ആംപിയര്‍ ഇതുവരെ വിറ്റത് 75,000 ഇലക്ട്രിക് സ്‍കൂട്ടറുകള്‍

By Web TeamFirst Published Jan 26, 2021, 8:06 AM IST
Highlights

രാജ്യത്ത് ഇതുവരെ 75,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചു

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ആംപിയര്‍. 2021ൽ കമ്പനി പുതിയ നാഴികക്കല്ലുകള്‍ താണ്ടി കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇതുവരെ 75,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചതായി ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയുടെ 300-ാമത്തെ ഷോറൂം ഇന്ത്യയില്‍ ആരംഭിക്കുന്ന പ്രഖ്യാപനത്തിനൊപ്പമാണ് പുതിയ വില്‍പ്പന നാഴികക്കല്ലിനെക്കുറിച്ചുള്ള റിപ്പോർട്ടും കമ്പനി പുറത്തുവിടുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ നിലവില്‍ 20 ശതമാനം വിപണി വിഹിതമുണ്ടെന്ന് ആംപിയര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ ലഘൂകരിച്ചതു മുതല്‍ കമ്പനി 80 ഡീലര്‍ഷിപ്പ് ഔട്ട് ലെറ്റുകള്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ആംപിയര്‍ പറയുന്നു. കമ്പനി കഴിഞ്ഞ 18 മാസത്തിനുള്ളില്‍ മാഗ്‌നസ് പ്രോ, റിയോ എലൈറ്റ് തുടങ്ങിയ ഇലക്ട്രിക് ടൂ വീലറുകള്‍ വിപണിയിൽ എത്തിച്ചു.

ഇപ്പോള്‍ 75,000 അധികം ഉപഭോക്താക്കളും രാജ്യത്ത് 300 ഡീലര്‍മാരുമുണ്ട് ആംപിയറിന്റെ കുടുംബത്തിലെന്നും താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇ-മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് പ്രവേശനം നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറില്‍ കമ്പനിയുടെ പുതിയ ചീഫ് ടെക്നോളജി ഓഫീസറായും (CTO) മാനുഫാക്ചറിംഗ് മേധാവിയായും തിരുപ്പതി ശ്രീനിവാസനെ നിയമിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ. കമ്പനിയുടെ നാലോളം ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ ഇപ്പോൾ വിപണിയിലുണ്ട്.  നേരത്തെ ബുക്ക് ഓണ്‍ലൈന്‍ നൗ പേ ലേറ്റര്‍ എന്ന പദ്ധതിക്കും കമ്പനി തുടക്കം കുറിച്ചിരുന്നു. ലോക്ക് ഡൌണിനിടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങുന്നതിനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.

click me!