പ്രതിസന്ധി രൂക്ഷം; അശോക് ലെയ്‍ലാന്‍ഡ് പ്ലാന്‍റ് അടച്ചു

By Web TeamFirst Published Sep 6, 2019, 2:49 PM IST
Highlights

വാഹനവിപണിയിലെ കനത്ത പ്രതിസന്ധിക്കിടെ പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‍ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്‍റ് അടച്ചു

ചെന്നൈ: വാഹനവിപണിയിലെ കനത്ത പ്രതിസന്ധിക്കിടെ പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‍ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്‍റ് അഞ്ച് ദിവസത്തേക്ക് അടച്ചു. പുതുതായി അഞ്ച് ദിവസങ്ങൾ പ്ലാന്റിൽ യാതൊരു പ്രവർത്തനവും നടക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി അഞ്ചു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി സെപ്റ്റംബര്‍ 11 വരെ കമ്പനി പ്രവര്‍ത്തിക്കില്ല. അതേസമയം ഈ അഞ്ച് ദിവസങ്ങളിൽ തൊഴിലാളികൾക്ക് എത്ര രൂപ വേതനം നൽകണമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്.

ചരക്കുവാഹനങ്ങളുടെ വിപണിയിലുണ്ടായിരിക്കുന്ന വലിയ തളർച്ചയാണ് ഇതിന് കാരണമായതെന്നാണ് വിവരം. രാജ്യത്താകമാനം വാഹന വിപണിയിൽ വിൽപ്പന ഇടിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്തുള്ള അശോക് ലെയ്‍ലാന്‍ഡിന് 70 ശതമാനം കുറവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ട്. 2018 ആഗസ്റ്റില്‍ അശോക് ലെയ്‍ലാന്‍ഡിന്‍റെ വില്‍പ്പന 11, 135 യൂണിറ്റുകളായിരുന്നെങ്കില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അത് 3,336 യൂണിറ്റുകളായി കുറഞ്ഞു. 

ഈ ഓഗസ്റ്റില്‍ ഇന്ത്യയിലെ നാല് പ്രധാന മീഡിയം ഹെവി ഡ്യൂട്ടി വാഹന നിര്‍മാതാക്കളുടെ മൊത്ത വില്‍പ്പനയില്‍ 59.50 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രക്ക് നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റയുടെ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ഈ കമ്പനികളുടെ വില്‍പ്പനയിടിവിന്‍റെ ഞെട്ടലിലാണ് വാഹനലോകം. 

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന വളര്‍ച്ചാ മുരടിപ്പ് ചരക്ക് നീക്ക സംവിധാനത്തില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്‍റെ സൂചനകളാണ് ട്രക്ക് വില്‍പ്പനയിലുണ്ടായ കുറവില്‍ പ്രതിഫലിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 
 

click me!