ഇത് സ്റ്റീഫൻ നെടുമ്പിള്ളിയുടെ വില്ലീസ് ജീപ്പ്; അമൃതേഷിന് വേണ്ടി അരുൺകുമാർ നിർമ്മിച്ച മിനിയേച്ചർ!

By Web TeamFirst Published Jun 28, 2020, 4:30 PM IST
Highlights

മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിലെ വില്ലീസ് ജീപ്പാണ് ഇപ്പോഴത്തെ നിർമ്മിതി. ലൂസിഫറിലെ വില്ലീസ് ജീപ്പിന്റെ ഒരു ചെറുപതിപ്പാണിതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. മാത്രമല്ല, നെടുമ്പള്ളി എന്ന് തന്നെയാണ് ഈ കുട്ടിജീപ്പിന്റെ പേരും.

ഇടുക്കി: മക്കൾക്ക് കളിക്കാൻ വേണ്ടി ഒരു കുഞ്ഞ് ഓട്ടോറിക്ഷ നിർമ്മിച്ചു കൊടുത്ത അച്ഛനാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ അരുൺകുമാർ. ആ ഓട്ടോറിക്ഷയുടെ പേര് സുന്ദരി എന്നായിരുന്നു. ഏയ് ഓട്ടോ എന്ന ലാൽ ചിത്രത്തിലെയായിരുന്നു സുന്ദരി ഓട്ടോ. ഇപ്പോഴിതാ മറ്റൊരു ലാൽ ചിത്രത്തിലെ വാഹനവുമായി എത്തിയിരിക്കുകയാണ് വീണ്ടും അരുൺ കുമാർ. ഇത്തവണ കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി അമൃതേഷിന് വേണ്ടിയാണ് മിനിയേച്ചർ നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിലെ വില്ലീസ് ജീപ്പാണ് ഇപ്പോഴത്തെ നിർമ്മിതി. ലൂസിഫറിലെ വില്ലീസ് ജീപ്പിന്റെ ഒരു ചെറുപതിപ്പാണിതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. മാത്രമല്ല, നെടുമ്പള്ളി എന്ന് തന്നെയാണ് ഈ കുട്ടിജീപ്പിന്റെ പേരും.

തന്റേ ഫേസ്ബുക്ക് പേജിലാണ് അരുൺകുമാർ ജീപ്പിന്റെ ഇപ്പോഴത്തെ ഉടമയ്ക്കൊപ്പം ഫോട്ടോ പങ്ക‌ുവച്ചിരിക്കുന്നത്. വില്ലീസ് ജീപ്പിന്റെ നിർമ്മാണവും ഉപയോ​ഗിച്ച വസ്തുക്കളും വിവരിച്ചു കൊണ്ട് ഫേസ്ബുക്കിൽ വീഡിയോയും അപ് ചെയ്തിട്ടുണ്ട്. ഏകദേശം ഏട്ട് മാസത്തോളം സമയമെടുത്താണ് ഈ വർക്ക് പൂർത്തീകരിച്ചതെന്ന് അരുൺകുമാർ പറയുന്നു. 75 കിലോ ഭാരമുണ്ട് ഈ മിനിയേച്ചർ നിർമ്മിതിക്ക്. വീടിനകത്തും പുറത്തും റോഡിലും ഓടിച്ചു കൊണ്ട് നടക്കാവുന്നതാണിത്. ജീപ്പിലെ പാർട്ട്സിൽ മിക്കതും അരുൺകുമാർ സ്വയം നിർമ്മിച്ചെടുത്തതാണെന്നാണ് മറ്റൊരു പ്രത്യേകത.  

ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സ് ആയി ജോലി ചെയ്യുകയാണ് അരുൺകുമാർ. ഏഴരമാസം എടുത്താണ് അരുണ്‍ സുന്ദരി ഓട്ടോയുടെ നിർമാണം പൂർത്തിയാക്കിയത്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ഓട്ടോറിക്ഷയുടെ നിർമ്മാണം. സൺ ഡയറക്ടറിന്റെ ഡിഷ്, സ്റ്റൗ തുടങ്ങിയ വസ്തുക്കളാണ് പ്രധാനമായും ഓട്ടോ നിർമ്മിക്കാൻ ഉപയോഗിച്ചത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ മിനിയേച്ചർ വില്ലീസ് ജീപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 
 

click me!