
പറക്കും കാര്‍ എന്നത് വാഹനലോകത്തിന്‍റെ ഏറെക്കാലത്തെ സ്വപ്‍നമാണ്. 2025 ആകുമ്പോഴേക്കും ഒരു ഇലക്ട്രിക് കാർ വായുവിൽ പറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അമേരിക്കൻ കമ്പനിയായ അലഫ് എയറോനോട്ടിക്‌സിന് ഈ കാർ നിർമ്മിക്കുന്നതിന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) അനുമതി ലഭിച്ചു. പൂർണ്ണമായും ഇലക്‌ട്രിക് ഫ്‌ളൈയിംഗ് കാർ പരീക്ഷണം ആരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അംഗീകാരം അലഫ് എയറോനോട്ടിക്‌സിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, അലഫിന്റെ 'മോഡൽ എ' എന്ന വാഹനത്തിന് പ്രത്യേക അനുമതി നൽകിയതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സ്ഥിരീകരിച്ചു. അതായത് ഈ കാറിന് ഇപ്പോൾ പറക്കാൻ നിയമപരമായ അനുമതിയുണ്ട് എന്ന് അര്‍ത്ഥം.
എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ സഹായത്തോടെയാണ് അലെഫ് എയറോനോട്ടിക്‌സ് പറക്കും കാർ നിർമിക്കുക. തങ്ങൾ നിർമ്മിച്ച ഈ കാർ വായുവിൽ പറക്കുമെന്നും ഒപ്പം റോഡിലും ഓടുമെന്നും കമ്പനി അവകാശപ്പെടുന്നു. ഏകദേശം 2.5 കോടി രൂപയായിരിക്കും അലഫ് മോഡൽ എ ഫ്ലയിംഗ് കാറിന്റെ വില. അമേരിക്ക ആദ്യമായാണ് ഒരു കമ്പനിക്ക് ഈ അംഗീകാരം നൽകുന്നത്.
സാധാരണക്കാരന്‍റെ കണ്ണീരൊപ്പാൻ ഇന്ത്യൻ റെയില്‍വേ, വരുന്നൂ പാവങ്ങളുടെ വന്ദേ ഭാരത്!
അലെഫ് മോഡൽ എ പറക്കും കാർ ഇലക്ട്രിക് കാറായിരിക്കും. ഈ പറക്കുന്ന കാറിന് ലംബമായോ തിരശ്ചീനമായോ പറന്നുയരാൻ കഴിയും. ഫുൾ ചാർജിൽ 200 കിലോമീറ്റർ റോഡിലൂടെ ഓടുമ്പോൾ 177 കിലോമീറ്റർ വായുവിൽ സഞ്ചരിക്കും. കുറഞ്ഞ വേഗതയുള്ള വാഹനമെന്ന നിലയിൽ, നിയന്ത്രണമനുസരിച്ച് ഇതിന് 3,000 പൗണ്ടിൽ താഴെ ഭാരമുണ്ട്, കൂടാതെ 25 mph (40 kmh) ൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ കഴിയില്ല. വാഹനത്തിൽ രണ്ട് പേർക്ക് ഇരിക്കാം. 2015ലാണ് അലെഫ് എയറോനോട്ടിക്സ് ആരംഭിച്ചത്. ഒരു പറക്കും കാർ നിർമ്മിക്കാനാണ് ഈ കമ്പനിയുടെ അടിത്തറ പാകിയത്. ഏഴ് വർഷത്തിന് ശേഷം, അതായത് കഴിഞ്ഞ വർഷം ഒക്ടോബറിൽ, മോഡൽ എ പറക്കുന്ന കാറിന്റെ പ്രോട്ടോടൈപ്പ് കമ്പനി വെളിപ്പെടുത്തി. 2025 ഓടെ ഈ കാർ വിപണിയിലെത്തുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
ഭാവിയിൽ പറക്കുന്ന വാഹനങ്ങൾ പോലെയാണ് ഇതിന്റെ ഡിസൈൻ. കാറിൽ 8 പ്രൊപ്പല്ലറുകൾ സ്ഥാപിക്കും. തുടക്കത്തിൽ രണ്ട് യാത്രക്കാർക്ക് മാത്രമേ ഈ കാറിൽ ഇരിക്കാൻ കഴിയൂ. ഈ കാറിന്റെ ഓർഡറുകൾ കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 150 ഡോളർ (12,200) രൂപ നൽകി ബുക്ക് ചെയ്യാം. കാറിന്റെ വില 2.5 കോടി രൂപയായിരിക്കും. 1,500 യുഎസ് ഡോളറിന് (1.23 ലക്ഷം രൂപ) ബുക്ക് ചെയ്യുന്നവര്‍ക്ക് മുൻഗണന ലഭിക്കുമെന്നും കമ്പനി പറയുന്നു. ഈ കാർ പരിസ്ഥിതി സൗഹൃദമാകുമെന്ന് മാത്രമല്ല, അതിവേഗ യാത്രാ സൗകര്യങ്ങളും നൽകുമെന്ന് അലെഫിന്റെ സിഇഒ ജിം ദുഖോവ്നി പറയുന്നതായി ബിസിനസ് ഇൻസൈഡർ റിപ്പോര്‍ട്ട് ചെയ്യുന്നു. അലെഫ് മറ്റൊരു ഇലക്ട്രിക് ഫ്ലൈയിംഗ് വാഹനം കൂടി ഒരുക്കുന്നുണ്ട്. അത് 2035-ൽ പുറത്തിറങ്ങും. 35,000 ഡോളര്‍ ആയിരിക്കും മോഡൽ ഇസഡ് എന്ന നാല് പേർക്കുള്ള സെഡാന്റെ വില. കൂടാതെ 300 ല്‍ അധികം മൈൽ ഫ്ലൈയിംഗ് റേഞ്ചും 200ല്‍ അധികം മൈൽ ഡ്രൈവിംഗ്റേഞ്ചും ഇതിന് ഉണ്ടായിരിക്കും.
അതേസമയം ലോകത്ത് പല കമ്പനികളും പറക്കും കാര്‍ നിര്‍മ്മിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. പറക്കും കാർ നിർമ്മിക്കാനുള്ള ഓട്ടത്തിലാണ് നിരവധി കമ്പനികൾ. ലാസ് വെഗാസിൽ നടന്ന CES 2023-ൽ നാല് സീറ്റർ പറക്കുന്ന കാർ പ്രദർശിപ്പിച്ചു. ഈ കാറിന് ഫ്ലൈറ്റ് ടെസ്റ്റിംഗിനുള്ള അനുമതി ലഭിച്ചു. ആറ് കോടിയിലധികം രൂപയാണ് ഈ കാറിന്റെ വില. അതുപോലെ എയ്‌റോസ്‌പേസ് കമ്പനിയായ ജോബിയും പറക്കും ടാക്‌സികൾ നിർമ്മിക്കാനുള്ള നീക്കത്തിലാണ്. ടെൽറ്റ എയർലൈനുമായി സഹകരിച്ച് നടത്തുന്ന എയർടാക്‌സി സേവനങ്ങൾ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് ലഭ്യമാകും. സ്ലോവാക്യൻ കമ്പനിയായ കെലിൻ വിഷൻ എയർകാറും ബിഎംഡബ്ല്യുവിന്റെ സഹകരണത്തോടെ പറക്കും കാർ വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.