നിരത്തിലെത്തി വെറും ഏഴ് മാസം, വിറ്റത് അരലക്ഷം, ഇത് മേഡ് ഇന്‍ ഇന്ത്യ സ്‍കൂട്ടര്‍!

By Web TeamFirst Published Dec 23, 2019, 4:45 PM IST
Highlights

വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്ന്

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിങ് കമ്പനിയായ ഗ്രീവ്‌സ് കോട്ടന്‍ 2019 മെയ് മാസത്തിലാണ് ആംപിയര്‍ സീല്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്.

വാഹനം വിപണിയില്‍ എത്തിയ ശേഷം 50,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടെന്ന് കമ്പനി പറയുന്നു. ഇതോടെ വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നായി മാറി ആംപിയര്‍ സീല്‍. പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ തങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിച്ച് ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു.

ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപയുടെ സൗജന്യ ആക്‌സസറികള്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വൈദ്യുത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ രണ്ടാംഘട്ട പദ്ധതി പ്രകാരം 18,000 രൂപയുടെ ഇളവോടുകൂടിയാണ് സീലിന്റെ വില്‍പന.

ഉപഭോക്താക്കള്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

1200 വാട്ട്‌സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60V/30Ah ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൃദയം. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.

ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ അഞ്ചര മണിക്കൂര്‍ മതി. 14 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 50 കിലോമീറ്റര്‍ വേഗം കൈവരിക്കും. 78 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. രൂപത്തില്‍ റഗുലര്‍ സ്‌കൂട്ടറിന് സമാനമാണ് ആംപിയര്‍ സീല്‍.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, ആന്റി തെഫ്റ്റ് അലാറം എന്നിവ സീലിന്റൈ സവിശേഷതകളാണ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.

ഡ്രം ബ്രേക്കാണ് സുരക്ഷ. സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനം) സംവിധാനവും വാഹനത്തിലുണ്ട്. എക്കണോമി, പവര്‍ എന്നീ രണ്ട് റൈഡിങ് മോഡുകളും സ്‌കൂട്ടറിലുണ്ട്. ബ്ലൂ, സില്‍വര്‍, റെഡ്, വൈറ്റ്, യെല്ലോ നിറഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയാണ് ആംപിയര്‍ സീലിന് ഗ്രീവ്സ് കോട്ടണ്‍ നല്‍കുന്ന വാറന്റി.

ആംപിയർ വെഹിക്കിൾസിന്റെ ഇലക്ട്രിക് സ്‍കൂട്ടറുകൾ ഉപഭോക്താക്കൾക്ക് ഓൺലൈനിലും വാങ്ങാം. ആമസോൺ ഇ-കൊമേഴ്‍സിലൂടെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

നിലവിൽ തിരിച്ചി, മംഗലാപുരം, കോയമ്പത്തൂർ, ബാംഗ്ലൂർ, കരൂർ എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളിലാണ് നിലവിൽ ഈ ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാവുന്നത്. പിന്നീട് കൂടുതൽ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആമസോൺ വഴി ഓൺലൈനായി ഉപഭോക്താവ് വാഹനം വാങ്ങുന്നത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, പേയ്‌മെന്റ് സ്ഥിരീകരണ ഒരു വൗച്ചർ ലഭ്യമാകും. ഉപഭോക്താവിന് രസീതിൽ സൂചിപ്പിച്ചിരിക്കുന്ന ഡീലർ പോയിന്‍റിൽ നിന്നും വാഹനം എടുക്കാം.

സീൽ, V-48 LA, മാഗ്നസ് 60, റിയോ LA, റിയോ Li എന്നീ മോഡലുകളാണ് നിലവിൽ ഓണ്‍ ലൈനിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ. 

click me!