"രണ്ടും ഓരോന്നു വീതം പോരട്ടേ.." താരം ഒരുമിച്ചു വാങ്ങിയത് രണ്ടു ബൈക്കുകള്‍, വില 57 ലക്ഷം!

By Web TeamFirst Published Dec 4, 2020, 10:55 AM IST
Highlights

ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഗാരേജിലേക്ക് പുതിയ രണ്ട് അതിഥികൾ കൂടി എത്തിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ S 1000 RR, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ് മോഡലുകളെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്

ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്‍റെ വാഹനപ്രേമം, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളോടുള്ള ഇഷ്‍ടം സിനിമാലോകത്തും വാഹനലോകത്തുമൊക്കെ പ്രസിദ്ധമാണ്. നിസാൻ ജിടി-ആർ ബ്ലാക്ക് എഡിഷൻ, ലംബോർഗിനി ഗയാർഡോ, കാവസാക്കി നിഞ്ജ ZX-14R, ഏപ്രിലിയ RS4 RF, യമഹ YZF-R1, ഡ്യൂക്കാട്ടി V4 പാനിഗാലെ,  എംവി അഗുസ്റ്റ F3 800, യമഹ വിമാക്സ് 60th ആനിവേഴ്സറി എന്നിങ്ങനെ നിരവധി വാഹനങ്ങള്‍ മലയാളി കൂടിയായി ജോണ്‍ എബ്രഹാമിന്‍റെ ഗാരേജിലുണ്ട്. 

ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഗാരേജിലേക്ക് പുതിയ രണ്ട് അതിഥികൾ കൂടി എത്തിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ S 1000 RR, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ് മോഡലുകളെയാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്ന് കാര്‍ആന്‍ഡ്ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. താരം തന്നെയാണ്  സോ,്യല്‍ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. 

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ബിഎംഡബ്ല്യു മോട്ടോര്‍റാഡ് ആഗോളതലത്തില്‍ പുതിയ 2021 S 1000 R പുറത്തിറക്കിയത്. ബിഎംഡബ്ല്യു S 1000 RR-ന് 999 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ വാട്ടര്‍/ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം.  ഈ എഞ്ചിന്‍ 203 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്‍പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 2021 ബിഎംഡബ്ല്യു S 1000 R-ല്‍ പുതിയ സിംഗിള്‍ പീസ് എല്‍ഇഡി ഹെഡ്‌ലാമ്പാണ് ലഭിക്കുന്നത്. നടുക്കായി എല്‍ഇഡി ഡിആര്‍എല്ലും ഇടംപിടിച്ചിരിക്കുന്നു. ഏകദേശം 18.5 ലക്ഷം രൂപ മുതല്‍ 22.95 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ ബൈക്കിന്‍റെ വില . 

ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡില്‍ 1000 സിസി ഫോര്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് DOHC എഞ്ചിനാണ് ഹൃദയം.  ഈ എഞ്ചിന്‍ 214 bhp കരുത്തും 113 Nm ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. രാജ്യത്തുടനീളമുള്ള ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് CBU റൂട്ട് വഴി എത്തുന്ന ബൈക്കിന്റെ വില്‍പ്പന നടക്കുന്നത്. ഏകദേശം 34 ലക്ഷം രൂപയാണ് ഹോണ്ടയുടെ പുതിയ CBR1000RR-R ഫയര്‍ബ്ലേഡിന് വിപണിയിലെ എക്‌സ്‌ഷോറും വില. 

അടുത്തിടെ തന്റെ പ്രിയപ്പെട്ട മാരുതി ജിപ്‍സി മൃഗസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്‍ത് ജോൺ എബ്രഹാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അനിമൽ മാറ്റർ റ്റു മി (എ‌എം‌ടി‌എം ) എന്ന സംഘടനയ്ക്കാണ് ജോൺ എബ്രഹാം തന്റെ മാരുതി ജിപ്സി സംഭാവന ചെയ്തത്. സംഘടനയുടെ കീഴിലെ മഹാരാഷ്ട്രയിലെ കോലാഡിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ രക്ഷാപ്രവർത്തനത്തിനും മുംബൈ മുതൽ കോലാഡ് വരെ മെഡിക്കൽ ലോജിസ്റ്റിക്‌സിനും ആയിട്ടാണ് ഈ ജിപ്‍സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.


 

click me!