ല‍ഞ്ച് ബോക്സ് കഴുകണമെന്ന് പൈലറ്റ്, പറ്റില്ലെന്ന് ജീവനക്കാരന്‍; വിമാനത്തില്‍ വാക്കേറ്റം!

By Web TeamFirst Published Jun 19, 2019, 2:07 PM IST
Highlights

യാത്രക്കാരുടെ മുന്നിൽ വച്ചാണ് പൈലറ്റ് ജീവനക്കാരനോട് ല‍ഞ്ച് ബോക്സ് കഴുകാൻ കൽപ്പിച്ചത്. എന്നാൽ പൈലറ്റിന്റെ കൽപ്പനയെ ചോദ്യം ചെയ്തതോടെ ജീവനക്കാരനും പൈലറ്റും തമ്മിൽ തർക്കത്തിലാകുകയായിരുന്നു. 

ബം​ഗളൂരു: വിമാനത്തിലെ ജൂനിയർ ജീവനക്കാരനോട് ല‍ഞ്ച് ബോക്സ് കഴുകാൻ ഉത്തരവിട്ട പൈലറ്റിനെതിരെ പ്രതിഷേധം. എയർ ഇന്ത്യ ഫ്ലൈറ്റ് എഎൽ-772 വിമാനത്തിലെ പൈലറ്റാണ് ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയത്. ബം​ഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ചയാണ് സംഭവം.

യാത്രക്കാരുടെ മുന്നിൽ വച്ചാണ് പൈലറ്റ് ജീവനക്കാരനോട് ല‍ഞ്ച് ബോക്സ് കഴുകാൻ കൽപ്പിച്ചത്. എന്നാൽ പൈലറ്റിന്റെ കൽപ്പനയെ ചോദ്യം ചെയ്തതോടെ ജീവനക്കാരനും പൈലറ്റും തമ്മിൽ തർക്കത്തിലാകുകയായിരുന്നു. ഇതേതുടർന്ന് 77 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം പൈലറ്റിന്റെ പെരുമാറ്റം കണ്ട് അമ്പരന്നിരിക്കുകയായിരുന്നു യാത്രക്കാരെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ പൈലറ്റുമാർ തങ്ങളോട് ഇത്തരത്തിൽ തന്നെയാണ് പെരുമാറാറുള്ളതെന്ന വെളിപ്പെടുത്തലുമായി മറ്റ് ജീവനക്കാരും രം​ഗത്തെത്തി. വീട്ടുജോലിക്കാരെ പോലെ ജോലി ചെയ്യാൻ ക്യാപ്റ്റൻമാർ തങ്ങളെ നിർബന്ധിക്കാറുണ്ട്. ലസ്സി ഉണ്ടാക്കി കൊടുക്കാനും ഭക്ഷണം വിളമ്പി കൊടുക്കാനുമൊക്കെ ക്യാപ്റ്റൻമാർ ആജ്ഞാപിക്കാറുണ്ട്. എന്നാൽ എല്ലായ്പ്പോഴും താൻ സാധ്യമല്ലെന്ന് പറയാറുണ്ടെന്ന് എയർ ഇന്ത്യയിലെ മുതിർന്ന ജീവനക്കാർ പറഞ്ഞതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

എന്നാൽ ക്യാപ്റ്റന്റെ ഇത്തരം പെരുമാറ്റത്തിനെതിരെ പരാതി നൽകിയിട്ട് ഒരു പ്രയോജനും ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്.  അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. 
 

 

click me!