യൂറോപ്യന്‍ വിപണി കീഴടക്കി ഔഡി ഇ ട്രോൺ

Web Desk   | Asianet News
Published : Jul 21, 2020, 12:42 PM IST
യൂറോപ്യന്‍ വിപണി കീഴടക്കി ഔഡി ഇ ട്രോൺ

Synopsis

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ്  ഇ ട്രോൺ

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ്  ഇ ട്രോൺ. രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ ഈ വാഹനത്തിന് യൂറോപ്പില്‍ മികച്ച വില്‍പ്പനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ 17,641 യൂണിറ്റ് വിൽപ്പനയാണ്  ഇ ട്രോൺ നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇ ട്രോൺ വിൽപനയിൽ 87% വളർച്ചയുണ്ടെന്നും വൈദ്യുത എസ്‍യുവി വിഭാഗത്തിൽ ആഗോളതലത്തിൽ തന്നെ ഇ ട്രോൺ മുന്നിലാണെന്നും കമ്പനി വ്യക്തമാക്കുന്നു. 

 വിൽപന പരിഗണിച്ചാൽ നോർവേയാണ് ‘ഇ ട്രോണി’ന്റെ പ്രധാന വിപണി. രാജ്യത്തെ ഔഡി കാർ വിൽപനയിൽ 92 ശതമാനവും ഇ ട്രോൺ ആണ്. ഐസ്ലൻഡിൽ വിൽക്കുന്ന ഔഡികളിൽ 93% ആണ് ഇ ട്രോണിന്റെ വിഹിതം. സ്വീഡനിൽ വിൽക്കുന്ന ഔഡികളിൽ 12 ശതമാനവും ഇസ്രയേലിലെ ഔഡി വിൽപനയിൽ 14 ശതമാനവും ഇ ട്രോണിന്റെ സംഭാവനയാണ്. അടുത്ത വർഷം ഇ ട്രോൺ വൈദ്യുത വാഹന ശ്രേണിയിൽ ക്യു ഫോർ ഇ ട്രോൺ, ഇ ട്രോൺ ജി ടി എന്നിവ അവതരിപ്പിക്കാനാണ് ഔഡിയുടെ പദ്ധതി. 

ഇ ട്രോൺ സ്പോർട് ബാക്ക്, ഇ ട്രോൺ എസ്, ഇ ട്രോൺ സ്പോർട് ബാക്ക് എസ് എന്നിങ്ങനെയാണ് ഇ ട്രോണ്‍ ശ്രേണി. മുന്തിയ വകഭേദമായ ഇ ട്രോൺ 55 ഒറ്റത്തവണ ചാർജ് ചെയ്താൽ 436 കിലോമീറ്റർ ഓടും. 446 കിലോമീറ്ററാണ് സ്പോർട്ബാക്കിന്റെ റേഞ്ച്.. ആക്സിലുകൾക്ക് ഇടയിൽ ഘടിപ്പിച്ച 95 കിലോവാട്ട് അവർ, ലിക്വിഡ് കൂൾഡ്, ലിതിയം അയോൺ ബാറ്ററിയാണ് ഇ ട്രോണിന്‍റെ ഹൃദയം. ഓരോ ആക്സിലിലുമായി രണ്ട് വൈദ്യുത മോട്ടോറാണ് ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. 265 കിലോവാട്ട് കരുത്തും 561 എൻ എം ടോർക്കുമാണ് ഈ മോട്ടോറുകൾ സൃഷ്ടിക്കുക. 

6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി.  ഇ ട്രോണിന്റെ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്. കാറിലെ ബൂസ്റ്റ് ഫംക്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ പരമാവധി കരുത്ത് 300 കിലോവാട്ടായും ടോർക്ക് 664 എൻ എമ്മായും ഉയരും. ഇതോടെ വെറും 5.7 സെക്കൻഡിൽ കാർ 100 കിലോമീറ്റർ വേഗം കൈവരിക്കും. ഫോക്‌സ്‌വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തിലെ സ്‌ക്രീനില്‍ ദൃശ്യമാക്കും.  അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്. 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 2018 ഓഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഈ വാഹനം ആദ്യമായി അരങ്ങിലെത്തിയത്.  2019 അവസാനത്തോടെ ഇന്ത്യയിലും ഇ - ട്രോണ്‍ എത്തുമെന്നും ഏകദേശം 66.92 ലക്ഷം രൂപ മുതലായിരിക്കും ഇന്ത്യയില്‍ വാഹനത്തിന്റെ പ്രാരംഭവില എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണങ്ങളൊന്നും ഇല്ല.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം