സർക്കാർ ജീവനക്കാർക്കായി 25000 ഇ സ്‍കൂട്ടറുകള്‍ വാങ്ങാന്‍ ആന്ധ്ര

By Web TeamFirst Published Jul 18, 2021, 3:07 PM IST
Highlights

ആദ്യ ഘട്ടം എന്ന നിലയിലിലാണ് 25000 ഇ സ്‍കൂട്ടറുകൾ വാങ്ങുന്നതെന്നും ആവശ്യമെങ്കിൽ വാങ്ങുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും ആന്ധ്രാ പ്രദേശ് സർക്കാർ വ്യക്തമാക്കുന്നു

സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനായി 25000 ഓളം ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾ വാങ്ങാൻ ഒരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.  ഇതിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റിഡും (സിഇഎസ്എൽ) ന്യൂ ആൻഡ് റിന്യൂവബ്ൾ എനർജി ഡവലപ്മെന്റ് കോർപറേഷൻ ഓഫ് ആന്ധ്ര പ്രദേശും (എൻആർഇഡിസിഎപി) തമ്മില്‍ കരാറിലെത്തിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 25,000 ഇ സ്‍കൂട്ടറുകൾ വാങ്ങാനാണ് ഈ കറാറ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഘട്ടം എന്ന നിലയിലിലാണ് 25000 ഇ സ്‍കൂട്ടറുകൾ വാങ്ങുന്നതെന്നും ആവശ്യമെങ്കിൽ വാങ്ങുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും ആന്ധ്രാ പ്രദേശ് സർക്കാർ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും ഇ സ്‍കൂട്ടറുകൾ വാങ്ങുന്നതെന്ന് സംസ്ഥാന ഊർജ മന്ത്രി ബലിനേനി ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കി. ഇന്ധന വില ഒഴിവാകുന്നതു മൂലമുള്ള സാമ്പത്തിക നേട്ടത്തിനു പുറമെ കൂടുതൽ പേർ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങിക്കാന്‍ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

പദ്ധതിയുടെ പങ്കാളിയാവുന്നതിൽ സന്തോഷമുണ്ടെന്നും കൂടുതൽ വൈദ്യുത വാഹനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും മറ്റു സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകയാണ് ഇതെന്നും  സി ഇ എസ് എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മഹുവ ആചാര്യ പറഞ്ഞു.  ഈ നീക്കം സംസ്ഥാനത്തെ മലിനീകരണ വിമുക്തമായ സഞ്ചാര സാധ്യതയിൽ പുത്തൻ ചുവടുവയ്പ്പാണെന്ന് എൻആർഇഡിസിഎപി ചെയർമാൻ ശ്രീകാന്ത് നാഗുലപ്പള്ളി പറഞ്ഞു. സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഗ്രാമ, വാർഡ് സെക്രട്ടേറിയറ്റ് ജീവനക്കാരെയുമൊക്കെ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കാൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. 

കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡും എനർജി ഡവലപ്മെന്റ് കോർപറേഷൻ ഓഫ് ആന്ധ്ര പ്രദേശും തമ്മിലുള്ള കരാർ അനുസരിച്ച്  ഉദ്യോഗസ്ഥർക്ക് ആവശ്യമുള്ള വൈദ്യുത വാഹനങ്ങളുടെ എണ്ണം കണക്കാക്കാനും  ഇവ വിന്യസിക്കാനുമുള്ള നടപടികളും ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യ വികസനവുമൊക്കെ സി ഇ എസ് എല്ലും എൻ ആർ ഇ ഡി സി എ പിയും ചേർന്നാവും നിർവഹിക്കുക. സി ഇ എസ് എൽ തയാറാക്കുന്ന പെയ്മെന്റ് സെക്യൂരിറ്റി സംവിധാനം എൻ ആർ ഇ ഡി സി എ പി നടപ്പാക്കും. സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ അടക്കം വൈദ്യുത ഇരുചക്രവാഹനത്തിന്റെ വില പ്രതിമാസത്തവണ(ഇ എം ഐ)കളായാവും സർക്കാർ ജീവനക്കാരോട് ഈടാക്കുക. വാഹനങ്ങൾക്ക് മൂന്നു വർഷത്തെ വാറന്റിയും ലഭ്യമാക്കുമെന്നും കൂടാതെ ബാറ്ററിക്ക് മൂന്നു വർഷം അഥവാ 60,000 കിലോമീറ്റർ നീളുന്ന വാറന്റിയും നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!