കൈക്കൂലിപ്പണം സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍, പിടിയിലായ എഎംവിഐയുടെ സൂത്രപ്പണികള്‍ പലവിധം!

By Web TeamFirst Published Oct 20, 2021, 4:20 PM IST
Highlights

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എഎംവിഐ പണം ഏല്‍പ്പിക്കുന്നത് ആര്‍ടിഒ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍. ഈ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും കുടുങ്ങിയേക്കും

ഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂരില്‍ (Payyanur) അറസ്റ്റിലായ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (AMVI) കൈക്കൂലിപ്പണം സൂക്ഷിക്കുന്നത് ആര്‍ടിഒ ഓഫീസിനു (RTO) സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍. പയ്യന്നൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ (Sub Regional Transport Office Payyanur) എഎംവിഐ (AMVI) ആയ പി വി പ്രസാദി (43)നെയാണ്  കൈക്കൂലിപ്പണവുമായി വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം കയ്യോടെ പിടികൂടിയത്. 

ആര്‍ടിഒ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും പ്രദേശത്തെ മറ്റുചില കടകളിലുമാണ് ഇയാള്‍ കൈക്കൂലിയായി ലഭിക്കുന്ന പണം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കടയുടമയുമായി ഇയാള്‍ കൈക്കൂലിപ്പണം പങ്കുവയ്ക്കുന്നതായിട്ടാണ് വിവരം. വാഹനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകരോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്ന ഇയാള്‍ കഴിഞ്ഞ കുറേ മാസങ്ങളായി വിജിലന്‍സ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ഏജന്റ് മുഖാന്തരം 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. 

രണ്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി സെപ്റ്റംബര്‍ 29-ന് 3,000 രൂപയാണ് ഇയാള്‍ ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ ഒക്ടോബര്‍ ആദ്യവാരത്തില്‍ ഇത് 6,000 രൂപയാക്കി ഉയര്‍ത്തി. രണ്ടുതവണ 3000 രൂപയുമായി എത്തിയെങ്കിലും ഇയാള്‍ മടക്കി. ഇതോടെ ഏജന്‍റ് വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് തിങ്കളാഴ്‍ച 6,000 രൂപയുമായി എത്താന്‍ എഎംവിഐ ആവശ്യപ്പെട്ടതറിഞ്ഞ വിജിലന്‍സ് കെണിയൊരുക്കി കാത്തിരിക്കുകകയായിരുന്നു. വിജിലന്‍സ് സംഘം നല്‍കിയ ഫിനോഫ്‍തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുകള്‍ അപേക്ഷകന്‍ വൈകുന്നേരം മൂന്നോടെ എഎംവിഐക്ക് കൈമാറി. പണം കൈപ്പറ്റിയ എഎംവിഐ നിമിഷങ്ങള്‍ക്കകം അത് മറ്റൊരു കേന്ദ്രത്തിലേക്ക് കൈമാറി. ആര്‍ടിഒ ഓഫീസിന്‍റെ തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്  എഎംവിഐയുടെ ഡ്രൈവര്‍ ഈ പണം മാറ്റുന്നത് ഈ സമയം ആര്‍ടി ഓഫീസിന്‍റെ സമീപത്ത് കാവി മുണ്ടുടുത്ത് നില്‍ക്കുകയായിരുന്ന വിജിലന്‍സ് ഡിവൈഎസ്‍പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം കാണുന്നുണ്ടായിരുന്നു.

ഇതോടെ വിജിലന്‍സ് സംഘം എഎംവിഐയെ വളഞ്ഞു. തുടര്‍ന്ന് രാസലായനയിലെ കൈമുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അപകടം മണത്ത എഎംവിഐ എതിര്‍ത്തു. താന്‍ അല്‍പ്പം മുമ്പ് കയ്യില്‍ സാനിറ്റൈസര്‍ പുരട്ടിയിരുന്നെന്നും ഇപ്പോള്‍ കൈമുക്കിയാല്‍ നിറം മാറുമെന്നും അങ്ങനെ നിരപരാധിയായ താന്‍ കുടുങ്ങുമെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാല്‍ വിജിലന്‍സ് ഡിവൈഎസ്‍പിയും ഒപ്പമുണ്ടായിരുന്ന ഗസറ്റഡ് ഓഫീസറും തങ്ങളുടെ കൈകളില്‍ സാനിറ്റൈസര്‍ പുരട്ടി ലായിനിയില്‍ മുക്കിക്കാണിച്ചു. നിറം മാറ്റമൊന്നും സംഭവിച്ചില്ല. ഇതോടെ പ്രസാദ് ഗത്യന്തരമില്ലാതെ രാസപരിശോധനയ്ക്ക് തയ്യാറാകുകയായിരുന്നു. ഇയാളുടെയും ഒപ്പം ഡ്രൈവറുടെയും സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെയും കൈകളും ലായിനിയില്‍ മുക്കിയതോടെ നിറം മാറ്റം സംഭവിച്ചു. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയും കേസില്‍ പ്രതിയായേക്കും എന്നാണ് സൂചന. 

വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ചെയ്‍ത കോപ്പികള്‍ പ്രസാദിന്‍റെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ സ്വന്തം കാറിൽ നിന്ന് മദ്യവും വിജിലൻസ് പിടികൂടി.  പക്ഷേ ഇയാളുടെ പേഴ്‍സിൽ 1630 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നാലെ ഇയാളുടെ വീട്ടില്‍ നടന്ന റെയ്‍ഡില്‍ 69,000 രൂപയും സ്ഥലം വാങ്ങിയതിന്‍റെ ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെടുത്തു. സമീപകാലത്തായി വാങ്ങിയ ലക്ഷങ്ങളുടെ വില മതിക്കുന്ന സ്ഥലത്തിന്റെ രേഖകളും അവിടെ പണിയുന്ന വീടിന്റെ പ്ലാനും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഴുവര്‍ഷമായി മോട്ടോര്‍വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനാണ് കരിവെള്ളൂര്‍ തെരു സ്വദേശിയായ പ്രസാദ്. കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ സബ് ആര്‍ടി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദേശീയപാതയില്‍ വെള്ളൂർ പോസ്റ്റോഫീസിന് എതിർവശത്ത് സ്വകാര്യ വ്യക്തിയുടെ കോംപ്ലക്‌സിലാണ് ഈ ആർടി ഓഫീസിന്‍റെ പ്രവര്‍ത്തനം. ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിനിടെ പയ്യന്നൂർ ആർടിഒ വിഭാഗത്തിനെതിരെ ഗുരുതര പരാതികളാണ് ഉയരുന്നത്. 

click me!