‍ പ്രവര്‍ത്തിക്കണം. 
  • വടകര ഭാഗത്തുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്ര ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് പാസ് നല്‍കണം. 
  • സ്വകാര്യബസുകാരും കെ.എസ്.ആര്‍.ടി.സി.യും സ്വന്തം നിയമം നടപ്പാക്കരുത്. 
  • ബസുകളില്‍ ഇന്‍സ്‌പെക്ഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. 
  • ഓരോ ബസിലെയും രജിസ്റ്റര്‍ മൂന്ന് മാസത്തിലൊരിക്കല്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും കലക്ടറും പരിശോധിക്കണം
  • പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി
  • വ്യാജ പാസുകള്‍ കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ നടപടി
click me!